ലോജിസ്റ്റിക്‌സില്‍ വേഗക്കുതിപ്പുമായി ഈ കേരള കമ്പനി; 7 സംസ്ഥാനങ്ങളില്‍ സാന്നിധ്യം

ടെക്‌നോളജിയെയും ഇന്നൊവേഷനെയും കൂട്ടുപിടിച്ച് കേരളത്തില്‍ നിന്നൊരു കമ്പനിക്ക് ദേശീയതലത്തിലേക്ക് എങ്ങനെ പറന്നുയരാം എന്നതിനു മാതൃകയാണ് ഡ്രൈവര്‍ ലോജിസ്റ്റിക്‌സ് (Driver Logistics) എന്ന കമ്പനി. വെറും നാല്‌ വര്‍ഷം മുന്‍പ് ആരംഭിച്ച കമ്പനി ഇന്ന് ഏഴ് സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമാണ്. അടുത്തിടെ കര്‍ണാടകയില്‍ കമ്പനിയുടെ മള്‍ട്ടി ക്ലയന്റ് വെയര്‍ഹൗസ് തുറന്നിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 525 കോടി രൂപയുടെ നിക്ഷേപമാണ് കര്‍ണാടകയില്‍ മാത്രം കമ്പനി ലക്ഷ്യമിടുന്നത്.

എളിയ തുടക്കം
ഹോള്‍സെയിലിംഗ്, ഹൗസിംഗ് ആന്‍ഡ് ഡൈവലപ്‌മെന്റ്, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ബിസിനസ് നടത്തിയിരുന്ന ആഷിഖ് കൈനിക്കരയെന്ന സംരംഭകന്‍ പടിപടിയായാണ് ലോജിസ്റ്റിക് മേഖലയിലേക്ക് എത്തുന്നത്. 2008ല്‍ വേള്‍പൂളിന്റെ കൊച്ചിയിലെ സ്റ്റോക്കുകള്‍ വിതരണം നടത്തി കൊണ്ടായിരുന്നു ബിസിനസില്‍ തുടക്കം. തൊട്ടുപിന്നാലെ ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്റെ വിതരണ ചുമതലയും കമ്പനിയെ തേടി വന്നു. ഓരോ കമ്പനിക്കുവേണ്ടിയും പ്രത്യേകം സെന്ററുകള്‍ തുറന്നുകൊണ്ടായിരുന്നു പ്രവര്‍ത്തനം. പിന്നീട് ടയര്‍ നിര്‍മാതാക്കളായ ജെ.കെ ടയേഴ്സും കമ്പനിയുടെ ഉപഭോക്തൃ നിരയിലേക്ക് എത്തി.
ഈ സമയത്താണ് മകന്‍ ആക്വില്‍ ആഷിക്കും കൂടി എത്തുന്നത്. തുടര്‍ന്ന് 2019ല്‍ ഡ്രൈവര്‍ ലോജിസ്റ്റിക്‌സ് എന്ന കമ്പനി രൂപീകരിച്ച് ബിസിനസ് വിപുലപ്പെടുത്തി. തേഡ് പാര്‍ട്ടി ലോജിസ്റ്റിക്സില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കമ്പനി പതിയെ വെയര്‍ഹൗസ് മാനേജ്‌മെന്റ്, പാര്‍ഷ്യല്‍ ട്രക്ക് ലോഡ്, ഫുള്‍ട്രക്ക് ലോഡ്, 4 പാര്‍ട്ടി ലോജിസ്റ്റിക്‌സ് എന്നീ സേവനങ്ങളിലേക്കും ചുവടുവച്ചു.

11 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വെയര്‍ഹൗസ്
നിലവില്‍ 7 സംസ്ഥാനങ്ങളിലായി 56 ഇടങ്ങളില്‍ കമ്പനിക്ക് വെയര്‍ഹൗസ് സൗകര്യങ്ങളുണ്ട്. ഇന്ത്യയില്‍ മൊത്തം 11 ലക്ഷം സ്‌ക്വയര്‍ഫീറ്റ് ഏരിയയാണ് കമ്പനി മാനേജ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം 18 സ്ഥലങ്ങളില്‍ വെയര്‍ ഹൗസുകളുണ്ട്. ഓട്ടോമോട്ടീവ് ആന്‍ഡ് ടയേഴ്‌സ്, എഫ്.എം.സി.ജി, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി വൈവി
ധ്യം
മാര്‍ന്ന മേഖലകളിലെ ചരക്കു നീക്കം കമ്പനി നടത്തി വരുന്നു. ഗോദ്‌റേജ് ഇന്‍വോയ്‌സ്, നെസ്‌ലെ, വേള്‍പൂള്‍, സിയറ്റ് ടയേഴ്‌സ്, ജെ.എസ്.ഡബ്ല്യു പെയിന്റ്‌സ്, ഏഷ്യന്‍ പെയ്ന്റ്സ് തുടങ്ങി 33ലധികം കമ്പനികളാണ് ഡ്രൈവര്‍ ലോജിസ്റ്റിക്സിന്റെ സേവനമുപയോഗിക്കുന്നത്.
സുഗമമമായ ചരക്കു നീക്കത്തിനായി സ്വന്തമായി 97 വാഹനങ്ങള്‍ ഡ്രൈവര്‍ ലോജിസ്റ്റിക്സിനുണ്ട്. ഒപ്പം 100ലധികം വാഹനങ്ങള്‍ കമ്പനിക്ക് വേണ്ടി പൂര്‍ണസമയം ലഭ്യമാക്കിയിട്ടുമുണ്ട്. ഇതുകൂടാതെ ആവശ്യം വരുന്നതിനനുസരിച്ച് സ്പോട്ട് വാഹനങ്ങളും ഉപയോഗിക്കുന്നു. 440ലധികം ജീവനക്കാരും കമ്പനിയ്ക്കുണ്ട്.
അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയില്‍ സാധ്യമാകുന്നത്രയും ഹബ്ബുകള്‍ സ്ഥാപിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കൂടുതല്‍ ഉപഭോക്തൃ കമ്പനികള്‍ ശൃംഖലയിലേക്ക് ചേരുന്നതോടെ രാജ്യം മുഴുവന്‍ ഇതു വ്യാപിപ്പിക്കുമെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആക്വില്‍ ആഷിഖ് പറഞ്ഞു. കേരളത്തില്‍ കിന്‍ഫ്രയുടെ സ്ഥലത്ത് 1.80 ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ എ ഗ്രേഡ് വെയര്‍ഹൗസുകളും കമ്പനി സ്ഥാപിച്ചു വരുന്നു. ഏപ്രിലോടെ ഇത് പ്രവര്‍ത്തനമാരംഭിക്കും.
പൂര്‍ണമായും ഡിജിറ്റല്‍
പരമ്പരാഗത ലോജിസ്റ്റിക് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ഓട്ടോമേഷനും ഡിജിറ്റൈസേഷനും
പ്രാ
ധാന്യം നല്‍കിയതാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കമ്പനിയെ മികച്ച വളര്‍ച്ചയിലേക്ക് നയിച്ചതെന്ന് ആക്വില്‍ ആഷിഖ് പറഞ്ഞു. പലപ്പോഴും കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്നം അവരുടെ ചരക്ക് നീക്കത്തില്‍ സംഭവിക്കുന്ന പാളിച്ചകളാണ്. കൃത്യമായ സമയത്ത് ചരക്ക് എത്താതു മൂലം വലിയ നഷ്ടം നേരിടേണ്ടിയും വരാറുണ്ട്. ഇതൊഴിവാക്കാനാണ് ഡ്രൈവര്‍ ലോജിസ്റ്റിക്‌സ് പ്രഥമ പരിഗണന നല്‍കിയത്.
കമ്പനിയുടെ ഇടപാടുകാര്‍ക്ക് ഏത് സമയത്തും ചരക്കു നീക്കത്തെ കുറിച്ച് കൃത്യമായ വിവരം ലഭ്യമാക്കാന്‍ വേണ്ട സോഫ്റ്റ്‌വെയറുകളും വെബ് ബേസ്ഡ് ആപ്ലിക്കേഷനുകളുമെല്ലാം സ്വന്തമായി തന്നെ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഡെഡിക്കേറ്റഡായ ഡിജിറ്റല്‍ ടീമിനെ തന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ടെക്നോളജിയില്‍ വലിയ പണം മുടക്കാനില്ലാത്ത കമ്പനികള്‍ക്ക് എളുപ്പത്തില്‍ അവരുടെ സംവിധാനത്തിലേക്ക് സംയോജിപ്പിക്കാവുന്ന വിധത്തിലാണ് ആപ്ലിക്കേഷനുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
പുതിയ സേവനങ്ങളും
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ആരംഭിച്ച പാര്‍ഷ്യല്‍ ട്രക്ക് ലോഡ് സൗകര്യം വിജയമായതിനെ തുടര്‍ന്ന് കര്‍ണാടകയിലേക്കും ഈ സേവനം വ്യാപിപ്പിക്കുകയാണ്. പല ചെറുകിട കച്ചവടക്കാര്‍ക്കും കമ്പനികളുടെ ഉത്പന്നങ്ങള്‍ അവരുടെ ആവശ്യത്തിനനുസരിച്ച് മാത്രം ലഭ്യമാക്കാന്‍ സഹായിക്കുന്ന സേവനമാണിത്. സാധാരണ വലിയ ഓര്‍ഡറുകള്‍ നല്‍കുന്ന കച്ചവടക്കാര്‍ക്കാണ് കമ്പനികള്‍ ലോഡ് ലഭ്യമാക്കുക. എന്നാല്‍ പാര്‍ഷ്യല്‍ ട്രക്ക് ലോഡ് സൗകര്യം അവതരിപ്പിച്ചതോടെ ഡ്രൈവര്‍ ലോജിസ്റ്റിക്സിന്റെ വെയര്‍ഹൗസുകളില്‍ നിന്ന് കച്ചവടക്കാര്‍ക്ക് ആവശ്യമായ അളവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.
ഇതുകൂടാതെ മള്‍ട്ടി യൂസര്‍ ഫെസിലിറ്റിയെന്നൊരു മറ്റൊരു സൗകര്യം കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വലിയ വെയര്‍ഹൗസ് ആവശ്യമില്ലാത്ത കമ്പനികള്‍ക്കായാണിത്. 1,000 മുതല്‍ 5,000 വരെ സ്‌ക്വയര്‍ ഫീറ്റ് ആവശ്യമായി വരുന്ന കമ്പനികള്‍ക്ക് സ്വന്തമായി വെയര്‍ഹൗസുകള്‍ തുടങ്ങുന്നത് വലിയ ചെലവുള്ള കാര്യമാണ്. അത്തരക്കാര്‍ക്കായി ഡ്രൈവര്‍ ലോജിസ്റ്റിക്സ് 30,000 സ്‌ക്വയര്‍ ഫീറ്റുള്ള വെയര്‍ഹൗസ് ആരംഭിച്ചിട്ടുണ്ട്. സെക്യൂരിറ്റിയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടാകും. ഉപയോഗിക്കുന്ന സ്ഥലത്തിന് മാത്രം വാടക നല്‍കി ഇത് പ്രയോജനപ്പെടുത്താം. നിലവില്‍ കേരളത്തിലും കര്‍ണാടകയിലും മാത്രമാണ് ഈ സേവനം ലഭ്യമാകുക. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കമ്പനിയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്.

ഓപ്പറേഷന്‍സ് ഡയറക്ടര്‍ റഷാദ് എം, ഫിനാന്‍സ് ഡയറക്ടര്‍ അഷറഫ് കൈനിക്കര, ചീഫ് ടെക്‌നോളജി ഓഫീസര്‍ അനൂപ് ടി.എസ് എന്നിവര്‍ കൂടാതെ ഹ്യൂമണ്‍ റിസോഴ്‌സിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്ന പി.കണ്ണന്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ് ചുവതല വഹിക്കുന്ന പ്രദീപ് ഉണ്ണി എന്നിവരടങ്ങുന്നതാണ് ഡ്രൈവര്‍ ലോജിസ്റ്റിക്‌സിന്റെ നേതൃനിര.

Related Articles

Next Story

Videos

Share it