Begin typing your search above and press return to search.
ഹോസ്പിറ്റലുകള്‍ക്ക് ബഹുനില കെട്ടിടം തന്നെ വേണോ?
ചാരിറ്റബ്ള്‍ ട്രസ്റ്റ് ഹോസ്പിറ്റലുകള്‍ ചെയ്തുവരുന്ന വലിയ അബദ്ധമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നത്. ഇതിനായി പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ എന്തൊക്കെയെന്നാണ് കഴിഞ്ഞ ലക്കങ്ങളില്‍ വിശദീകരിച്ചിരുന്നത്. ചാരിറ്റബ്ള്‍ ട്രസ്റ്റ് ഹോസ്പിറ്റലുകളെ ഈ അബദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ നിരവധിയാണ്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.
1. രോഗികളെ കൊണ്ട് ഹോസ്പിറ്റല്‍ നിറഞ്ഞിരിക്കുകയാണെന്നും പരിശോധനാ മുറികളുടെയും ഓപറേഷന്‍ തിയറ്ററുകളുടെയും ഐപി (ഇന്‍പേഷ്യന്റ്) കിടക്കകളുടെയും കുറവുകൊണ്ട് രോഗികളെ തിരിച്ചയക്കേണ്ടി വരുമെന്നുമുള്ള വിശ്വാസം.
2. വലുപ്പത്തിന്റെ കാര്യത്തില്‍ നിലവിലുള്ളതും പുതിയതുമായ മറ്റു ഹോസ്പിറ്റലുകളുമായി മത്സരിക്കേണ്ടതിന്റെ ആവശ്യകത.
3. നിര്‍മാണ ചെലവ് കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് കരുതുന്നത്.
4. പുതിയ കെട്ടിടത്തിന് മാത്രമേ മികച്ച അന്തരീക്ഷം പ്രദാനം ചെയ്യാനാകൂ എന്ന വിശ്വാസം.
5. ചെറിയ പല കെട്ടിടങ്ങളേക്കാള്‍ ഒറ്റ കെട്ടിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിക്കുകയെന്ന് കരുതുന്നത്.
അഞ്ചാമത്തെ കാരണത്തെയാണ് ഈ ലക്കത്തില്‍ പരിശോധിക്കുന്നത്.
പുതിയ ഒറ്റ ബ്ലോക്കില്‍ ജോലി ചെയ്യുമ്പോള്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിക്കുമെന്നതാണ് പല ചാരിറ്റബ്ള്‍ ട്രസ്റ്റ് ഹോസ്പിറ്റലുകളും വെച്ചുപുലര്‍ത്തുന്ന അബദ്ധ ധാരണകളിലൊന്ന്. അകന്നുനില്‍ക്കുന്ന പല കെട്ടിടങ്ങളിലേക്ക് എത്താന്‍ അധികം സമയം വേണ്ടിവരുമെന്നതാണ് ഇതിന് കാരണമായി അവര്‍ കരുതുന്നത്.
ഹോസ്പിറ്റല്‍ ഒറ്റ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിക്കുമെന്നും അതുവഴി ആവശ്യമായ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുമെന്നുമാണ് ഹോസ്പിറ്റല്‍ മാനേജ്മെന്റിന്റെ നിഗമനം.
ഈ അവകാശവാദത്തിന്റെ പ്രധാന പ്രശ്നം എന്തെന്നാല്‍, പുതിയ ഒറ്റ ബ്ലോക്ക് ബഹുനില കെട്ടിടമായിരിക്കുകയും വിവിധ നിലകളിലേക്ക് എത്താന്‍ ലിഫ്റ്റിനെ ആശ്രയിക്കേണ്ടി വരികയും ചെയ്യുമെന്നതാണ്. രണ്ട് വ്യത്യസ്ത നിലകള്‍ ഒരേ ജീവനക്കാരെ വെച്ച് കൈകാര്യം ചെയ്യുക എന്നത് ഫലത്തില്‍ അസാധ്യമാണ്. അതുകൊണ്ടു തന്നെ ജീവനക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച കുറവ് വരുത്താനാവില്ല.
മറ്റൊരു പ്രധാന കാര്യം, നേരത്തേ പഴയ കെട്ടിടത്തിന്റെ ഇടനാഴികളിലായിരുന്നു രോഗികളുടെ ഒഴുക്ക് ഉണ്ടായിരുന്നതെങ്കില്‍ പുതിയ ബഹുനില കെട്ടിടത്തില്‍ അത് ലിഫ്റ്റിലേക്ക് മാറും. പലയിടങ്ങളിലും ആവശ്യത്തിന് ലിഫ്റ്റ് ഇല്ലാത്തതും എല്ലാ നിലകളിലും സ്റ്റോപ്പ് ഉള്ളതും കാരണം വളരെ പതുക്കെയാണ് ലിഫ്റ്റ് പോകുക.
അപകട സാധ്യത കൂടുതല്‍
ഇത് രോഗികളുടെ സഞ്ചാരത്തെ തടസപ്പെടുത്തുകയും അതൃപ്തി വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യുന്നു.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, രോഗികളുടെ സുഗമമായ സഞ്ചാരത്തിന് ലിഫ്റ്റ് പുതിയ തടസമായി മാറുന്നു. മുമ്പത്തെ ഒറ്റനില കെട്ടിടത്തിലെ കോറിഡോറുകള്‍ ഉണ്ടാക്കിയിരുന്ന തടസത്തേക്കാള്‍ വലുത്. മാത്രമല്ല, കിടപ്പ് രോഗികള്‍ ഉള്ള സാഹചര്യത്തില്‍ തീപിടിത്തം പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ ഒരു ബഹുനില കെട്ടിടം ഒഴിപ്പിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ടു തന്നെ ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ കാര്യത്തില്‍ പല ഒറ്റ നില കെട്ടിടങ്ങളേക്കാള്‍ കൂടുതല്‍ അപകട സാധ്യത ബഹുനില കെട്ടിടത്തിനാണ്.
ഒന്നിലധികം കെട്ടിടങ്ങളേയോ ബ്ലോക്കുകളേയോ അപേക്ഷിച്ച് പുതിയ ഒറ്റനില കെട്ടിടമോ ബ്ലോക്കോ ആണ് ആശുപത്രികള്‍ക്ക് അനുയോജ്യമെന്ന പൊതുവേയുള്ള ധാരണ തെറ്റാണെന്ന് ഇതിലൂടെ മനസിലാക്കാം.
വിവിധ ലക്കങ്ങളിലെ ലേഖനങ്ങളിലൂടെ ഞാന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഹോസ്പിറ്റലുകളുടെ ഉന്നത മാനേജ്മെന്റുകള്‍ മുഖവിലയ്ക്കെടുക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. അത് ആശുപത്രിയുടെ മത്സരക്ഷമത കുറയ്ക്കുകയും നിലനില്‍പ്പിനായി നിരക്ക് വര്‍ധിപ്പിക്കാന്‍ മാനേജ്മെന്റിനെ നിര്‍ബന്ധിതരാക്കുകയും ചെയ്യും. ഇതോടെ രോഗികള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ആരോഗ്യ സേവനം നല്‍കുകയെന്ന അവയുടെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.
(This article was originally published in Dhanam Business Magazine April 15th issue)
Next Story
Videos