സര്‍ക്കാര്‍ കാര്യം മുറപോലെ, ഇളവുകള്‍ തേടി സംരംഭകര്‍
നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജിഎസ്ടിയും പിഎഫും ബാങ്ക് വായ്പാ തിരിച്ചടവുമടക്കമുള്ള കാര്യങ്ങളില്‍ ഇളവുകളൊന്നും ലഭിക്കാത്തത് സംരംഭകരെ വലയ്ക്കുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സാമ്പത്തിക മുരടിപ്പിനൊപ്പം കൊറോണ കൂടി വന്നതോടെ വിപണിയിടിയുക മാത്രമല്ല, ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റിക്കിടക്കുകയാണ്. അത്തരമൊരവസ്ഥയില്‍ ജിഎസ്ടി ഫയല്‍ ചെയ്യുന്നതടക്കമുള്ള പല കാര്യങ്ങളിലും പ്രതിസന്ധി നേരിടുന്നു.
കേരളത്തിലെ സംരംഭകര്‍ക്ക് ജിഎസ്ടി ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി 22 ആണ്. എന്നാല്‍ ഓഫീസ് പ്രവര്‍ത്തനം തന്നെ അവതാളത്തിലായതു കൊണ്ട് പല സംരംഭങ്ങള്‍ക്കും അതിന് കഴിയില്ലെന്ന് ഉറപ്പായിട്ടുണ്ട്. വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം പിഴ നല്‍കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എടപ്പാളിലെ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ് സുനില്‍കുമാര്‍ പ്രതീക്ഷ വെക്കുന്നു.
പല സ്ഥാപനങ്ങള്‍ക്കും പ്രൊവിഡന്റ് ഫണ്ട് തുക പോലും അടച്ചു തീര്‍ക്കാനാവാത്ത സ്ഥിതിയുണ്ട്. ഇങ്ങനെ വരുമ്പോള്‍ പിഎഫ് ഉടമയ്ക്ക് ലഭിക്കേണ്ടിയിരുന്ന പലിശയടക്കമുള്ള തുക തൊഴിലുടമ പിന്നീട് അടയ്‌ക്കേണ്ടി വരുന്നുണ്ട്.
വലിയ തുകയാണ് ഡാമേജ് ഇനത്തിലും തൊഴിലുടമ അടയ്‌ക്കേണ്ടി വരുന്നത്. നിലവില്‍ രണ്ടു മാസം വരെ പിഎഫ് തുക അടയ്ക്കാന്‍ വൈകിയാല്‍ 5 ശതമാനവും ആറു മാസം വരെയുള്ളതിന് 15 ശതമാനവും അതിലേറെ വൈകിയാല്‍ 25 ശതമാനവും പിഴയൊടുക്കേണ്ടി വരുന്നു.
കൊറോണയടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണം ഓഫീസുകള്‍ പ്രവര്‍ത്തിക്കാതാകുമ്പോള്‍ പിഎഫ് അടയ്ക്കാനുള്ള നടപടികള്‍ നിലയ്ക്കുകയും പിഴയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയും ചെയ്യും. ഇതില്‍ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ പൊതുവേ മാന്ദ്യത്തില്‍ വലയുന്ന സംരംഭകന് വലിയ പ്രഹരമാകും.
രണ്ടു മാസത്തേക്കെങ്കിലും ബാങ്ക് പലിശ എഴുതിത്തള്ളാനുള്ള നടപടി ഉണ്ടാവേണ്ടതുണ്ടെന്ന് കോഴിക്കോട്ടെ വ്യാപാരി ചാക്കുണ്ണി പറയുന്നു. ചുരുങ്ങിയത് വായ്പാ തിരിച്ചടവിന്റെ കാര്യത്തിലെങ്കിലും സമയം നീട്ടിക്കൊടുക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടിയിരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം സാവകാശം അനുവദിക്കേണ്ടതുണ്ട്.
എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ തീരുമാനത്തിനു വേണ്ടി കാത്തിരിക്കുകയാണ് വ്യാപാരി വ്യവസായി സമൂഹം. കൊറോണ കാലത്തു പോലും റോഡരികില്‍ വാഹനങ്ങള്‍ പിടികൂടി പിഴയടപ്പിക്കാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന ആക്ഷേപമാണ് പൊതുവേ ഉയര്‍ന്നു വരുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline