മാസം നാലു കഴിഞ്ഞു, 70 കഴിഞ്ഞവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപനം എവിടെയെത്തി? കേരളത്തില്‍ അനക്കമില്ല

സെപ്റ്റംബര്‍ 11 നാണ് കേന്ദ്ര സര്‍ക്കാര്‍ 70 വയസിന് മുകളിലുളളവരെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചത്

70 വയസിന് മുകളിലുളള എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കേരളത്തില്‍ അനക്കമില്ല. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 11 നാണ് കേന്ദ്രസര്‍ക്കാര്‍ 70 വയസിന് മുകളിലുളളവരെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചത്. പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിട്ടും പദ്ധതിക്ക് യാതൊരു പുരോഗതിയും സംസ്ഥാനത്ത് ഇല്ല.
വികസിത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സംരക്ഷണം നല്‍കുന്നത് വയോജനങ്ങള്‍ക്കാണ്. ആരോഗ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ നിരവധി ആനുകൂല്യങ്ങളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പൗരന്റെ അടിസ്ഥാന അവകാശങ്ങളില്‍പ്പെട്ടതാണ് ആരോഗ്യ സംരക്ഷണം. ആരോഗ്യമുളള കാലത്ത്
വയോജനങ്ങള്‍
നാടിനും കുടുംബത്തിനും വേണ്ടിയാണ് കഷ്ടപ്പെടുന്നത്. വൃദ്ധരായി വരുമാനം ഇല്ലാതാകുകയോ കുറയുകയോ ചെയ്യുന്ന സമയത്ത് സര്‍ക്കാരുകളായിരിക്കണം ഇവരെ സംരക്ഷിക്കേണ്ടതെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

വ്യക്തതയില്ല

കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംബന്ധിച്ച് വ്യക്തത നല്‍കണം എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയില്‍ കേന്ദ്രത്തിന്റെ വിഹിതം എത്രയാണ്, സംസ്ഥാനത്തിന്റെ വിഹിതം എത്രയാണ് തുടങ്ങിയവ സംബന്ധിച്ചും പദ്ധതി നടപ്പാക്കുന്നത് എങ്ങനെയാണ് എന്നത് സംബന്ധിച്ചും വ്യക്തത ലഭിക്കേണ്ടതുണ്ട്. പദ്ധതി സംബന്ധിച്ച്
കേന്ദ്ര സര്‍ക്കാര്‍
കൃത്യമായ സാമ്പത്തിക നയം പ്രഖ്യാപിക്കാതെ പദ്ധതി നടപ്പാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പദ്ധതിയില്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുളള അറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ഒരു സര്‍വെ നടത്തി 60 വയസ് കഴിഞ്ഞവരെ കണ്ടെത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ മരുന്നുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നല്‍കുന്നതിന് അധികൃതര്‍ മുന്‍കൈ എടുക്കണമെന്ന് ഇന്‍ഷുറന്‍സ് വിദഗ്ധനും എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ വിശ്വനാഥന്‍ ഒഡാട്ട് പറയുന്നു. അവരുടെ പ്രശ്നം പഠിച്ച് ഡയറ്റീഷ്യന്‍മാരുടെ സഹായത്തോടെ ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍, കൗണ്‍സിലിംഗ്, ബി.പി, പ്രമേഹം തുടങ്ങിയ ആവശ്യമുളള മരുന്നുകള്‍ എന്നിവ ലഭ്യമാക്കുന്ന സേവനം അവതരിപ്പിക്കേണ്ടതുണ്ട്. പ്രായമായവര്‍ക്ക് വേണ്ടി വിവിധ സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന അവസ്ഥയാണ് നിലവിലുളളത്.
പദ്ധതിയില്‍ ഉള്‍പ്പെടുത്താനുളള അക്രിഡേറ്റഡ് ആശുപത്രികളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നല്‍കിയിട്ടില്ലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. വെബ്സൈറ്റില്‍ കയറി രജിസ്ട്രേഷന്‍ നടത്താന്‍ ആളുകള്‍ക്ക് സാധിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏകദേശം 4.5 കോടി കുടുംബങ്ങൾക്കും ആറ് കോടി മുതിർന്ന പൗരന്മാർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 70 വയസു കഴിഞ്ഞവർക്കുള്ള 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 20 ലക്ഷം കുടുംബങ്ങളിലെ 26 ലക്ഷം പേർക്കു ലഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു നൽകിയ കത്തില്‍ വ്യക്തമാക്കിയത്.

സാമ്പത്തിക സമ്മർദ്ദം

പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (പി.എം-ജെ.എ.വൈ) കേരളത്തില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെ.എ.എസ്.പി) എന്ന പേരിലാണ് നടപ്പാക്കുന്നത്. പി.എം-ജെ.എ.വൈ പദ്ധതികളുടെ നടത്തിപ്പ് ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പങ്കിടേണ്ടതാണ്. 2019 ഏപ്രിൽ 1 ന് സംസ്ഥാനത്ത് പദ്ധതി ആരംഭിച്ചതു മുതല്‍ 2024 ഓഗസ്റ്റ് 31 വരെ കേരളത്തിലെ ആശുപത്രികൾക്ക് 4,709.3 കോടി രൂപയാണ് ചെലവായത്. ആശുപത്രികൾക്ക് നൽകാനുള്ള ഈ തുകയിൽ കേന്ദ്രത്തിൻ്റെ വിഹിതം 777.9 കോടിയും സംസ്ഥാനത്തിൻ്റേത് 3,919.5 കോടിയുമാണ്. ആനുപാതികമല്ലാത്ത സാമ്പത്തിക സമ്മർദ്ദം സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നുവെന്ന വാദവും ഈ അവസരത്തില്‍ ഉന്നയിക്കപ്പെടുന്നു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ഏകദേശം 42 ലക്ഷം കുടുംബങ്ങളാണ് നിലവിൽ കെ.എ.എസ്.പി യുടെ കീഴിലുളളത്. കേന്ദ്രത്തിൻ്റെ മാനദണ്ഡങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കണക്കാക്കുന്നത് ഏകദേശം 24 ലക്ഷം കുടുംബങ്ങളെ മാത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ 24 ലക്ഷം കുടുംബങ്ങളുടെ കാര്യത്തിൽ മാത്രമാണ് കേന്ദ്രം പി.എം-ജെ.എ.വൈ യുടെ ഭാരം പങ്കിടുന്നത് എന്നത് ശ്രദ്ധേയമാണ്. ബാക്കിയുള്ള ഗുണഭോക്താക്കളുടെ കാര്യത്തിൽ തുകയുടെ 100 ശതമാനം സംസ്ഥാനം കൈകാര്യം ചെയ്യുന്നു.
70 കഴിഞ്ഞവരുടെ രജിസ്ട്രേഷൻ നടപടികള്‍ ഇപ്രകാരമാണ്. ദേശീയ ആരോഗ്യ അതോറിറ്റിയുടെ വെബ്സൈറ്റിലോ (www.beneficiary.nha.gov.in) ആയുഷ്മാൻ ഭാരതിന്റെ മൊബൈൽ ആപ്ലിക്കേഷനിലോ രജിസ്റ്റർ ചെയ്യാം. ഇതിന് ആധാർ മാത്രം മതി. രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായി ആധാറുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒടിപി വരും.

70 വയസ് കഴിഞ്ഞ ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ ഒരു കുടുംബത്തില്‍ ഉണ്ടെങ്കില്‍, പ്രായമുള്ള ആദ്യത്തെ കുടുംബാംഗത്തെ ചേർത്ത ശേഷം എൻറോൾമെന്റ് പോർട്ടലിലെ "അംഗത്തെ ചേർക്കുക" എന്ന ഓപ്ഷന്‍ ഉപയോഗിച്ച് മറ്റ് കുടുംബാംഗങ്ങളെ സ്കീമില്‍ ചേർക്കാം. കുടുംബ അടിസ്ഥാനത്തിലാണ് 5 ലക്ഷം രൂപയുടെ കവറേജ് നൽകുന്നത്. ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ 5 ലക്ഷം രൂപയുടെ വാർഷിക പരിധി ഒരേ കുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിൽ അവർക്കിടയിൽ പങ്കിടുന്ന രീതിയിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

പി.എം-ജെ.എ.വൈ യുടെ കീഴിലുള്ള പരിരക്ഷ
യോഗ്യരായ ഓരോ കുടുംബത്തിനും പ്രതിവർഷം 5,00,000 രൂപ വരെ സൗജന്യ ചികിത്സ പി.എം-ജെ.എ.വൈ നൽകുന്നു. സ്കീമിന് കീഴിലുള്ള കവറേജിൽ ചികിത്സയുടെ ഇനിപ്പറയുന്ന ഘടകങ്ങൾക്ക് വേണ്ടിവരുന്ന എല്ലാ ചെലവുകളും ഉൾപ്പെടുന്നു.
വൈദ്യപരിശോധന, ചികിത്സ, കൺസൾട്ടേഷൻ
മരുന്നും മെഡിക്കൽ ഉപഭോഗവസ്തുക്കളും
തീവ്രമല്ലാത്തതും തീവ്രപരിചരണ സേവനങ്ങളും
രോഗനിർണയ, ലബോറട്ടറി പരിശോധനകൾ
മെഡിക്കൽ ഇംപ്ലാന്റേഷൻ സേവനങ്ങൾ (ആവശ്യമെങ്കിൽ)
താമസ ആനുകൂല്യങ്ങൾ
ഭക്ഷണ സേവനങ്ങൾ
ചികിത്സയ്ക്കിടെ ഉണ്ടാകുന്ന സങ്കീർണതകൾ
മൂന്നു ദിവസം വരെ പ്രീ ഹോസ്പിറ്റലൈസേഷന്‍ സേവനങ്ങള്‍
15 ദിവസം വരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ശേഷമുള്ള തുടർ പരിചരണം
അടുത്ത ബജറ്റ് കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരിയില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. കേരളത്തിലെ വയോജനങ്ങള്‍ക്ക് അത്യാവശ്യമായി ലഭ്യമാക്കേണ്ട ആരോഗ്യ പരിരക്ഷ നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചുളള നടപടികളാണ് സ്വീകരിക്കേണ്ടത്. ജീവിതത്തിന്റെ സിംഹഭാഗവും കുടുംബത്തിനും നാടിനും വേണ്ടി പ്രവര്‍ത്തിച്ച വയോജനങ്ങളുടെ സംരക്ഷണം പക്ഷേ, കൂട്ടായ ഉത്തരവാദിത്തമല്ലെന്നോ?
Sutheesh Hariharan
Sutheesh Hariharan - Chief Sub-Editor - sutheesh.hariharan@dhanam.in  
Related Articles
Next Story
Videos
Share it