ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്റ്റ്‌സി കോഡ് 2016 ബാധകമാവുന്നത് ആര്‍ക്കൊക്കെ? അറിയാം

ബിസിനസ് സമകാലിക ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് '2016 ലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്റ്റ്‌സി കോഡ്'. ബിസിനസ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കിയ പ്രസ്തുത കോഡ് വന്‍കിട കമ്പനികളെയും വാണിജ്യ ബാങ്കുകളെയും കോമേഴ്‌സ് പ്രൊഫഷണലുകളെയും വളരെയധികം സഹായിക്കുന്നുണ്ട്. ഈ നിയമം പ്രയോജനപ്പെടുത്തി വന്‍കിട കമ്പനികള്‍ സിഐആര്‍പി (കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രോസസ്) എന്ന പ്രക്രിയയ്ക്ക് വിധേയമാവുകയും പുത്തന്‍ പ്രതീക്ഷകളുമായി വീണ്ടും ബിസിനസ് തുടരുകയും ചെയ്യുന്നു. ബാങ്കുകള്‍ കിട്ടാക്കടം തിരിച്ചുപിടിക്കുന്നു. മേല്‍സാഹചര്യത്തിലാണ് ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്റ്റ്‌സി കോഡ് 2016 പ്രൊപ്രൈറ്ററി സ്ഥാപനങ്ങള്‍, പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ബാധകമാണോ എന്ന സംശയമുണ്ടാകുന്നത്.

താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ കോഡ് ബാധകമായിട്ടുള്ളത്
(1) 2013 ലെ കമ്പനി നിയമം അല്ലെങ്കില്‍ 2013 ലെ കമ്പനി നിയമത്തിന്റെ മുമ്പ് ഉണ്ടായിരുന്ന കമ്പനി നിയമങ്ങള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍
(2) സ്‌പെഷ്യല്‍ നിയമം അനുസരിച്ച് നിയന്ത്രിക്കപ്പെടുന്ന കമ്പനികള്‍
(3) 2008 ലെ പരിമിതമായ ബാധ്യത പങ്കാളിത്ത നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത പരിമിതമായ ബാധ്യതയുള്ള സ്ഥാപനങ്ങള്‍
(4) കേന്ദ്ര ഗവണ്‍മെന്റ് നോട്ടിഫൈ ചെയ്യുന്ന സ്ഥാപനങ്ങള്‍
(5) കമ്പനികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന വ്യക്തിഗത ഗ്യാരണ്ടറുകള്‍
(6) വ്യക്തികള്‍
(7) പങ്കാളിത്ത സ്ഥാപനങ്ങള്‍, പ്രൊപ്രൈറ്ററി സ്ഥാപനങ്ങള്‍
ഇന്ത്യാ ഗവണ്‍മെന്റ് നോട്ടിഫൈ ചെയ്യുന്ന മുറയ്ക്ക് മുകളില്‍ പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് അല്ലെങ്കില്‍ വ്യക്തികള്‍ക്ക് ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്റ്റ്‌സി കോഡ് 2016 ബാധകമാവും. ഇതുവരെ താഴെപറയുന്ന സ്ഥാപനങ്ങള്‍ക്ക് അല്ലെങ്കില്‍ വ്യക്തികള്‍ക്ക് മാത്രമാണ് ഗവണ്‍മെന്റ് നോട്ടിഫിക്കേഷന്‍ ബാധകമായിട്ടുള്ളത്.
(1) 2013 ലെ കമ്പനി നിയമം അല്ലെങ്കില്‍ 2013 ലെ കമ്പനി നിയമത്തിന്റെ മുമ്പ് ഉണ്ടായിരുന്ന കമ്പനി നിയമങ്ങള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍
(2) സ്‌പെഷ്യല്‍ നിയമം അനുസരിച്ച് നിയന്ത്രിക്കപ്പെടുന്ന കമ്പനികള്‍
(3) 2008 ലെ പരിമിതമായ ബാധ്യത പങ്കാളിത്ത നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത പരിമിതമായ ബാധ്യതയുള്ള സ്ഥാപനങ്ങള്‍
(4) കമ്പനികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന വ്യക്തിഗത ഗ്യാരണ്ടറുകള്‍
മേല്‍ സാഹചര്യത്തില്‍ ഒരുകാര്യം വ്യക്തമാണ്. വ്യക്തികള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, പ്രൊപ്രൈറ്ററി സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്റ്റ്‌സി കോഡ് 2016 അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുവാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ഗവണ്‍മെന്റ് നോട്ടിഫിക്കേഷന്‍ വന്നാല്‍ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ക്കും ഈ കോഡ് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.


Related Articles
Next Story
Videos
Share it