Begin typing your search above and press return to search.
കിഷോര്‍ തന്നെ താരം! കേരളത്തിലെ മുദ്രാ വായ്പ വീണ്ടും ₹10,000 കോടി ഭേദിച്ചു
ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജനപ്രകാരം കേരളത്തില്‍ നടപ്പുവര്‍ഷം വിതരണം ചെയ്ത വായ്പകള്‍ 10,000 കോടി രൂപ കവിഞ്ഞു. 12.59 ലക്ഷം അപേക്ഷകര്‍ക്കായി 10,889.96 കോടി രൂപയാണ് ഈ വര്‍ഷം (2023-24) ഇതിനകം ബാങ്കുകള്‍ മുദ്രാ വായ്പയായി അനുവദിച്ചത്. ഇതില്‍ 10,753.88 കോടി രൂപ വിതരണം ചെയ്തു.
വായ്പ കൂടുതല്‍ കിഷോര്‍ വിഭാഗത്തില്‍
50,000 രൂപവരെ വായ്പ ലഭിക്കുന്ന ശിശു, 50,000 രൂപയ്ക്ക് മുകളില്‍ 5 ലക്ഷം രൂപവരെ ലഭിക്കുന്ന കിഷോര്‍, 5 ലക്ഷത്തിന് മുകളില്‍ 10 ലക്ഷം രൂപവരെ ലഭിക്കുന്ന തരുണ്‍ എന്നീ മൂന്ന് വിഭാഗങ്ങളാണ് മുദ്രാ യോജനയിലുള്ളത്.
ഇതില്‍ കിഷോര്‍ വിഭാഗത്തിലാണ് കേരളത്തില്‍ കൂടുതല്‍ തുക വിതരണം ചെയ്തത്. 4.90 ലക്ഷം അപേക്ഷകര്‍ക്കായി 5,427.76 കോടി രൂപ ഈയിനത്തില്‍ അനുവദിച്ചു; ഇതില്‍ 5,350.30 കോടി രൂപ വിതരണം ചെയ്തു.
ശിശുവും തരുണും
ശിശു വിഭാഗത്തില്‍ 7.40 ലക്ഷം പേര്‍ക്കായി 2,575.96 കോടി രൂപയുടെ വായ്പാനുമതി ഇതിനകം നല്‍കി. ഇതില്‍ 2,564.46 കോടി രൂപ വിതരണം ചെയ്തു. തരുണ്‍ വിഭാഗത്തിലെ അപേക്ഷകര്‍ 28,910 പേരാണ്. 2,886.23 കോടി രൂപയുടെ വായ്പാനുമതി ഇവര്‍ക്കായി നല്‍കിക്കഴിഞ്ഞു. ഇതില്‍ 2,839.12 കോടി രൂപ വിതരണം ചെയ്തു.
കഴിഞ്ഞവര്‍ഷം ₹15,000 കോടി
ബാങ്കുകള്‍ക്ക് പുറമേ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (NBFC), മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (MFIs) എന്നിവ വഴിയുമാണ് മുദ്രാ വായ്പകളുടെ വിതരണം.
2022-23ല്‍ മുദ്രാ വായ്പയായി കേരളത്തില്‍ വിതരണം ചെയ്തത് 15,079 കോടി രൂപയാണ്. 17.81 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. നടപ്പുവര്‍ഷം മൂന്നുമാസം കൂടി (ജനുവരി-മാര്‍ച്ച്) ശേഷിക്കേ, കഴിഞ്ഞവര്‍ഷത്തെ വിതരണത്തെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷകള്‍.
Next Story
Videos