മുദ്രാ വായ്പ: 'കൊവിഡ് ക്ഷീണം' മാറ്റി കേരളം; ഇടപാടുകാര്‍ വീണ്ടും 20 ലക്ഷത്തിലേക്ക്, വായ്പാത്തുകയിലും റെക്കോഡ്

ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം കേരളത്തില്‍ വായ്പ തേടുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. കൊവിഡിന് മുമ്പ് 2017-18ലും 2019-20ലും 21-23 ലക്ഷം ഇടപാടുകാര്‍ സംസ്ഥാനത്തുണ്ടായിരുന്നത് 2022-23ല്‍ 17.81 ലക്ഷത്തിലേക്ക് താഴ്ന്നിരുന്നു.
എന്നാല്‍, കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇടപാടുകാർ 19.73 ലക്ഷമായി കൂടിയെന്ന് ബാങ്കുകളില്‍ നിന്നുള്ള കണക്കുകള്‍ അധിഷ്ഠിതമാക്കിയുള്ള മുദ്രാ പോര്‍ട്ടലിന്റെ റിപ്പോർട്ട് വ്യക്തമാക്കി. 50,000 രൂപവരെ ലഭിക്കുന്ന ശിശു (Shishu), അമ്പതിനായിരത്തിന് മുകളില്‍ 5 ലക്ഷം രൂപവരെ കിട്ടുന്ന കിഷോര്‍ (Kishore), 5 ലക്ഷത്തിന് മുകളില്‍ 10 ലക്ഷം രൂപവരെ കിട്ടുന്ന തരുണ്‍ (Tarun) എന്നിങ്ങനെ മൂന്ന് വായ്പാവിഭാഗങ്ങളാണ് മുദ്രാ യോജനയിലുള്ളത്.
ഇടിവും കരകയറ്റവും
2019-20ല്‍ സംസ്ഥാനത്ത് മുദ്രയിലെ മൂന്ന് വിഭാഗങ്ങളിലുമായി 21.76 ലക്ഷം ഇടപാടുകാരുണ്ടായിരുന്നതാണ് 2022-23ല്‍ 17.81 ലക്ഷം പേരായി കുറഞ്ഞത്; 3.95 ലക്ഷം പേരുടെ കുറവ്.
എന്നാല്‍, കഴിഞ്ഞവര്‍ഷം ഇടപാടുകാരുടെ എണ്ണം വീണ്ടും ഉയര്‍ന്നതും നടപ്പുവര്‍ഷം (2024-25) 20 ലക്ഷം കടന്നേക്കുമെന്ന വിലയിരുത്തലുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാങ്കുകള്‍ക്കും ആശ്വാസമാണ്. രാജ്യത്ത് സമ്പദ്സ്ഥിതി വീണ്ടും മെച്ചപ്പെടുന്നുവെന്നും കൂടുതല്‍ പേര്‍ സംരംഭകത്വത്തിലേക്ക് തിരിയുന്നുവെന്നുമാണ് മുദ്രാ വായ്പയ്ക്ക് ഡിമാന്‍ഡ് കൂടുന്നതിലൂടെ വിലയിരുത്തുന്നത്.
വായ്പാത്തുകയില്‍ റെക്കോഡ്
മുദ്രാ യോജനപ്രകാരം കേരളത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) ബാങ്കുകള്‍ വിതരണം ചെയ്തത് റെക്കോഡ് 18,015 കോടി രൂപയാണ്. തൊട്ടുമുന്‍വര്‍ഷത്തെ (2022-23) ആകെത്തുകയായ 15,079 കോടി രൂപയേക്കാള്‍ 2,935 കോടി രൂപ അധികം.
കഴിഞ്ഞവര്‍ഷവും കേരളത്തില്‍ ഏറ്റവുമധികം തുക വിതരണം ചെയ്തത് കിഷോര്‍ വിഭാഗത്തിലാണ്; 9,328 കോടി രൂപ. 2022-23ല്‍ ഈയിനത്തില്‍ വിതരണം ചെയ്ത വായ്പകളുടെ മൂല്യം 7,851 കോടി രൂപയായിരുന്നു.
ശിശു വിഭാഗത്തിലെ വിതരണം മുന്‍വര്‍ഷത്തെ 3,595 കോടി രൂപയില്‍ നിന്ന് കഴിഞ്ഞവര്‍ഷം 3,895 കോടി രൂപയിലേക്ക് ഉയര്‍ന്നു. തരുണ്‍ വായ്പകളുടെ മൂല്യം 3,632.12 കോടി രൂപയില്‍ നിന്ന് 4,790 കോടി രൂപയായും മെച്ചപ്പെട്ടു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it