ഇപ്പോള്‍ നിങ്ങള്‍ ഡിസ്‌കൗണ്ട് നല്‍കരുത് !

എങ്ങനെയെങ്കിലും ഉല്‍പ്പന്നം അല്ലെങ്കില്‍ നിങ്ങളുടെ സേവനം വിറ്റഴിക്കാനുള്ള ശ്രമത്തിലാണോ? നിങ്ങള്‍ക്ക് ആ വില്‍പ്പന അത്രയധികം അത്യാവശ്യമാണെന്ന് ഒരിക്കലും കസ്റ്റമര്‍ക്ക് തോന്നലുണ്ടാകരുത്. ആ സെയ്ല്‍സ് ഓര്‍ഡര്‍ നിങ്ങളുടെ നിലനില്‍പ്പിന് അങ്ങേയറ്റം അനിവാര്യമാണെന്ന തോന്നല്‍ കസ്റ്റമറിലുണ്ടായാല്‍ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നഷ്ടമാകും.

ഒരു കസ്റ്റമര്‍ക്ക് പ്രൊപ്പോസല്‍ കൊടുത്ത ശേഷം നിത്യം വിളിക്കുകയും അവരുടെ ഓഫീസ് കയറിയിറങ്ങുകയും ഓര്‍ഡര്‍ കിട്ടാന്‍ കെഞ്ചുകയും ചെയ്താല്‍ നിങ്ങള്‍ വലിയ കുഴപ്പത്തില്‍ ചെന്നാകും ചാടുക. പ്രൊപ്പോസലിന്റെ കാര്യത്തില്‍ തീരുമാനം പറയാന്‍ സമയം ചോദിച്ചിട്ടുണ്ടെങ്കില്‍ അതിന് ശേഷം അവരെ വിളിച്ച് മറ്റെന്തെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വേണമോയെന്ന് തിരിക്കുക. അപ്പോള്‍ പുരോഗതിയും തിരക്കാം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക, ആ ഓര്‍ഡര്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെ വേണം അവരോട് സംസാരിക്കാന്‍.

കസ്റ്റമേഴ്സ് എപ്പോഴും ആത്മവിശ്വാസമുള്ള സെയ്ല്‍സ് പ്രൊഫഷണലുകളെയാണ് ഇഷ്ടപ്പെടുക. നിങ്ങളുടെ സ്വരത്തില്‍ നിരാശ കലര്‍ന്നിരിക്കുന്നത് അവര്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ആ ബിസിനസ് തരും മുമ്പ് നിരവധി അധിക ആനുകൂല്യങ്ങള്‍ അവര്‍ ചോദിക്കാന്‍ തുടങ്ങും.

വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കിയാല്‍ പിന്നെയും ഉണ്ട് അപകടങ്ങള്‍. നിങ്ങളുടെ ഉല്‍പ്പന്നത്തിന് അല്ലെങ്കില്‍ സേവനത്തിന് അധികം മൂല്യമില്ലാത്തതുകൊണ്ടാണ് ഇത്രയേറെ ഡിസ്‌കൗണ്ട് നല്‍കുന്നതെന്ന ധാരണ അവരിലുണ്ടാകും. ഫലമോ, നിങ്ങളുടെ എതിരാളികളുടെ ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ കൂടി പരീക്ഷിച്ച് നോക്കാന്‍ അവര്‍ തയ്യാറാകും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കസ്റ്റമര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ചോദിച്ചാല്‍ അതിന് പകരമായി നിങ്ങളും തിരിച്ച് പല കാര്യങ്ങളും ചോദിക്കണം. അവര്‍ വലിയ ഡിസ്‌കൗണ്ടാണ് ചോദിക്കുന്നതെങ്കില്‍ നിങ്ങള്‍ മുന്‍കൂര്‍ പണമോ അല്ലെങ്കില്‍ വലിയ ഓര്‍ഡറോ ചോദിക്കണം. മറ്റൊരു മാര്‍ഗം ഡിസ്‌കൗണ്ട് നല്‍കുന്നത് ഒഴിവാക്കലാണ്. അത് പകരം മറ്റേതെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ നല്‍കുക. അവയെല്ലാം ഡിസ്‌കൗണ്ടിനേക്കാള്‍ മൂല്യമുള്ളതാണെന്ന് വ്യക്തമാക്കി കൊടുക്കുക.

ശക്തമായൊരു ബന്ധം കസ്റ്റമറുമായി സ്ഥാപിച്ചെടുക്കാനും അതിലൂടെ വലിയ ഓര്‍ഡറുകള്‍ നേടാനുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇരുവര്‍ക്കും ഗുണകരമാകുന്ന മാനദണ്ഡങ്ങളില്‍ നിന്ന് വില്‍പ്പന നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്. നിങ്ങളെ അവജ്ഞയോടെ നോക്കാനോ അവഗണിക്കാനോ അവരെ പ്രേരിപ്പിക്കുന്ന വിധത്തിലേക്ക് നിങ്ങള്‍ ഒരിക്കലും താഴരുത്.

Jayadev Menon
Jayadev Menon  

AKSH People Transformation Chief Executive

Related Articles

Next Story

Videos

Share it