6 മാസമെത്തുമ്പോള്‍ മെഡിസെപ്പ് പ്രതീക്ഷകള്‍ക്കൊപ്പം? കണക്കുകള്‍ നോക്കാം

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്പ്. സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും ഉള്‍പ്പെടെ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് മെഡിസെപ്പ് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. പ്രതിമാസ പ്രീമിയം തുക 500 രൂപയാണ്. പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പദ്ധതി.

നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ 2022 ജൂലൈ ഒന്നിനാണ് മെഡിസെപ്പ് പദ്ധതി പ്രാബല്യത്തില്‍ വന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഏകദേശം 329 സ്വകാര്യാശുപത്രികളേയും മെഡിക്കല്‍ കോളേജുള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലെ 147 ആശുപത്രികളെയും പദ്ധതിയില്‍ എംപാനല്‍ ചെയ്ത് കഴിഞ്ഞു. പദ്ധതിയുടെ നിലവിലെ സ്ഥിതി നമുക്ക് പരിശോധിക്കാം.

ആര്‍ക്കെല്ലാം, എത്രവീതം

പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിശ്ചിത ചികിത്സാ പ്രക്രിയകള്‍ക്കും അവയ്ക്ക് അനുബന്ധമായി വരുന്ന ഡേ കെയര്‍ ചികിത്സാ പ്രക്രിയകള്‍ക്കും ഗുണഭോക്താവിന് നേരിടേണ്ടി വരുന്ന ചെലവുകള്‍ക്ക് പരിരക്ഷ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളിലെ ചികിത്സാ സംബന്ധമായ ചെലവ്, മരുന്ന് വില, ഡോക്ടര്‍ ഫീസ്, മുറി വാടക, പരിശോധനാ ചാര്‍ജ്ജുകള്‍, രോഗാനുബന്ധ ഭക്ഷണ ചെലവുകള്‍ തുടങ്ങിയിവ മെഡിസെപ്പിന്റെ പരിരക്ഷയില്‍ ഉള്‍പ്പെടും. ആറുമാസത്തിനുള്ളില്‍ ഒരുലക്ഷത്തിലധികം പേര്‍ക്ക് 308 കോടി രൂപയിലധികം തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ മെഡിസെപ്പ് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. കൃത്യമായി പറഞ്ഞാല്‍ 308,39,87,523 രൂപ.

എത്ര പേര്‍ ഭാഗമായി

മെഡിസെപ്പ് ആരംഭിച്ച് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 29,80,520 പേരാണ് ഈ പദ്ധതിയുടെ ഭാഗമായതെന്ന് മെഡിസെപ്പ് വെബ്‌സെറ്റിലെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. ഇതൊരു വലിയ നേട്ടമാണ്. ഇതില്‍ 5,48,259 സര്‍ക്കാര്‍ ജീവനക്കാരും, 5,67,481 പെന്‍ഷന്‍കാരും 18,64,780 ആശ്രിതരും ഉള്‍പ്പെടുന്നു. 4,54,386 പേര്‍ ഇതിന്റെ ഭാഗമാതോടെ തിരുവനന്തപുരം ജില്ലയാണ് കണക്കുകളില്‍ മുന്നില്‍. 73,422 പേരോടെ വയനാട് ജില്ലയാണ് ഇതില്‍ പിന്നില്‍ നില്‍ക്കുന്നത്.

എത്ര ക്ലെയിമുകള്‍

മെഡിസെപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മൊത്തം 1,11,027 ക്ലെയിമുകളാണ് 2022 ഡിസംബര്‍ 12 വരെ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 10,021 എണ്ണവും, സ്വകാര്യ ആശുപത്രികളില്‍ 1,01,006 എണ്ണവും. 1,00,922 ക്ലെയിമുകളാണ് നിലവില്‍ അംഗീകരിച്ചിരിക്കുന്നത്. ഇതില്‍ 6,911 എണ്ണം സര്‍ക്കാര്‍ ആശുപത്രികളിലും 94,011 എണ്ണം സ്വകാര്യ ആശുപത്രികളിലും ഉള്‍പ്പെടുന്നു. 6,780 ക്ലെയിമുകള്‍ അന്വേഷണ ഘട്ടത്തിലാണ്. 3,325 ക്ലെയിമുകളാണ് നിരസിച്ചത്. ആശുപത്രികളില്‍ തീര്‍പ്പാക്കിയ മൊത്തം ക്ലെയിമുകള്‍ 68,240 എണ്ണമാണ്. ഇതില്‍ സ്വകാര്യ ആശുപത്രികളില്‍ 65,790 എണ്ണവും സര്‍ക്കാര്‍ ആശുപത്രികളില്‍ 2,450 എണ്ണവും തീര്‍പ്പാക്കിയിട്ടുണ്ട്.

ആശുപത്രികള്‍

റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി കോട്ടയം, മെഡിക്കല്‍ കോളേജ് തിരുവനന്തപുരം, മെഡിക്കല്‍ കോളേജ് കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവയാണ് പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്ന മികച്ച അഞ്ച് സര്‍ക്കാര്‍ ആശുപത്രികള്‍. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, എന്‍എസ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, എകെജി ആശുപത്രി, എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ജില്ലാ കോര്‍പ്പറേറ്റീവ് ആശുപത്രി എന്നിവയാണ് നിലവില്‍ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്ന മികച്ച അഞ്ച് സ്വകാര്യ ആശുപത്രികളെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതീക്ഷക്കൊപ്പം തന്നെ

ഈ കണക്കുകളെല്ലാം പരിശോധിക്കുമ്പോള്‍ തന്നെ അറിയാം പ്രതീക്ഷിച്ച പോലെ തന്നെയാണ് മെഡിസെപ്പ് പദ്ധതി മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവരുടെ ആശ്രിതരുടെയും ആരോഗ്യ ക്ഷേമത്തിനായി ആരംഭിച്ച ഈ പദ്ധതി ഇന്ന് വിവിധ ആളുകള്‍ക്ക് ആനുകൂല്യം നല്‍കി വരുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകള്‍ ഇന്ന് ഇതിന്റെ ഗുണഭോക്താക്കളാണ്. ഈ ഗുണഭോക്താക്കളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഇത്തരത്തില്‍ ഗുണഭോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ധനവ്, സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ സജീവ സാന്നിദ്ധ്യം, ഈ ആശുപത്രികള്‍ നല്‍കിവരുന്ന മെച്ചപ്പെട്ട ചികിത്സാ സൗകര്യം, തീര്‍പ്പാക്കിയ ക്ലെയിമുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ നോക്കിയാല്‍ പദ്ധതി മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് പറയാം.

Nadasha K V
Nadasha K V  

Related Articles

Next Story

Videos

Share it