സര്‍വകാല റെക്കോഡ് ഭേദിച്ച് മുന്നേറ്റം, തൊട്ടാല്‍ കൈപൊള്ളും വിലയില്‍ സ്വര്‍ണം, ഒറ്റയടിക്ക് 600 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് സര്‍വകാല റെക്കോഡ് ഭേദിച്ച് മുന്നേറി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6,960 രൂപയും പവന് 600 രൂപ കൂടി 55,680 രൂപയുമാണ് വില.

കേരളത്തില്‍ മേയ് 20ന് കുറിച്ച ഗ്രാമിന് 6895 രൂപയെന്ന റെക്കോഡാണ് ഇതോടെ മറികടന്നത്. സ്വര്‍ണ വിലയില്‍ നേരിയ തോതില്‍ വിലക്കുറവ് അനുഭവപ്പെടുമ്പോള്‍ തന്നെ വന്‍ തോതില്‍ നിക്ഷേപം വര്‍ധിക്കുന്നത് വില വര്‍ധനയ്ക്കിടയാക്കുന്നുണ്ടെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷര്‍ എസ്.അബ്ദുല്‍ നാസര്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു.
യു.എസ് പലിശ നിരക്ക് കുറച്ചതിനു ശേഷം വലിയ തോതില്‍ വില വര്‍ധിക്കാതിരുന്ന സ്വര്‍ണം, പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇപ്പോള്‍ കുതിച്ചു കയറിയത്. കഴിഞ്ഞ നവംബറില്‍ അന്താരാഷ്ട്ര വില 1,800 ഡോളറില്‍ ആയിരുന്നതാണ് ഇപ്പോള്‍ 800 ഡോളറിലധികം വര്‍ധിച്ച് 2,625 ഡോളറിലായത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് രണ്ടര ശതമാനത്തോളമാണ് ഔണ്‍സ് വില വര്‍ധിച്ചത്. നിലവില്‍ ഔണ്‍സിന് 2,622 ഡോളറിലാണ് വ്യാപാരം. സ്വര്‍ണ വില സമീപ ഭാവിയില്‍ തന്നെ 2,650 ഡോളര്‍ എത്തുമെന്നാണ് നിഗമിനങ്ങള്‍. 2024ല്‍ ഇതുവരെ 27 ശതമാനം നേട്ടമാണ് സ്വര്‍ണത്തിലുണ്ടായത്.

18 കാരറ്റും വെള്ളിയും

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 96 രൂപയില്‍ തുടരുന്നു. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ സ്വര്‍ണ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,775 രൂപയായി.

18 കാരറ്റ് തങ്ക കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി. ഇന്ത്യന്‍ രൂപ ചെറുതായി കരുത്താര്‍ജിച്ചിട്ടുണ്ട്.

ഒരു പവന്‍ ആഭരണത്തിന് വില

ദീപാവലി ഉള്‍പ്പെടെയുള്ള വിശേഷദിനങ്ങള്‍ അടുത്തിരിക്കെ സ്വര്‍ണ വില ഉയരുന്നത് ആഭരണപ്രേമികള്‍ക്കും കച്ചവടക്കാര്‍ക്കും കനത്ത തിരിച്ചടിയാണ്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ ആഭരണം വേണമെങ്കില്‍ 60,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി.എസ്.ടിയും, 45 രൂപയും അതിന്റെ 18 ശതമാനം വരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയും കൂടി നല്‍കിയാലേ ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകൂ. അതനുസരിച്ച് ഇന്ന് 60,271 രൂപ നല്‍കണം. 10 ശതമാനം പണിക്കൂലി കൂട്ടിയാല്‍ ഇത് 63,139 രൂപയാകും. ആഭരണങ്ങളെയും ജുവലറി ഷോപ്പുകളെയും ആശ്രയിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരാം.


Related Articles

Next Story

Videos

Share it