ദിര്‍ഹവും കുതിക്കുന്നു; രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ കോളടിച്ച് യു.എ.ഇയിലെ പ്രവാസികളും

ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം ഇന്നലെ 35 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ചയായ 83.48ല്‍ എത്തിയിരുന്നു. ഡോളറില്‍ വരുമാനം നേടുകയും ആ തുക ഇന്ത്യയിലേക്ക് അയക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച വന്‍ നേട്ടമാണ്.
അതായത്, ഒരു ഡോളര്‍ നാട്ടിലേക്ക് അയച്ചാല്‍ അതുമാറുമ്പോള്‍ നേരത്തേ 83.13 രൂപയാണ് കിട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ 83.48 രൂപ കിട്ടും. ഡോളറിനെതിരെ മാത്രമല്ല, യു.എ.ഇ ദിര്‍ഹത്തിനെതിരെയും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലാണെന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള യു.എ.ഇയിലെ പ്രവാസികള്‍ക്ക് വലിയ നേട്ടമാണ്.
ഇന്നലെ വ്യാപാരത്തിനിടെ ഒരുവേള യു.എ.ഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 22.732 വരെ എത്തി. വ്യാപാരാന്ത്യത്തില്‍ മൂല്യം 22.731 ആണ്. യു.എ.ഇയിലുള്ള പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ കൂടുതല്‍ തുക നേടാനാകുമെന്നാണ് നേട്ടം.
അടിസ്ഥാന പലിശനിരക്കില്‍ മാറ്റംവരുത്താതിരുന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയം, യൂറോയുടെയും പൗണ്ടിന്റെയും വീഴ്ച എന്നിവയാണ് ഡോളറിന് കുതിപ്പേകുന്നത്. ഇതോടൊപ്പം യു.എ.ഇ ദിര്‍ഹമടക്കം ഗള്‍ഫ് കറന്‍സികളുടെ മൂല്യവും ഉയരുകയായിരുന്നു.
എന്താണ് നേട്ടം?
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന സ്ഥാനം തുടര്‍ച്ചയായി നിലനിറുത്തുന്നത് ഇന്ത്യയാണ്. ലോകബാങ്കിന്റെ 2023ലെ കണക്കുപ്രകാരം ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് 12,500 കോടി ഡോളറാണ് (10.43 ലക്ഷം കോടി രൂപ).
രൂപയ്‌ക്കെതിരെ ഡോളറടക്കം മറ്റ് കറന്‍സികളുടെ മൂല്യം ഉയര്‍ന്നത് പ്രവാസിപ്പണമൊഴുക്ക് കൂടാന്‍ സഹായിക്കും. അമേരിക്കയില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത്. യു.എ.ഇയാണ് രണ്ടാമത്. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുപ്രകാരം 2022ല്‍ പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത് 4,423 കോടി ദിര്‍ഹമായിരുന്നു (ഒരുലക്ഷം കോടിയിലധികം രൂപ).
കേരളത്തേക്കാള്‍ മുന്നില്‍ മഹാരാഷ്ട്ര
റിസര്‍വ് ബാങ്ക് പ്രവാസിപ്പണമൊഴുക്ക് (Inward remittance to India) സംബന്ധിച്ച് ഏറ്റവുമൊടുവില്‍ (2022) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ് (35 ശതമാനം). 19 ശതമാനത്തില്‍ നിന്ന് 10.2 ശതമാനത്തിലേക്ക് വിഹിതം ഇടിഞ്ഞ കേരളം രണ്ടാംസ്ഥാനത്തേക്ക് വീണു. 16.7 ശതമാനത്തില്‍ നിന്ന് മഹാരാഷ്ട്രയുടെ വിഹിതം 35 ശതമാനത്തിലേക്ക് കുതിച്ചുയരുകയായിരുന്നു. തമിഴ്‌നാടും ഡല്‍ഹിയും 10 ശതമാനത്തിനടുത്ത് വിഹിതവുമായി കേരളത്തിന് തൊട്ടടുത്തുണ്ട്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it