മധ്യവയസില്‍ വേണം, ഇങ്ങനെയൊരു സാമ്പത്തിക ആസൂത്രണം

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സാമ്പത്തികാസൂത്രണം പ്രധാനമാണ്. എന്നാല്‍ നാല്‍പ്പതുകളിലും അമ്പതുകളിലും റിസ്‌കെടുക്കാനുള്ള കഴിവും സാമ്പത്തിക ലക്ഷ്യങ്ങളും പോര്‍ട്ട്ഫോളിയോ പ്രകടനവും പുനരവലോകനം ചെയ്യേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ കുട്ടികളുടെ ഉപരിപഠനം, വിവാഹം തുടങ്ങി ഒട്ടേറെ സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടാവും. സാമ്പത്തിക ഭാവി ഭദ്രമാക്കുന്നതിന് ഏതൊക്കെ നിക്ഷേപ അവസരങ്ങള്‍ ഉപയോഗപ്പെടുത്താം എന്നു പരിശോധിക്കേണ്ട സമയം കൂടിയാണിത്. വളരെ ബുദ്ധിമുട്ടി നിങ്ങള്‍ സമ്പാദിച്ച പണം നിങ്ങളുടെ വിശ്രമ ജീവിതത്തെ പ്രതികൂലമായി ബാധിക്കാതെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താന്‍ എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് പരിശോധിക്കാം.

നാല്‍പ്പതുകളിലെ സാമ്പത്തികാസൂത്രണം
ഇരുപതുകളിലും മുപ്പതുകളിലും മുഖ്യ സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അടിത്തറ പാകാനാണ് ശ്രമിച്ചത്. അടിയന്തിരാവശ്യങ്ങള്‍ക്കുള്ള ഫണ്ട് രൂപീകരണം, ഭദ്രമായ ക്രെഡിറ്റ് സ്‌കോര്‍, റിട്ടയര്‍മെന്റിനായുള്ള സമ്പാദ്യത്തിന് തുടക്കമിടുക എന്നീ കാര്യങ്ങളാണ് ഈ പ്രായത്തില്‍ നിര്‍വഹിച്ചത്.
വരുമാനമുണ്ടാക്കാനുള്ള കഴിവിന്റെ പാരമ്യത്തിലും കരിയറിന്റെ തുടക്കത്തിനും റിട്ടയര്‍മെന്റിനും ഇടയിലുള്ള പകുതി ദൂരത്തിലുമാണ് നിങ്ങളിപ്പോള്‍. ഇക്കാലയളവില്‍ റിസ്‌കെടുക്കാന്‍ താല്‍പ്പര്യം കുറയുന്നതായിട്ടാണ് കണ്ടുവരുന്നത്. അതിനാല്‍ റിസ്‌കെടുക്കാനുള്ള കഴിവിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കു മാറ്റം വന്നിട്ടുണ്ടെങ്കില്‍ അതനുസരിച്ച് നിങ്ങളുടെ സാമ്പത്തികാസൂത്രണ പദ്ധതികളും ക്രമീകരിക്കണം.
ലക്ഷ്യങ്ങളും മുന്‍ഗണനാക്രമവും ഒത്തുപോകുന്നുവെന്ന് ഉറപ്പാക്കുക: ലക്ഷ്യങ്ങള്‍ പുനരവലോകനം ചെയ്ത് അവ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല പരിധിയില്‍ ക്രമീകരിക്കുക. തുടര്‍ന്ന് സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് പര്യാപ്തമാകും വിധത്തില്‍ നിക്ഷേപ പോര്‍ട്ട്ഫോളിയോ പുന:ക്രമീകരിക്കുക.
കടരഹിതമായ പദ്ധതി: ഭവന വായ്പ, വാഹന വായ്പ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ 40 വയസില്‍ മിക്ക ആളുകള്‍ക്കുമുണ്ടാകും. ഈ ഘട്ടത്തില്‍ കടം കുറഞ്ഞതോ കടരഹിതമായതോ ആയ ഒരു സാമ്പത്തിക പദ്ധതിക്ക് മുന്‍തൂക്കം നല്‍കണം. കടം വീട്ടാനും സമ്പത്ത് വര്‍ധിപ്പിക്കാനും കൂടുതല്‍ പണം വകയിരുത്തണം. ഇതിനായി ബജറ്റുണ്ടാക്കുകയും ചെലവഴിക്കല്‍ ശീലത്തില്‍ മാറ്റം വരുത്തുകയും വേണം.
സമ്പത്ത് വര്‍ധിപ്പിക്കല്‍: നിക്ഷേപത്തിനൊരുങ്ങുമ്പോള്‍ റിസ്‌കെടുക്കാനുള്ള കഴിവ്, നിക്ഷേപ കാലം, നിക്ഷേപ ലക്ഷ്യം എന്നീ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. വൈവിധ്യമാര്‍ന്ന ആസ്തികളില്‍ നിക്ഷേപം നടത്തുന്നത് മികച്ച ഫലം നല്‍കും. ദീര്‍ഘകാല നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് ഏറ്റവും ലാഭകരം. ഹ്രസ്വകാല നിക്ഷേപത്തിന് മാത്രമെ സാധ്യതയുള്ളൂവെങ്കില്‍ സ്ഥിര വരുമാന നിക്ഷേപമാണ് കൂടുതല്‍ അഭികാമ്യം.
അമ്പതുകളിലെ സാമ്പത്തികാസൂത്രണം
50 വയസ് പിന്നിട്ടാല്‍ ജോലിയില്‍ നിന്ന് വിരമിക്കാന്‍ പിന്നെ അധികം വര്‍ഷങ്ങളില്ല. കരിയറില്‍ ഉടനീളം നിങ്ങള്‍ നന്നായി സമ്പാദിച്ചോ, അതോ ആവശ്യത്തിന് പണം കയ്യിലില്ലാതെയാണോ വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത് എന്ന് വിലയിരുത്തണം.
ലക്ഷ്യങ്ങള്‍ വീണ്ടും വിലയിരുത്തുക: നിര്‍ണായകമായ മാറ്റങ്ങളുടെ ഒരു പതിറ്റാണ്ടാണിത്. കുട്ടികള്‍ മുതിര്‍ന്നവരാവുകയോ കൂടുതല്‍ സ്വതന്ത്രരാവുകയോ വീട് മാറുകയോ ചെയ്തിട്ടുണ്ടാവാം. ചെലവുകളും മുന്‍ഗണനാക്രമങ്ങളും മാറുകയാണ്. ഇപ്പോഴത്തെ ജീവിത ലക്ഷ്യം വിലയിരുത്താനും സാമ്പത്തികാസൂത്രണം റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതത്തിനനുസരിച്ചു മാറ്റാനും പറ്റിയ സമയമാണിത്.
റിസ്‌ക് കൂടിയ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് സുരക്ഷിത ഇടങ്ങള്‍ തേടുക: നിലവിലുള്ള ആസ്തികളും ഭാവി ലക്ഷ്യങ്ങളും മനസില്‍ വെച്ച് റിസ്‌കെടുക്കാനുള്ള കഴിവ് വിലയിരുത്തണം. അമ്പതുകളില്‍ ഉറച്ച വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങള്‍ നിലനിര്‍ത്തുക. കൂടുതല്‍ ലാഭം നല്‍കുന്ന സ്ഥിര നിക്ഷേപങ്ങളിലേക്കു തിരിയുന്നത് പരിഗണിക്കാവുന്നതാണ്. റിട്ടയര്‍മെന്റ് പദ്ധതികളും ഗുണകരമാണ്.
അധിക വരുമാന പദ്ധതികള്‍ സൃഷ്ടിക്കുക: ഭാവിയിലേക്കായി അധിക വരുമാനത്തിനുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ നടപ്പാക്കണം. വാടകയ്ക്കു കൊടുക്കാവുന്ന കെട്ടിടങ്ങള്‍, ലാഭവിഹിതങ്ങളിലുള്ള നിക്ഷേപം എന്നിവ നമ്മുടെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ തന്നെ ലാഭം നല്‍കുന്നവയാണ്.
ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി: വാര്‍ധക്യ കാലത്ത് ആരോഗ്യത്തിനായിരിക്കണം പ്രഥമ പരിഗണന. നിങ്ങള്‍ക്ക് പൂര്‍ണമായ ലൈഫ് കവറേജുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസിയുണ്ടോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. വര്‍ധിച്ചു വരുന്ന ചികിത്സാ ചെലവുകളും ആശുപത്രി വാസവും സമ്പാദ്യം ചോര്‍ത്തും എന്നതിനാല്‍ അമ്പതുകളാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉയര്‍ത്താനും ടോപ് അപ് പദ്ധതികളിലൂടെ ശക്തമാക്കാനും പറ്റിയ സമയം.
സ്വത്തുവകകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക: സ്വത്തുവകകളുടെ പിന്തുടര്‍ച്ചാവകാശം ആസൂത്രണം ചെയ്യുക. അതിന് വില്‍പത്രം തയാറാക്കേണ്ടത് ആവശ്യമാണ്. ഇ-വില്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ചികിത്സാ കാര്യത്തിനും ധനപരമായ കാര്യങ്ങള്‍ക്കും പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിക്കൊണ്ടുള്ള രേഖയും ഉണ്ടാക്കണം. സാമ്പത്തികാസൂത്രണം ജീവിത ലക്ഷ്യങ്ങളിലേക്കുള്ള യാത്രയാണ്. വയസ് കൂടുന്തോറും സാമ്പത്തിക പദ്ധതികള്‍ക്കു മാറ്റം വരുത്തേണ്ടതായി വരും. ഇപ്പോഴത്തെ നില എന്തായാലും സാമ്പത്തിക പദ്ധതി ആസൂത്രണം ചെയ്ത് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അതില്‍ ഉറച്ചുനില്‍ക്കുന്നത് ശോഭനമായ സാമ്പത്തിക ഭാവിയിലേക്കു നയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലെ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി സര്‍വീസസ് മേധാവിയാണ് ലേഖകന്‍. ഇമെയില്‍: jeevan@geojit.com)

(This article was originally published in Dhanam Magazine January 31st issue)

Jeevan Kumar K C
Jeevan Kumar K C  

Related Articles

Next Story

Videos

Share it