ചൈനയുടെ നീക്കത്തില്‍ കേരളത്തിലും സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്, വെള്ളിവിലയും അടിച്ചു കയറി
കേരളത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഒറ്റ ദിവസം കൊണ്ട് പവന്‍ വില 600 രൂപ ഉയര്‍ന്ന് 57,640 രൂപയിലെത്തി. ഗ്രാം വിലയില്‍ 75 രൂപയുടെ വര്‍ധനയാണുണ്ടായത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 5,950 രൂപയിലെത്തി.
വെള്ളി വിലയും വലിയ മുന്നേറ്റത്തിലാണ്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 101 രൂപയിലെത്തി. നീണ്ട ഇടവേളയക്ക് ശേഷമാണ് വെള്ളി വില നൂറു രൂപ കടക്കുന്നത്.
അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നലെ 0.98 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,658 രൂപയിലെത്തിയിരുന്നു. ഇന്ന് 2,671 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൈനയുടെ കേന്ദ്ര ബാങ്ക് ആറ് മാസത്തിനു ശേഷം വീണ്ടും സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതാണ് അന്താരാഷ്ട്ര വിലയില്‍ മുന്നേറ്റമുണ്ടാക്കിയത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണം.
ശ്രദ്ധ യു.എസിൽ
യു.എസിലെ പണപ്പെരുപ്പ കണക്കുകള്‍ നാളെ പുറത്തു വരാനിരിക്കെ നിക്ഷേപകര്‍ ശ്രദ്ധയോടെയാണ് നീങ്ങുന്നത്. യു.എസിലെ ഉപഭോക്തൃ വില സൂചിക വിവരങ്ങളും നിര്‍ണായകമാണ്. ഡിസംബര്‍ 17-18 തീയതികളില്‍ നടക്കാനിരിക്കുന്ന പണനയ യോഗത്തെ പ്രധാനമായും സ്വാധീനിക്കുക ഈ കണക്കുകളാകും. അടുത്ത മീറ്റിംഗില്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകളില്‍ കാല്‍ ശതമാനം നിരക്ക് കുറവ് വരുത്തുമെന്നാണ് പൊതുവേ പ്രതീക്ഷകള്‍.
യൂറോപ്യന്‍ കേന്ദ്ര ബാങ്കും വ്യാഴാഴ്ച നടക്കാനിരിക്കുന്ന പണനയ മീറ്റിംഗിൽ കാല്‍ ശതമാനം പലിശ നിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്. പലിശ നിരക്ക് കുറഞ്ഞു നിൽക്കുമ്പോൾ സ്വർണം കൂടുതൽ ആകർഷകമാകും. ഇത് വിലയിലും മുന്നേറ്റമുണ്ടാക്കും.
ഒരു പവന്‍ ആഭരണത്തിന് വില
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,640 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി. 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 62,391 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.