Begin typing your search above and press return to search.
മൈക്രോഫൈനാന്‍സ് വായ്പ: റിസ്‌ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ കേരളവും
രാജ്യത്ത് മൈക്രോഫൈനാന്‍സ് വായ്പകളില്‍ ഏറ്റവും റിസ്‌ക് കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം. 30 ദിവസത്തിലധികം തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ അനുപാതം (പോര്‍ട്ട്‌ഫോളിയോ അറ്റ് റിസ്‌ക്/PAR 30+) കേരളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) വിപണിയുടെ ശരാശരിയായ 2.16 ശതമാനത്തിലും താഴെയാണെന്ന് മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങളുടെ കൂട്ടായ്മയും നിയന്ത്രണ അതോറിറ്റിയുമായ സാ-ധന്‍ (Sa-Dhan) വ്യക്തമാക്കുന്നു.
കര്‍ണാടക, തമിഴ്‌നാട്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും റിസ്‌ക് അനുപാതം 2.16 ശതമാനത്തിലും താഴെയാണ്. സാ-ധനിന്റെ ത്രൈമാസ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ ശരാശരി മൈക്രോഫിനാന്‍സ് വായ്പാത്തുക (ആവറേജ് ടിക്കറ്റ് സൈസ്) 49,800 രൂപയാണ്.
50 ലക്ഷത്തോളം മൈക്രോഫൈനാന്‍സ് വായ്പാ ഇടപാട് അക്കൗണ്ടുകളാണ് കേരളത്തിലുള്ളത്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ കേരളീയര്‍ക്ക് മടിയില്ലെന്നാണ് ഏറ്റവും കുറഞ്ഞ റിസ്‌ക് അനുപാതം വ്യക്തമാക്കുന്നത്. 2021-22ല്‍ കേരളത്തിന്റെ അനുപാതം 5 ശതമാനത്തിന് മുകളിലായിരുന്നു. ഇതാണ് കഴിഞ്ഞവര്‍ഷം രണ്ട് ശതമാനത്തോളമായി കുത്തനെ കുറഞ്ഞത്.
കൂടുതലും ചെറുബാങ്ക് വായ്പകള്‍
12,000 കോടിയിലധികം രൂപയുടെ മൈക്രോഫൈനാന്‍സ് വായ്പയാണ് കേരളത്തില്‍ ബാങ്കിതര മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ (എന്‍.ബി.എഫ്.സി എം.എഫ്.ഐ), ബാങ്കുകള്‍, സ്‌മോള്‍ ഫൈനാന്‍സ് ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍, ലാഭേച്ഛയില്ലാത്ത മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ (എന്‍.എഫ്.പി/Not-for-Profit) എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തിട്ടുള്ളത്.
കേരളത്തിലെ മൊത്തം മൈക്രോഫൈനാന്‍സ് വായ്പകളില്‍ 4,000-5,000 കോടി രൂപയോളവും വിതരണം ചെയ്തത് സ്‌മോള്‍ ഫൈനാന്‍സ് ബാങ്കുകളാണ്. സ്‌മോള്‍ ഫൈനാന്‍സ് ബാങ്കുകള്‍ ഏറ്റവുമധികം വായ്പകള്‍ വിതരണം ചെയ്തിട്ടുള്ള സംസ്ഥാനങ്ങളിലും കേരളം മുന്‍നിരയിലുണ്ട്. 1,100-1,500 കോടി രൂപ വായ്പകളുമായി എന്‍.ബി.എഫ്.സികളാണ് കേരളത്തില്‍ രണ്ടാമത്.
Next Story
Videos