ബാങ്കുകളെന്തിന്? ഓപ്പണ്‍ ബാങ്കുകള്‍ വെല്ലുവിളിക്കുന്നു

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ നവീകരണങ്ങളുടെയും (Innovations) തുടച്ചുനീക്കലുകളുടെയും (Disruptions) നൂറ്റാണ്ട് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഡിജിറ്റല്‍ റവല്യൂഷന്‍ എന്നറിയപ്പെടുന്ന മൂന്നാം വ്യവസായിക വിപ്ലവം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളില്‍ രണ്ട് ലോകമഹായുദ്ധങ്ങളിലൂടെ തളര്‍ന്നുപോയ ലോകവ്യവസായ മേഖലയെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്‍ഡസ്ട്രി 4.0 എന്ന നാലാം വ്യവസായവിപ്ലവം ഉല്‍പ്പാദന സേവന പ്രക്രിയയുടെ തീവ്ര കമ്പ്യൂട്ടര്‍ വല്‍ക്കരണത്തില്‍ ഊന്നി ഇപ്പോള്‍ നൂതന സാങ്കേതികവിദ്യകളായ നിര്‍മ്മിത ബുദ്ധിയും (Artificial Intelligence) ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും (IOT) ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജിയും മെഷീന്‍ ലേര്‍ണിംഗും ക്ലൗഡ് കമ്പ്യൂട്ടിംഗും ബിഗ്‌ഡേറ്റ അനലറ്റിക്‌സും നിര്‍മ്മാണ-സേവന പ്രക്രിയകളുടെ അഭിവാജ്യ ഘടകങ്ങളായി മാറി. അങ്ങനെ സ്മാര്‍ട്ട് ഫാക്ടറിയും സ്മാര്‍ട്ട് ഓഫീസും സ്മാര്‍ട്ട് ഓപ്പറേഷനും സ്മാര്‍ട്ട് സര്‍വ്വീസുമെല്ലാം ബിസിനസിന്റെ വിജയമന്ത്രങ്ങളായിത്തീര്‍ന്നു.

ഇതിന്റെയെല്ലാം ലക്ഷ്യം ഉപഭോക്താവിന് കുറഞ്ഞ ചെലവില്‍, ഏറ്റവും എളുപ്പത്തില്‍ കാര്യക്ഷമമായി സാധനങ്ങളും സേവനങ്ങളും നല്‍കുക എന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ വേറിട്ട അനുഭവങ്ങള്‍ (distinguished experiences) ഉപഭോക്താവിനു നല്‍കുവാന്‍ ബിസിനസ് സ്ഥാപനങ്ങളും ഭരണകേന്ദ്രങ്ങളും നിര്‍ബന്ധിതരായി എന്ന് പറയാം. എല്ലാ ഇന്നവേഷനുകളുടെയും പിന്നിലുള്ള ഉത്തേജനം ഇതാണ്.
അതാത് രാജ്യങ്ങളിലെ ഭരണ-നിര്‍വ്വഹണ വ്യവസ്ഥകളുടെ കാര്യക്ഷമമായ ഇടപെടലുകള്‍ ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ളതായി കാണാം. ഇത്തരത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത് ബാങ്കിംഗ് രംഗമാണ്. ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റം എന്നുകരുതാവുന്ന ഒന്നാണ് ഓപ്പണ്‍ ബാങ്കിംഗ്.
എന്താണ് ഓപ്പണ്‍ ബാങ്കിംഗ്?
പാരമ്പര്യ ബാങ്കിംഗ് സമ്പ്രദായമനുസരിച്ച് ഉപഭോക്താവിനാവശ്യമുള്ള നിക്ഷേപ-വായ്പാ പദ്ധതികളും മറ്റ് സേവനങ്ങളും ബാങ്കുകള്‍തന്നെ രൂപകല്‍പ്പന ചെയ്ത് നല്‍കുകയാണ് പതിവ്. 1990 കളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി പൊതു സ്വകാര്യ മേഖലാ ബാങ്കുകള്‍ ഐടി കമ്പനികളുമായി കൈകോര്‍ത്ത് അവരുടെ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്തത് വലിയമാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് പേറ്റിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ, ആപ്പിള്‍ പേ, ആലിബാബ തുടങ്ങിയ ഫിന്‍ടെക്ക് കമ്പനികള്‍ മധ്യവര്‍ത്തികളായി പണം കൈമാറ്റം ചെയ്യുന്നതും സാധന - സേവനങ്ങളുടെ കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നതും അനായാസമാക്കി നിലകൊള്ളുന്നതാണ് ഒട്ടുമിക്ക രാജ്യങ്ങളിലും നിലവിലുള്ള ബാങ്കിംഗ് വ്യവസ്ഥ. ഇവിടെ നിന്നാണ് ഓപ്പണ്‍ ബാങ്കിംഗിന്റെ ആശയം ഉടലെടുക്കുന്നത്.
ഓരോ ഉപഭോക്താവിന്റെയും ഇടപാടുകളും മറ്റു സ്വകാര്യ വിവരങ്ങളും അതാത് ബാങ്കുകളുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നുണ്ട്. ബാങ്കുകളുടെ പക്കലുള്ള ഈ വിവരങ്ങള്‍ ഉപഭോക്താക്കളുടെ ക്രയവിക്രയങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും നാള്‍വഴികളായി കണക്കാക്കാം. ഈ വിവരങ്ങളെ വിശകലന വിധേയമാക്കിയാല്‍ ഉപഭോക്താക്കളുടെ വരവ്-ചെലവുകളും അതിന്റെ അളവും ക്രമവും സമ്പാദന രീതികളെക്കുറിച്ചും അറിയാന്‍ കഴിയും. ഇവിടെയാണ് ഓപ്പണ്‍ ബാങ്കിംഗിന്റെ സാധ്യത.
ഉപഭോക്താവിനെക്കുറിച്ച് ബാങ്കുകളുടെ പക്കലുള്ള എല്ലാ വിവരങ്ങളും ഉപഭോക്താവിന്റെ പൂര്‍ണ്ണമായ അനുവാദത്തോടെ ഗൂഗിള്‍, ആലിബാബ, ഫോണ്‍പേ മുതലായ തേര്‍ഡ് പാര്‍ട്ടി ഫിന്‍ടെക് കമ്പനികള്‍ക്ക് കൈമാറുകയും ഈ വിവരങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത് ഓരോ ഉപഭോക്താവിനും അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സേവനങ്ങള്‍ രൂപകല്‍പ്പന ചെയ്ത് ഫിന്‍ടെക് കമ്പനികളിലൂടെ തന്നെ ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഓപ്പണ്‍ ബാങ്കിംഗിന്റെ ആശയം.
ഓപ്പണ്‍ ബാങ്കിംഗിന്റെ വരവോടെ ഇപ്പോഴുള്ള ബാങ്ക് ഉപഭോക്താവ് ബന്ധത്തിനിടയില്‍ അനിവാര്യമായ കണ്ണികളായി ഫിന്‍ടെക് കമ്പനികള്‍ നിലകൊള്ളും. ബാങ്കുകള്‍ക്കു വേണ്ടി ബാങ്കിംഗ് വ്യവസ്ഥകളുടെ ഭാഗമായി നിന്ന് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഉത്തരവാദിത്തം ഫിന്‍ടെക് കമ്പനികളില്‍ വന്നുചേരും. ചുരുക്കി പറഞ്ഞാല്‍ ഓപ്പണ്‍ ബാങ്കിംഗിന്റെ വരവോടെ നിലവിലുള്ള തേര്‍ഡ്പാര്‍ട്ടി ഏജന്റുകളായ (TPAs) ഫിന്‍ടെക് കമ്പനികളും ബാങ്കിംഗ് ആവാസ വ്യവസ്ഥയുടെ ഭാഗമായിമാറും.

ഓപ്പണ്‍ ബാങ്കിംഗിന്റെ സാധ്യതകള്‍
ബാങ്കുകളുടെ പക്കലുള്ള ഉപഭോക്താക്കളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അവരുടെ അനുവാദത്തോടെ തേര്‍ഡ് പാര്‍ട്ടി ഏജന്റുകളായ ഫിന്‍ടെക് കമ്പനികള്‍ക്ക് കൈമാറുമ്പോള്‍ നൂതനവും വൈവിധ്യമാര്‍ന്നതുമായ ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത് നല്‍കുവാന്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് കഴിയും എന്നുള്ളതാണ് ഓപ്പണ്‍ ബാങ്കിംഗിന്റെ ഏറ്റവും വലിയ സാധ്യത.
ഓപ്പണ്‍ ബാങ്കിംഗിന്റെ വരവോടെ ബാങ്കുകളും ഉപഭോക്താക്കളുമായി നേരിട്ടുള്ള ബന്ധം ഏറെ കുറയുകയും ഉപഭോക്താക്കള്‍ അവരുടെ ബാങ്കിംഗ് സംബന്ധിയായ ആവശ്യങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ഏജന്റുകളായ ഫിന്‍ടെക് കമ്പനികളിലൂടെ നിറവേറ്റുന്നതായും കാണാന്‍ കഴിയും.
മെച്ചപ്പെട്ട സേവനങ്ങളോടൊപ്പം സാമ്പത്തിക ഉള്‍പ്പെടുത്തലും (Financial Inclusion) വര്‍ധിച്ച സുതാര്യതയും സുരക്ഷയും അതോടൊപ്പം ഉപഭോക്താക്കളുടെ സംതൃപ്തിയും കൂറും ഓപ്പണ്‍ ബാങ്കിംഗിന്റെ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അപായ സാധ്യതകള്‍ ബാങ്കുകളുടെ കൈവശമുള്ള വിവരങ്ങള്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫെയ്സുകളുടെ (APIs) സഹായത്തോടെ തേര്‍ഡ് പാര്‍ട്ടി ഏജന്റുകളായ ഫിന്‍ടെക് കമ്പനികള്‍ നിരന്തരമായി ഉപയോഗപ്പെടുത്തി ഓരോ ഉപഭോക്താവിന്റെ ആവശ്യാനുസരണത്തിനുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ സാധിക്കുമ്പോള്‍ തന്നെ ഈ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുക എന്നത് ഒരു വെല്ലുവിളിയായിത്തീര്‍ന്നേക്കാം.
കസ്റ്റമറുടെ അനുവാദത്തോടെയാണ് വിവരങ്ങള്‍ കൈമാറുന്നതെങ്കിലും അതിന്റെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കേണ്ടത് ഓപ്പണ്‍ ബാങ്കിംഗ് വ്യവസ്ഥകളുടെ ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്തമാണ്. സൈബര്‍ മോഷണങ്ങളില്‍ നിന്നും മറ്റ് കടന്നുകയറ്റങ്ങളില്‍ നിന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ ഉറപ്പാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏതെങ്കിലും കാരണവശാല്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടാല്‍ അതുവഴി അവര്‍ക്കുണ്ടാകുന്ന നഷ്ടം എങ്ങനെ നികത്തും എന്നുള്ളതും ഇനിയും ഉത്തരം കിട്ടേണ്ട ചോദ്യങ്ങളിലൊന്നാണ്.
ഓപ്പണ്‍ ബാങ്കിംഗ് ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (NPCI) ചേര്‍ന്ന് യൂണിഫൈഡ് പേയ്‌മെന്റ ്ഇന്റര്‍ഫേസ് (UPI) 2016 ല്‍ സാധ്യമാക്കിയത് ഇന്ത്യയില്‍ ഓപ്പണ്‍ ബാങ്കിംഗിന്റെ ആദ്യ ചുവടു
വെപ്പായി കണക്കാക്കാം. തുടര്‍ന്ന് ആര്‍.ബി.ഐ. ബാങ്കുകളും തേര്‍ഡ് പാര്‍ട്ടി ഏജന്റുകളായ ഫിന്‍ടെക് കമ്പനികളും തമ്മില്‍ കസ്റ്റമേഴ്‌സിന്റെ വിവരങ്ങളുടെ പങ്കുവയ്ക്കലുകള്‍ സാധ്യമാക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസുകള്‍ (APIs) നിര്‍മ്മിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുകയും എസ്.ബി.ഐ, കൊട്ടക് ബാങ്ക്, യെസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.സി.
ഐ.സി.ഐ മുതലായ ബാങ്കുകള്‍ ഇതിന്റെ നിര്‍മ്മാണ പുരോഗതിയിലുമാണ്. കാനഡ, യു.എസ്, യു.കെ, മെക്‌സിക്കോ, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെല്ലാം തന്നെ ഓപ്പണ്‍ ബാങ്കിംഗ് വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിവരുന്നു.ഓപ്പണ്‍ ബാങ്കിംഗിന്റെ ഭാവി
വേറിട്ടതും നൂതനവും വ്യക്തിയധിഷ്ഠിതവുമായ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഓപ്പണ്‍ ബാങ്കിംഗ് വിജയകരമായിരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഓപ്പണ്‍ ബാങ്കിംഗ് അതിന്റെ പൂര്‍ണ്ണതയില്‍ നടപ്പിലായിക്കഴിഞ്ഞാല്‍ ബാങ്കിംഗ് രംഗത്ത് ഉണ്ടായേക്കാവുന്ന മാറ്റങ്ങള്‍ പ്രവചനാതീതമാണ്.
മൈക്രോസോഫ്റ്റ് കമ്പനിയുടെ സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ഒരിക്കല്‍ പറഞ്ഞതുപോലെ ബാങ്കിംഗ് സേവനങ്ങള്‍ നമുക്ക് ആവശ്യമാണ്. പക്ഷേ, ബാങ്കുകള്‍ നിര്‍ബന്ധമല്ല എന്ന സ്ഥിതിവിശേഷം പോലും ഭാവിയില്‍ വന്നുചേര്‍ന്നേക്കാം.
തേര്‍ഡ് പാര്‍ട്ടി എജന്റ്‌സ് എന്ന ഓപ്പണ്‍ ബാങ്കിംഗിലെ ഫിന്‍ടെക് കമ്പനികള്‍ ഭാവിയില്‍ ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണമായും സ്വന്തം നിലയില്‍ നല്‍കാന്‍ പാകമായിക്കഴിഞ്ഞാല്‍ ബാങ്കുകള്‍തന്നെ അപ്രത്യക്ഷമായേക്കാം.
(കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജിയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രൊഫസറാണ് ലേഖകന്‍)


Dr. Santhosh Kumar S
Dr. Santhosh Kumar S is a Professor  

Professor School of Management Studies Cochin University of Science and Technology Cochin, Kerala, India. PIN 682 022 email: drsan@cusat.ac.in

Related Articles

Next Story
Share it