ബാങ്കിന്റെ സേവനം അത്ര പോരേ? പരിഹാരം കാണാന്‍ വഴിയുണ്ട്

ഉപഭോക്താവാണ് രാജാവ് എന്ന ചൊല്ലൊക്കെയുണ്ടെങ്കിലും പലപ്പോഴും ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് അങ്ങനെ തോന്നാനിടയില്ല. ലഭിക്കുന്ന സേവനത്തില്‍ പരാതിയുണ്ടെങ്കിലോ, തനിക്ക് ആവശ്യമില്ലാത്ത ബാങ്കിംഗ്/ഇന്‍ഷുറന്‍സ്/സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാവുകയോ തെറ്റായ വിപണന തന്ത്രങ്ങളില്‍ വീണുപോവുകയോ ചെയ്താല്‍ പോലും പലരും അതിന് പരിഹാരം കാണാന്‍ മുതിരാറില്ല. എന്നാല്‍ ഇനി ഇക്കാര്യങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

ബാങ്കുകള്‍ ഇപ്പോള്‍ നിരവധി സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇവ ഇടപാടുകാരുടെ പ്രായം, ആവശ്യം, റിസ്‌കെടുക്കാനുള്ള ശേഷി, വരുമാനം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കാതെ, തെറ്റായ വിപണന തന്ത്രങ്ങളിലൂടെ ഇടപാടുകാരില്‍ കെട്ടി ഏല്‍പ്പിക്കുന്ന പ്രവണതയും കൂടി വരുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടിയാണ്, ഇടപാടുകാരുടെ പരാതി പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീം, 2021 പ്രഖ്യാപിച്ചിരിക്കുന്നത്.
ഏത് ബാങ്കിനെതിരെയുള്ള പരാതികളും പറയാമോ?
തൊട്ടുമുന്‍വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് പ്രകാരം 50 കോടി രൂപയോ അതിന് മുകളിലോ നിക്ഷേപമുള്ള വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയെല്ലാം ഈ പദ്ധതിക്ക് കീഴില്‍ വരും. ഹൗസിംഗ് ഫിനാന്‍സ് കമ്പനികളൊഴികെയുള്ള, ആസ്തി 100 കോടിക്ക് മുകളിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുമെല്ലാം ഈ സ്‌കീമിന്റെ കീഴില്‍ വരുന്നതാണ്. നവംബര്‍ 12 മുതല്‍ ഈ സ്‌കീം നടപ്പാക്കപ്പെട്ടിട്ടുണ്ട്.
ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളില്‍ തര്‍ക്കത്തിന് കാരണമായ തുകയുടെ വലിപ്പം പരിഗണിക്കാതെ തന്നെ പരാതികള്‍ ഓംബുഡ്‌സ്മാന്‍ സ്വീകരിക്കും. എന്നിരുന്നാലും തര്‍ക്ക പരിഹാരത്തിന്റെ ഭാഗമായി ഓംബുഡ്‌സ്മാന് വിധിക്കാവുന്ന പരമാവധി നഷ്ടപരിഹാരം 20 ലക്ഷം രൂപ വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമേ പരാതിക്കാരന്‍ അനുഭവിച്ച മാനസിക പ്രയാസങ്ങള്‍, സമയനഷ്ടം, മറ്റ് ചെലവുകള്‍ എന്നിവ കൂടി പരിഗണിച്ച് അധികമായി ഒരു ലക്ഷം രൂപ കൂടി വരെ നഷ്ടപരിഹാരമായി വിധിക്കാം.
പരാതി എങ്ങനെ നല്‍കാം?
ഈ സ്‌കീമിന്റെ ഭാഗമായി പരാതികള്‍ സ്വീകരിക്കാനും അത് പ്രോസസ് ചെയ്യാനും കേന്ദ്രീകൃത സംവിധാനമാണ് സജ്ജമാകുന്നത്. ഇടപാടുകാര്‍ക്ക് പരാതികള്‍ നേരിട്ടോ അല്ലെങ്കില്‍ അവര്‍ ചുമതലപ്പെടുത്തുന്ന പ്രതിനിധികള്‍ വഴിയോ സമര്‍പ്പിക്കാം.
https://cms.rbi.org.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായും പരാതികള്‍ നല്‍കാം.
ഓംബുഡ്‌സ്മാനില്‍ പരാതി സമര്‍പ്പിക്കും മുമ്പ് പരാതിക്കാര്‍, സേവനം നല്‍കിയ സ്ഥാപനത്തില്‍ രേഖാമൂലം പരാതികള്‍ നല്‍കിയിരിക്കണം. അതായത് പരാതിയുള്ള ബാങ്ക്/ എന്‍ ബി എഫ് സി എന്നിവയ്ക്ക് അക്കാര്യം എഴുതി അറിയിച്ചിരിക്കണം.
ഇങ്ങനെ നല്‍കുന്ന പരാതിക്ക് 30 ദിവസത്തിനുള്ളില്‍ അതാത് സ്ഥാപനങ്ങള്‍ മറുപടി നല്‍കിയില്ലെങ്കിലോ അവര്‍ നല്‍കിയ മറുപടിയില്‍ തൃപ്തിയില്ലെങ്കിലോ ഒരു വര്‍ഷത്തിനുള്ളില്‍ ഓംബുഡ്‌സ്മാനെ സമീപിക്കാം. കോടതിയുടെ പരിഗണനയിലുള്ള കാര്യത്തില്‍ ഓംബുഡ്‌സ്മാനെ സമീപിക്കാന്‍ പാടില്ല.
പരിഹാരം അതിവേഗം
പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട സേവനദാതാക്കള്‍ക്ക് ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയയ്ക്കുകയും അവരില്‍ നിന്ന് 15 ദിവസത്തിനകം മറുപടി തേടുകയും ചെയ്യും. ഈ ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ ഓംബുഡ്‌സ്മാന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെടും.
ഇതില്‍ അപ്പീല്‍ പോകാന്‍ സേവനദാതാക്കള്‍ക്ക് സാധ്യവുമല്ല. സേവനദാതാവ് നിശ്ചിത ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ മധ്യസ്ഥത അടക്കമുള്ള കാര്യങ്ങള്‍ ഓംബുഡ്‌സ്മാന്‍ സ്വീകരിക്കും.
പരാതികളില്‍ കഴമ്പുണ്ടെങ്കില്‍ മതിയായ നഷ്ടപരിഹാരം ഓംബുഡ്‌സ്മാന്‍ വിധിക്കും. ഇതില്‍ പരാതിക്കാരന് തൃപ്തിയില്ലെങ്കില്‍ അപ്പീലിന് പോകാനും സാധിക്കും. പരാതികളില്‍ കഴമ്പില്ലെന്ന് കണ്ടാല്‍ അവ നിരസിക്കാനും ഓംബുഡ്‌സാമാന് അധികാരമുണ്ട്.


Jiz P Kottukappally
Jiz P Kottukappally  

യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ് ജിസ് പി കൊട്ടുകാപ്പള്ളി

Related Articles

Next Story

Videos

Share it