ഇനി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമാകുമോ എന്ന പേടി വേണ്ട, ഡിജി ലോക്കര്‍ ഉപയോഗിക്കാം

കേരളത്തില്‍ വെള്ളപ്പൊക്ക സമയത്ത് അഭിമുഖീകരിച്ച പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുടെ ഒരു പരിധിവരെയുള്ള പരിഹാരമാണ് ഡിജിലോക്കര്‍ (Digi Locker) സംവിധാനം. രണ്ടായിരത്തിലെ ഐടി ആക്റ്റ് (Information Technology Act, 2000) അനുസരിച്ച് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യത ഡിജി ലോക്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ലഭ്യമാണ്.

ആധാര്‍ കാര്‍ഡ്, കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, എല്‍ഐസി പോളിസി തുടങ്ങി അനേകം പ്രധാനപ്പെട്ട സാമ്പത്തിക രേഖകള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നു. അനേകം രേഖകള്‍ ഓരോ ദിവസവും പുതുതായി ഡിജിലോക്കര്‍ സംവിധാനത്തില്‍ വന്നു കൊണ്ടിരിക്കുന്നു.

ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വച്ച് നഷ്ടപ്പെടും എന്ന ചിന്ത ഇനി ഓര്‍മകളില്‍ മാത്രമായിരിക്കും. അതുമാത്രമല്ല, ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കല്‍ സാധ്യവുമല്ല. താഴെപ്പറയുന്ന വെബ്‌സൈറ്റില്‍ പോയി സാധാരണ വിവരങ്ങള്‍ നല്‍കി ഒരു അക്കൗണ്ട് ഉണ്ടാക്കി (സൈന്‍ അപ്/ Sign Up)ഡിജി ലോക്കര്‍ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതാണ്.

www.digilocker.gov.in

ആധാര്‍ നമ്പര്‍, പേര്, ജനനതീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയ്ല്‍ ഐഡി, മൊബൈല്‍ ഒടിപി (OTP) തുടങ്ങിയ വിവരങ്ങള്‍ മാത്രമാണ് കൊടുക്കേണ്ടി വരുന്നത്. നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഡിജി ലോക്കര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കും. അക്കൗണ്ട് ഉണ്ടാക്കിയാല്‍ മൊബൈല്‍ ഒ ടി പി, അക്കൗണ്ട് സെക്യൂരിറ്റി പിന്‍ എന്നിവ ഉപയോഗിച്ച് സൈന്‍- ഇന്‍ (Sign In) ചെയ്യാന്‍ സാധിക്കുന്നതാണ്. അവിടെയും ഒരു ഒ ടി പി കൊടുക്കേണ്ടതായി വരും.

തുടര്‍ന്ന് ബ്രൗസ് ഡോക്യുമെന്റ്‌സ് (Browse Documents) എന്ന മെനുവില്‍ പോയി സര്‍ട്ടിഫിക്കറ്റുകള്‍ (വ്യത്യസ്ത വകുപ്പുകള്‍ നല്‍കിയത്) നിങ്ങളുടെ ഡിജി-ലോക്കര്‍ സംവിധാനത്തില്‍ അപ്ലോഡ് ചെയ്ത് സൂക്ഷിക്കാം. Digi Locker സംവിധാനം ഇത്തരത്തില്‍ ആക്റ്റീവ് ആക്കാം.

ജനനതീയതി, നമ്പര്‍ (ഉദാ: ആധാര്‍ നമ്പര്‍, പോളിസി നമ്പര്‍) തുടങ്ങിയ അടിസ്ഥാനകാര്യങ്ങള്‍ മാത്രമാണ് നല്‍കേണ്ടി വരുന്നത്. ഇങ്ങനെ ചെയ്താല്‍ 'Issued Documents' എന്ന വിഭാഗത്തില്‍ അപ്ലോഡ് ആയ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം കാണാനും സാധിക്കും. ഇവയെല്ലാം ഡിജി-ലോക്കര്‍ ഡോക്യുമെന്റ്‌സ് ആണ്.

ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി വരുന്ന പ്രധാനപ്പെട്ട ഒരു സംവിധാനമാണ് ഡിജി ലോക്കര്‍. ബാങ്കിംഗ്/ ഫിനാന്‍സ് രംഗത്ത് താഴെപ്പറയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ഡിജി ലോക്കറുകളില്‍ ഡിജിറ്റല്‍ ആക്കി സൂക്ഷിക്കാനുള്ള സംവിധാനമുണ്ട്.

1. ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍.

2. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍.

3. ഫോം 16/16A SBI ലഭ്യമാക്കുന്നു.

4. ആദായ നികുതി വകുപ്പിന്റെ പാന്‍കാര്‍ഡ്.

5.ഐസിഎഐ (Institute of Chartered Accountants of India) യുടെ ഐഡി കാര്‍ഡ്.

6. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍.

Related Articles
Next Story
Videos
Share it