പൊതുമേഖലാ ബാങ്കുകളുടെ സേവനം ഇനി വീട്ടുപടിക്കലേക്ക്; അറിയാം ബാങ്കിംഗ് രംഗത്ത് വരാനിടയുള്ള മാറ്റങ്ങള്‍

പൊതുമേഖലാ ബാങ്കുകള്‍ നിങ്ങളുടെ വീട്ടുപടിക്കലേക്ക് സേവനവുമായി വരുന്നതൊന്ന് ചിന്തിച്ചുനോക്കൂ. പ്രമുഖ സ്വകാര്യ ബാങ്കുകള്‍ക്ക് തുല്യമോ അതിലേറെയോ മികച്ച സേവനവും പിന്തുണയുമായി പൊതുമേഖലാ ബാങ്കുകള്‍ ഇനി ഇടപാടുകാരെ തേടിയെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അടുത്തിടെ പ്രഖ്യാപിച്ച നയരേഖ ലക്ഷ്യമിടുന്നത് ഈ മാറ്റമാണ്. EASE 4.0 എന്ന നയരേഖയാണ് ധനമന്ത്രി പുറത്തിറക്കിയിരിക്കുന്നത്.

എന്തൊക്കെ സൗകര്യങ്ങളാണ് ഈ പരിഷ്‌കരണ നടപടി കൊണ്ട് ഉപഭോക്താവിന് ലഭിക്കുന്നത്? പരമാവധി ആളുകള്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്തുക എന്നതാണ് EASE 4.0 (Enhanced Acces & Service Excellence 4.0) ന്റെ പ്രധാനലക്ഷ്യം. EASE 4.0 ന്റെ പ്രത്യേകതകള്‍ വിശദമായി പരിശോധിക്കുന്നു. താഴെ ചേര്‍ക്കുന്ന കാര്യങ്ങള്‍ ഈ രേഖയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

1. പൊതുമേഖലാ ബാങ്കുകള്‍ പരമാവധി ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് ഈ രേഖ ആവശ്യപ്പെടുന്നു. അതിനുവേണ്ടി ബിസിനസ് അനലിറ്റിക്‌സ് പോലെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതാണ്. 'സേവനം വീട്ടുപടിക്കല്‍' എന്നതാണ് പുതിയനയം. ബാങ്കുകള്‍ മ്യൂച്വല്‍ ഫണ്ട് പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും വേണ്ടി നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തുന്നതാണ്. സോഷ്യല്‍ മീഡിയ പോലെയുള്ള പുതിയ സംവിധാനങ്ങള്‍ ബാങ്കുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതാണ്.

2. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ പരിവര്‍ത്തന പ്രക്രിയയുടെ ഗതിവേഗം കൂട്ടുമെന്ന് ഈ നയരേഖ വ്യക്തമാക്കുന്നു

3. യാതൊരു സുരക്ഷാവീഴ്ചയും സംഭവിക്കാതെ 24x7 ബാങ്കിംഗ് സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയ സംവിധാനങ്ങളിലെ സുരക്ഷ അതീവശക്തമാക്കുക. ക്ലൗഡ് അധിഷ്ഠിത സിസ്റ്റം ബാങ്കിംഗ് മേഖലയില്‍ പ്രയോജനപ്പെടുത്തുവാന്‍ ഈ രേഖ നിര്‍ദേശിക്കുന്നു.

4. പരമാവധി ആളുകളിലേക്ക് മൊബൈല്‍ ആപ്പ് സൗകര്യം എത്തിക്കുക. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സഹായങ്ങള്‍ ബ്രാഞ്ചുകളിലെ ജീവനക്കാര്‍ ചെയ്തു കൊടുക്കുന്നതാണ്.

5. ലോണ്‍ അപേക്ഷകള്‍ ഡിജിറ്റലാക്കുക. കാര്‍ഷിക ലോണുകള്‍, റീട്ടെയ്ല്‍ എംഎസ്എംഇ ലോണുകള്‍ തുടങ്ങിയവ ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കുമ്പോള്‍ അവയോട് പെട്ടെന്ന് പ്രതികരിക്കുക.

6. വായ്പ അപേക്ഷകര്‍ക്ക് ചാറ്റ് പോലെയുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക.

7. ആധുനിക സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി തടസമില്ലാത്ത ബാങ്കിംഗ് സൗകര്യങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കുവാന്‍ ഈ രേഖ നിര്‍ദേശിക്കുന്നു.

8. പൊതുമേഖലാ ബാങ്കുകള്‍ തമ്മിലുള്ള പരസ്പര സഹകരണവും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും പൊതുമേഖലാ ബാങ്കുകളും തമ്മിലുള്ള പരസ്പര സഹകരണവും ഈ നയരേഖ ലക്ഷ്യമിടുന്നു.

9. ഗ്രാമീണ മേഖലകളിലും ചെറുകിട പട്ടണങ്ങളിലും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ഈ നയരേഖ ആവശ്യപ്പെടുന്നു.

10. ബാങ്കിംഗ് സ്റ്റാഫിന്റെ പ്രകടനം ഐടി അധിഷ്ഠിത സംവിധാനത്തിലൂടെ വിലയിരുത്തുക.

11. 'അടല്‍ പെന്‍ഷന്‍ യോജന', 'സൗകര്യ സമൃദ്ധി യോജന' തുടങ്ങിയവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ നടപടികളുടെ ഗതിവേഗം വര്‍ധിപ്പിക്കുക.

12. ആധുനിക ബിസിനസ് അനലിറ്റിക്‌സ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വീഴ്ച വരുത്തുന്ന ഉപഭോക്താക്കളെ മുന്‍കൂട്ടി മനസിലാക്കുക

13. സ്‌കെയ്ല്‍ V, സ്‌കെയ്ല്‍ VI ഓഫീസര്‍മാര്‍ക്ക് വ്യക്തിഗത പരിശീലനങ്ങള്‍ നല്‍കണമെന്ന് ഈ നയരേഖ നിര്‍ദേശിക്കുന്നു.



Related Articles
Next Story
Videos
Share it