നല്ല ഡിമാന്‍ഡ് ഉണ്ടായിരുന്ന ഉത്പന്നം ബ്രാന്‍ഡ് ചെയ്തപ്പോള്‍ വില്‍പ്പന കുറഞ്ഞോ, ഇതാണ് കാരണം!

നല്ല രീതിയില്‍ ബ്രാന്‍ഡ് ചെയ്ത് ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത് ആളുകളെ ആകര്‍ഷിക്കാനും അതുവഴി കൂടുതല്‍ വില്‍പ്പന സാധ്യമാക്കാനുമാണ്. എന്നാല്‍ ബ്രാന്‍ഡിംഗ് മൂലം വില്‍പ്പന കുറഞ്ഞാലോ? അതെ, ചിലര്‍ക്കെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ചെറിയൊരു ഭക്ഷണശാലയില്‍ അവര്‍തന്നെയുണ്ടാക്കുന്ന അച്ചാറുകള്‍ ബില്ലിംഗ് കൗണ്ടറില്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കാറുണ്ടായിരുന്നു. ഉത്പാദകന്റെ പേരും വിലാസവും FSSAI നമ്പറും തുടങ്ങി നിയമപരമായി ആവശ്യമുള്ള വിവരങ്ങള്‍ ഒരു സ്റ്റിക്കര്‍ ആക്കി പാക്കറ്റില്‍ വച്ചായിരുന്നു വില്‍പ്പന; ഒട്ടും ആഡംബരം ഇല്ലാതെ. ഭക്ഷണം കഴിച്ച് ബില്ല് അടയ്ക്കാന്‍ വരുന്നവരാണ് ഉപഭോക്താക്കള്‍. സാമാന്യം നല്ലരീതില്‍ തന്നെ അച്ചാറുകള്‍ വിറ്റുപോയിരുന്നു. അവര്‍ ഇനിയും വില്‍പ്പന വര്‍ധിപ്പിക്കാനായി ബ്രാന്‍ഡിന് പേരുനല്‍കി ആളുകളെ ആകര്‍ഷിക്കുന്നതരത്തിലുള്ള ഡിസൈന്‍ ചെയ്ത് ഉത്പന്നം വില്‍പ്പനയ്ക്കായി വച്ചു. വിലയില്‍ മാറ്റമൊന്നും വരുത്തിയില്ല. പക്ഷെ സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. അച്ചാര്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞു. എന്തായിരിക്കും കാരണം?

ഉപഭോക്താവും ബ്രാന്‍ഡും

ഏതൊരുത്പന്നവും വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ ആ അവതരണ രീതി ഉപഭോക്താക്കളുടെ ആവശ്യത്തെ മുന്നില്‍കണ്ടാവണം. നാടന്‍ ഉത്പന്നത്തില്‍ ആളുകള്‍ പ്രതീക്ഷിക്കുന്നത് വളരെ ആഡംബരം നിറഞ്ഞ ഡിസൈന്‍ ആണോ? അതോ അധികം ഡിസൈന്‍ ഇല്ലാതെ അകത്തെ ഉത്പന്നം പുറമെ കാണുന്നതരം ലളിതമായ പാക്കിംഗ് ആണോ? ഒരു ഉപഭോക്താവിന്റെ കണ്ണില്‍ നിന്നും നോക്കിക്കാണൂ. ഉത്പന്നത്തിന്റെ സ്വഭാവത്തിനനുസരിച്ച്, അതും ഉപഭോക്താക്കളെക്കൂടി പരിഗണിച്ചാവണം പാക്കിംഗ് കവറും അതിന്റെ ഡിസൈനും തീരുമാനിക്കേണ്ടത്.

വിലയും ബ്രാന്‍ഡും

ഒന്ന് സങ്കല്‍പ്പിക്കുക, നിങ്ങള്‍ ഒരു സൂപ്പര്‍മാര്‍ക്കെറ്റിലെ റാക്കില്‍ ഗോള്‍ഡന്‍ നിറത്തില്‍ ആഡംബരം നിറഞ്ഞ ഡിസൈനോടുകൂടി ഒരു കോഫി ബ്രാന്‍ഡ് കാണുകയാണ്. അത് കാണുമ്പോള്‍ തന്നെ അതിന് നമ്മള്‍ ഒരു വിലയിടും. വില കൂടുതലായിരിക്കും എന്ന ചിന്തയില്‍ പലരും ആ ഉത്പന്നം അവഗണിക്കും. യഥാര്‍ത്ഥത്തില്‍ അതിന്റെ വില മറ്റ് ബ്രാന്‍ഡുകളെക്കാളും കുറവാണെങ്കിലും പാക്കിങ്ങില്‍ പ്രീമിയം സ്വഭാവം ഉള്ളതുകൊണ്ട് വില്പന കുറയാം. ഉല്പന്നത്തിന്റെ വിലയും മറ്റ് ബ്രാന്‍ഡുകളുടെ ഡിസൈനും പരിഗണിച്ചാവണം ഉത്പന്നം ബ്രാന്‍ഡ് ചെയ്യേണ്ടത്.

മാര്‍ക്കറ്റും ബ്രാന്‍ഡും

മുമ്പ് സൂചിപ്പിച്ച ഉദാഹരണത്തില്‍ പറഞ്ഞ ലളിതമായി പാക്ക് ചെയ്ത അച്ചാറുകള്‍ ഒരിക്കലും E-Commerce വെബ്‌സൈറ്റുകളിലോ, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലോ വില്‍ക്കാന്‍ സാധിക്കല്ല. പല ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഉത്പന്നത്തിന്റെ പാക്കിംഗ് ഡിസൈനുകള്‍ അവര്‍ പരിഗണിക്കുന്ന പ്രധാന വിഷയമാണ്. കാരണം സ്ഥാപനത്തിന്റെ ഭംഗിയെ സ്വാധീനിക്കുന്ന പ്രധാന ഘടകം അവിടത്തെ ഉത്പന്നമാണ്. അതിനാല്‍ ഏതുമാര്‍ഗമാണ് ഉത്പന്നം വില്‍ക്കുന്നത് എന്നത് പാക്കിംഗ് ഡിസൈന്‍ ചെയ്യുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്.

പരിസ്ഥിതിയും ബ്രാന്‍ഡും

കാലാവസ്ഥയ്ക്കും ഉത്പന്നം വില്‍ക്കുന്ന ചുറ്റുപാടിനും അനുയോജ്യമായാവണം ബ്രാന്‍ഡിന്റെ നിറം നിശ്ചയിക്കേണ്ടത്. Air Conditioning ചെയ്യാത്ത സ്ഥാപനങ്ങളിലാണ് ഉത്പന്നം വില്‍ക്കാന്‍ വയ്ക്കുന്നതെങ്കില്‍ വെള്ള നിറത്തിലുള്ള പാക്കിംഗില്‍ പൊടി പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ വെയില്‍ കൊള്ളുന്ന സാഹചര്യമുണ്ടായാല്‍ വെള്ള പാക്കിങ്ങില്‍ മഞ്ഞ നിറത്തിലുള്ള ഷെയ്ഡ് വരാനുള്ള സാധ്യതയുണ്ട്. ഇനി ഫ്രോസണ്‍ ഉത്പന്നങ്ങള്‍ ആണെങ്കിലോ... ഫ്രീസറിലെ കണ്ണാടി ചില്ലിലൂടെ നോക്കുമ്പോള്‍ എടുത്തുനിലക്കണമെങ്കില്‍ നല്ല കടും നിറം നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ ഉത്പന്നം വില്‍ക്കുന്ന സാഹചര്യത്തെക്കൂടി പരിഗണിച്ചാവണം പാക്കിംഗ് ഡിസൈന്‍ ചെയ്യേണ്ടത്.

നേരത്തെ സൂചിപ്പിച്ച സംഭവത്തില്‍ എന്തുകൊണ്ട് ബ്രാന്‍ഡ് ചെയ്തപ്പോള്‍ അച്ചാറിന്റെ വില്‍പ്പന കുറഞ്ഞു എന്ന് മനസിലായോ? അവിടെ വരുന്ന ആളുകള്‍ പ്രതീക്ഷിക്കുന്നത് ഹോം മെയ്ഡ് ഉത്പന്നങ്ങളാണ്. വില ഒരല്‍പം കൂടുതലാണെങ്കിലും ആളുകള്‍ അത് വാങ്ങും. അതില്‍ കൂടുതല്‍ ആഡംബരം കൊണ്ടുവന്നാല്‍ വിലകുറച്ചാല്‍ പോലും ആളുകള്‍ വാങ്ങണമെന്നില്ല. എന്നാല്‍ അതിന്റെ ഏറ്റവും വലിയ പരിമിതി, ലളിതമായ പാക്കിംഗില്‍ ഓണ്‍ലൈനിലോ സൂപ്പര്‍ മാര്‍ക്കറ്റുകളിലോ ഉത്പന്നം വില്‍ക്കാന്‍ കഴിയണമെന്നില്ല എന്നതാണ്. ഉപഭോക്താവ്, ചുറ്റുപാട്, മാര്‍ക്കറ്റ്, വില, മറ്റ് ബ്രാന്‍ഡുകള്‍ തുടങ്ങിയവയെല്ലാം പരിഗണിച്ചാവണം ബ്രാന്‍ഡ് ഡിസൈന്‍ ചെയ്യേണ്ടത്.
Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it