കോറോണക്കാലത്ത് ഇതാ ഒരു നല്ല മാതൃക; വാടക ഒഴിവാക്കി കെട്ടിട ഉടമ

കച്ചവടരംഗത്ത് എന്നും സ്വന്തം വഴി വെട്ടി നടന്ന വ്യക്തിയാണ് മലബാറിലെ ബിസിനസ് പ്രമുഖനായ ഷെവലിയര്‍ സി ഇ ചാക്കുണ്ണി. കൊറോണക്കാലത്തും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന, കച്ചവട സമൂഹത്തിന് ആശ്വാസമേകുന്ന നടപടി സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം വീണ്ടും. കോഴിക്കോട്ടെ കല്ലായി റോഡ്, മൊയ്തീന്‍ പള്ളി റോഡ്, ഫ്രാന്‍സിസ് റോഡ് എന്നിവിടങ്ങളില്‍ ചാക്കുണ്ണിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരോട് മാര്‍ച്ച് മാസത്തിലെ വാടക അദ്ദേഹം വാങ്ങുന്നില്ല. ''എല്ലാവരുടെയും സ്ഥിതി ദയനീയമാണ്. എന്റെയും ഭാര്യയുടെയും മക്കളുടെയും എല്ലാം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണിത്. ഇതില്‍ നിന്നുള്ള വരുമാനമാണ് എനിക്കിപ്പോള്‍ ആശ്രയം. പക്ഷേ, ഇക്കാലത്ത് അത് മാത്രം നോക്കിയിട്ട് കാര്യമില്ല. വാടകക്കാരില്ലാതെ ആയാല്‍ കെട്ടിടങ്ങള്‍കൊണ്ട്ഉ ടമകള്‍ എന്തുചെയ്യാന്‍. ആദ്യം വാടകക്കാര്‍ കഷ്ടകാലം നീന്തികടക്കട്ടെ,''ചാക്കുണ്ണി പറയുന്നു.

ഇതാദ്യമായല്ല ചാക്കുണ്ണി ഇങ്ങനെ കച്ചവടസമൂഹത്തിന് ആശ്വാസമേകുന്ന നിലപാടുകള്‍ എടുക്കുന്നത്. ''ഒരു കച്ചവടക്കാരന്റെ കഷ്ടപ്പാട് ശരിക്കും എനിക്കറിയാം. അശാസ്ത്രീയമായ നികുതി നിര്‍ണയവും സംവിധാനവും മൂലം കേരളത്തിലെ കച്ചവടം പൂട്ടിക്കെട്ടിയ ആളാണ് ഞാന്‍,'' ചാക്കുണ്ണി പറയുന്നു.

മറ്റുള്ളവര്‍ക്കുമാകാം

ചാക്കുണ്ണിയുടെ ഈ തീരുമാനമറിഞ്ഞ് മറ്റുചിലരും ഇളവുകള്‍ നല്‍കാന്‍
മുന്നോട്ടുവന്നിട്ടുണ്ട്. കേരളത്തിലെ വ്യാപാരി സംഘടനകളും ബിസിനസ്
അസോസിയേഷനുകളും മറ്റ് സംഘടനകളും സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സികളും
ഒറ്റക്കെട്ടായി നിന്ന് വാടക കെട്ടിടത്തിലുള്ള കച്ചവടക്കാര്‍ക്കായി ഈ അവസരത്തില്‍ ഇളവുകള്‍ നല്‍കിയാല്‍ കേരളത്തിന് ബിസിനസ് സമൂഹത്തിന തന്നെ അത് വലിയ ആശ്വാസമാകുമെന്ന് ചാക്കുണ്ണി അഭിപ്രായപ്പെടുന്നു. ചാലിശ്ശേരി ചെറുവത്തൂര്‍ ഏലിയാസ് ചാക്കോരുവിന്റെ മകന്‍ ചാക്കുണ്ണി ഹിന്ദിക്ക് മുന്നില്‍ മുട്ടുകുത്തി എസ് എസ് എല്‍ സി രണ്ടുവട്ടം തോറ്റതോടെയാണ് കച്ചവട രംഗത്തേക്ക് വഴിമാറി നടന്നത്. 16ാം വയസില്‍ കോഴിക്കോട് എത്തിയ ചാ്ക്കുണ്ണി അകന്ന ബന്ധുവിന്റെ കച്ചവട സ്ഥാപനത്തില്‍ സെയ്ല്‍സ്മാനായാണ് തുടങ്ങിയത്. പിന്നീട് മിഠായിതെരുവിലെ ട്രേഡിംഗ്
കമ്പനിയിലേക്ക് മാറി. കച്ചവടം ചുറുചുറുക്കോടെ നടത്താന്‍ വേണ്ടതെല്ലാം ചാക്കുണ്ണി സ്വയം പഠിച്ചു. സഹോദരനൊപ്പവും കച്ചവടം നടത്തിയ ശേഷമാണ് സ്വന്തമായൊരു സ്ഥാപനം തുടങ്ങിയത്.

ചന്ദ്രിക സോപ്പ് ഇരിങ്ങാലക്കുടയില്‍ നിന്ന് നാടാകെ വളരാന്‍ തുടങ്ങിയപ്പോള്‍ കേശവന്‍ വൈദ്യരെ ചെന്നുകണ്ട് സോപ്പ് വാങ്ങി കച്ചവടം തുടങ്ങി. പിന്നീട് കച്ചവടത്തിലെ കുശാഗ്ര ബുദ്ധികൊണ്ടാണ് ചാക്കുണ്ണി വളര്‍ന്നത്. ഉജാല, മെഡിമിക്‌സ് സോപ്പ് തുടങ്ങി നാല്‍പ്പതോളം ബ്രാന്‍ഡുകളുടെ വമ്പന്‍ വിതരണക്കാരനായി ചാക്കുണ്ണി പിന്നീട് വളര്‍ന്നു.
2002ല്‍ ഷെവലിയര്‍ പട്ടം ലഭിച്ചു. നികുതി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഗുഡ്‌സ് രംഗം തന്നെ പിന്നീട് ചാക്കുണ്ണി വിട്ടു. ഇതിനിടെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമാനിര്‍മാതാവും കെടിസി ഗ്രൂപ്പ് സാരഥിയുമായ പി വി ഗംഗാധരന്‍, ജ്യോതി ലാബ്‌സ് സാരഥി എം പി രാമചന്ദ്രന്‍, മെഡിമിക്‌സ് സാരഥി ഡോ. എ വി അനൂപ് തുടങ്ങി ഒട്ടനവധി പ്രമുഖരടങ്ങുന്ന വിശാലമായ സൗഹൃദവലയമാണ് ചാക്കുണ്ണിക്കുള്ളത്. മുന്‍പെങ്ങുമില്ലാത്ത ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ സര്‍ക്കാരും നികുതി വകുപ്പും എല്ലാം മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ സഹായം ലഭ്യമാക്കണമെന്നാണ് ചാക്കുണ്ണിയുടെ ആവശ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it