Begin typing your search above and press return to search.
ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു, എടിഎമ്മുകള്‍ ഓര്‍മ്മയാകുന്ന കാലം വരുമോ
2016ലെ നോട്ട് നിരോധനകാലത്ത് എടിഎമ്മുകളുടെ മുമ്പില്‍ ക്യൂ നിന്നത് ഒരു മലയാളിയും മറക്കില്ല. എന്നാല്‍ കാലം മാറി. വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മളില്‍ പലരും ഗൂഗിള്‍ പേയിലേക്കും ഫോണ്‍പേയിലേക്കും മറ്റ് ബാങ്കിംഗ് ആപ്പുകളിലേക്കും ചേക്കേറി. കൊവിഡ് കാലത്ത് ഇത്തരം പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നു.
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വഴിയോര കച്ചവടക്കാര്‍ പോലും ക്യൂആര്‍ കോഡുമായാണ് ഇരിക്കുന്നത്. കേരളത്തില്‍ നഗരങ്ങളില്‍ പോലും ക്യൂആര്‍ കോഡ് വ്യാപകമല്ല. അതുകൊണ്ട് തന്നെ നാട്ടിലെ പലചരക്ക് കടയില്‍ കൊടുക്കാനുള്ള കാശിനായും, സ്വശ്രയ സംഘങ്ങളിലെ ആഴ്ച ചിട്ടിക്കായും ഒക്കെ പലരും ഇപ്പോഴും എടിഎമ്മിനെ ആശ്രയിക്കുന്നവര്‍ തന്നെയാണ.് എടിഎം സര്‍വീസുകള്‍ വീട്ടില്‍ വന്ന് ചെയ്തു തരുന്ന എയ്‌സ് മണി പോലുള്ള സ്റ്റാര്‍ട്ടപ്പുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ഡിജിറ്റല്‍ ഇടപാടുകളുടെ, ഫിന്‍ടെക്ക് ആപ്പുകളുടെ ഈ കാലത്ത് എടിഎമ്മുകളുടെ ഭാവി എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ. അതിനുള്ള ഉത്തരം നിങ്ങളുടെ സമീപത്തെ എടിഎമ്മുകള്‍ പറയും. പല സ്വകാര്യ ബാങ്കുകളുടെയും ശഖകളോട് ചേര്‍ന്ന എടിഎമ്മുകള്‍ പോലും പൂട്ടിയിട്ടിരിക്കുകയാണ്. ഇനി പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ചിലപ്പോള്‍ വലിയ തുകകള്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. സ്ഥിരമായി പണം കിട്ടാത്ത അനുഭവം ഉള്ളതുകൊണ്ട് അക്കൗണ്ട് ഏത് ബാങ്കിലായാലും എസ്ബിഐയുടേയോ ഫെഡറല്‍ ബാങ്കിന്റേയോ എടിഎമ്മുകളില്‍ മാത്രം പോകുന്നവരുമുണ്ട്.
ആളുകള്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറിയതും പരിപാലന ചെലവ് ഉയര്‍ന്നതും എടിഎം നടത്തിപ്പില്‍ ബാങ്കുകളുടെ താല്‍പ്പര്യം കുറച്ചു. എടിഎം ഫീസ് ഘടന അവലോകനം ചെയ്യാന്‍ രൂപീകരിച്ച കമ്മിറ്റി 2019 ഒക്ടോബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു എടിഎം പരിപാലിക്കാന്‍ ബാങ്കുകള്‍ക്ക് ഒരുമാസം 75,000 മുതല്‍ 80,000 രൂപ വരെ ചെലവാകുന്നു എന്നാണ്.
എടിഎമ്മുകളിലുള്ള ബാങ്കുകളുടെ ശ്രദ്ധ കുറഞ്ഞപ്പോഴാണ് ഈ ഒക്ടോബര്‍ മുതല്‍ മാസത്തില്‍ ആകെ 10 മണിക്കൂറില്‍ കൂടുതല്‍ പണമില്ലാതിരിക്കുന്ന എടിഎമ്മുകളുടെ ഉടമകളായ ബാങ്കുകളില്‍ നിന്ന് 10000 രൂപ പിഴ ഈടാക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. പിഴ ഏര്‍പ്പെടുത്തുന്നത് മൂലം അധികം ഇടപാടുകള്‍ നടക്കാത്ത എടിഎമ്മുകള്‍ അടച്ചുപൂട്ടാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായേക്കും.
2022 ജനുവരി മുതല്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന നിരക്ക് ഉയര്‍ത്താനും ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്.
സ്വന്തം ബാങ്ക് എടിഎമ്മില്‍ നിന്നുള്ള അഞ്ചില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക് 20 രൂപയാണ് ഈടാക്കുക. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലൂടെ മെട്രോ നഗരങ്ങളില്‍ മൂന്ന് തവണയും മറ്റിടങ്ങളില്‍ അഞ്ചുതവണയും സൗജന്യമായി ഇടപാട് നടത്താം. ഏഴു വര്‍ഷത്തിന് ശേഷമുള്ള ഈ നിരക്ക് വര്‍ധന സ്ഥിരമായി എടിഎമ്മുകളെ ആശ്രയിക്കുന്നവരെ ഡിജിറ്റലിലേക്ക് മാറന്‍ പ്രേരിപ്പിച്ചേക്കാം.
കുറഞ്ഞുവരുന്ന എടിഎമ്മുകള്‍
ഒരു മാസം ഏകദേശം 26,000 ബില്യണ്‍ രൂപയുടെ ഇടപാടുകളാണ് എടിഎമ്മുകളിലൂടെ രാജ്യത്ത് നടക്കുന്നത്. ഒരു ലക്ഷം പേര്‍ക്ക് 28 എടിഎം എന്നതാണ് ഇന്ത്യയിലെ കണക്ക്. ആഗോള ശരാശരി ഒരു ലക്ഷത്തിന് 50 എടിഎം മെഷീനുകള്‍ ആണെന്നിരിക്കെ ഇത് എത്രത്തോളം കുറവാണെന്ന് ഊഹിക്കാവുന്നതാണ്.
ചൈനയില്‍ ഒരു ലക്ഷം പേര്‍ക്ക് 98ഉം ബ്രസീലില്‍ 105ഉം എടിഎമ്മുകള്‍ ഉണ്ട്. മറ്റ് രാജ്യങ്ങളില്‍ എടിഎമ്മുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയിലെ നേരെ തിരിച്ചാണ്. 2017ന് ശേഷം രാജ്യത്ത് സ്ഥാപിക്കപ്പെടുന്ന എടിഎമ്മുകളുടെ എണ്ണവും കുറഞ്ഞു.
2014 മുതലുള്ള രാജ്യത്തെ എടിഎം ഉപയോഗം കണക്കിലെടുത്താല്‍ ഇടപാടുകളും ഗണ്യമായി കുറയുന്നത് കാണാം. 2014ല്‍ 82.1 ശതമാനം ആയിരുന്ന എടിഎം ഉപയോഗം 2021ല്‍ 15.9 ശതമാനം ആയി കുറഞ്ഞു. ഇന്ന് നടക്കുന്ന ആകെ പണമിടപാടുകളില്‍ 65.8 ശതമാനം മൊബൈല്‍ ബാങ്കിങ്ങിലൂടെയും 10.4 ശതമാനം മൊബൈല്‍ വാലറ്റുകളിലൂടെയും ആണ്.
കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഇറക്കിയ കുറിപ്പില്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ ജിയോ ടാഗിങ് അടക്കം നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതലുള്ള പ്രഖ്യാപിത ലക്ഷ്യം കൂടിയാണ് സര്‍വ്വ മേഖലയിലുമുള്ള ഡിജിറ്റലൈസേഷന്‍. 2020ല്‍ ആകെ ഇടപാടുകളില്‍ എടിഎമ്മിന്റെ വിഹിതം 26.7 ശതമാനം ആയിരുന്നതാണ് 2021ല്‍ 10.8 ശതമാനം കുറഞ്ഞത്. ഇതേ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ അധികം താമസിയാതെ രാജ്യത്തെ എടിഎം കൗണ്ടറുകളുടെ എണ്ണം നാമമാത്രമായി മാറും.
Next Story
Videos