Begin typing your search above and press return to search.
സൗത്ത് ഇന്ത്യന്‍ ബാങ്ക്: എം.ഡി മുരളി രാമകൃഷ്ണന് പുനര്‍നിയമനമില്ല, ഓഹരികളില്‍ ഇടിവ്
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ (എസ്.ഐ.ബി) മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന് പുനര്‍നിയമനം നല്‍കില്ലെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തില്‍ ബാങ്ക് വ്യക്തമാക്കി. ഈ വര്‍ഷം സെപ്തംബര്‍ 30വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. വ്യക്തിപരമായ കാരണങ്ങളാല്‍ പദവിയില്‍ രണ്ടാമൂഴം വേണ്ടെന്ന് അദ്ദേഹം തന്നെ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് പുനര്‍നിയമനം നല്‍കേണ്ടെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതെന്നും കത്തിലുണ്ട്.
ഓഹരികളില്‍ 17 ശതമാനം വരെ ഇടിവ്
എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന് പുനര്‍നിയമനം നല്‍കില്ലെന്ന വാര്‍ത്തകള്‍ ഇന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരിവില 17 ശതമാനം വരെ ഇടിയാന്‍ വഴിയൊരുക്കി. വ്യാപാരത്തിനിടെ ഒരുവേള ഓഹരിവില 13.79 രൂപ വരെ ഇടിഞ്ഞു. ഇപ്പോള്‍ എന്‍.എസ്.ഇയില്‍ 14.30 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഡയറക്ടര്‍ ബോര്‍ഡും മുരളി രാമകൃഷ്‌നുമായി ഭിന്നതയുണ്ടെന്നും അദ്ദേഹത്തിന് തുടര്‍നിയമനം ഇല്ലാത്തതിനാല്‍ ബാങ്കിന്റെ 'വിഷന്‍ 2025' പദ്ധതി താളംതെറ്റുമെന്നുമുള്ള വിലയിരുത്തലുകളാണ് ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദം സൃഷ്ടിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ബാങ്കിന്റെ ഓഹരിവില എട്ട് രൂപയായിരുന്നത് ഡിസംബറില്‍ 21 രൂപയ്ക്ക് മുകളില്‍ എത്തിയിരുന്നു. ഡിസംബറിനേക്കാള്‍ 32 ശതമാനം ഇടിവോടെയാണ് ഇപ്പോള്‍ വ്യാപാരം.
പുതിയ എം.ഡിക്കായി തെരച്ചില്‍ സമിതി
പുതിയ എം.ഡി ആന്‍ഡ് സി.ഇ.ഒയെ കണ്ടെത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് തെരച്ചില്‍ സമിതിയെ (സെര്‍ച്ച് കമ്മിറ്റി) നിയോഗിച്ചിട്ടുണ്ട്. യോഗ്യരായവരുടെ പട്ടിക സമിതി സമര്‍പ്പിക്കും. ബാങ്കില്‍ നിന്നും ബാങ്കിന് പുറത്തുനിന്നും യോഗ്യരെ കണ്ടെത്താന്‍ ലീഡര്‍ഷിപ്പ് അഡൈ്വസറി സ്ഥാപനമായ ഹണ്ട് പാര്‍ട്‌ണേഴ്‌സിനെയും (Hunt Partners) നിയോഗിച്ചിട്ടുണ്ട്.
ബോര്‍ഡുമായി ഭിന്നതയില്ല
ഡയറക്ടര്‍ ബോര്‍ഡുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ 100 ശതമാനവും തെറ്റാണെന്ന് മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. വിഷന്‍ 2025 പദ്ധതി തീരുമാനിച്ചത് പ്രകാരം തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.സി.ഐ.സി.ഐ ബാങ്കില്‍ സ്ട്രാറ്റജിക് പ്രോജക്ട്‌സ് ഗ്രൂപ്പ് മേധാവിയായിരിക്കേ 2020 ജൂലായിലാണ് മുരളി രാമകൃഷ്ണന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെത്തുന്നത്. 2020 ഒക്ടോബര്‍ ഒന്നിന് എം.ഡി ആന്‍ഡ് സി.ഇ.ഒയായി. വാഹന, ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ള റീട്ടെയില്‍ ശ്രേണിക്ക് ഊന്നല്‍ നല്‍കി അദ്ദേഹം ബാങ്കിനെ നയിച്ചു.
അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ) 8.02 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) 5.05 ശതമാനവുമായിരുന്നത് കഴിഞ്ഞപാദ പ്രകാരം യഥാക്രമം 5.48 ശതമാനം, 2.26 ശതമാനം എന്നിങ്ങനെ മെച്ചപ്പെട്ടു. കഴിഞ്ഞപാദത്തില്‍ അറ്റാദായം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 50 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് 103 കോടി രൂപയുടെ ലാഭമായി കുതിച്ചുയര്‍ന്നു.
ബാങ്കിന്റെ ബാലന്‍സ്ഷീറ്റ് മെച്ചപ്പെടുത്താനും ഡിജിറ്റല്‍ പരിണാമം ഊര്‍ജിതമാക്കാനും പ്രവര്‍ത്തനം പരിഷ്‌കരിക്കാനും അദ്ദേഹം മുന്‍കൈ എടുത്തു. നിലവില്‍ ബാങ്കിന്റെ മൊത്തം ഇടപാടുകളില്‍ 93 ശതമാനവും ഡിജിറ്റലായാണ് നടക്കുന്നത്.
Next Story
Videos