Begin typing your search above and press return to search.
നികുതി കുറവിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം, അന്താരാഷ്ട്ര വില റെക്കോഡിനരികെ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,715 രൂപയിലും പവന് 53,720 രൂപയിലുമാണ് ഇന്ന് വ്യാപാരം. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ മന്ത്രി നിര്‍മലാ സീതാരാമന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇപ്പോള്‍ സ്വര്‍ണം.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 5,555 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. അതേസമയം നാല് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വെള്ളി വിലയില്‍ ഇന്ന് ഒരു രൂപയുടെ കുറവുണ്ട്. ഗ്രാം വില 92 രൂപയായി.
അന്താരാഷ്ട്ര വില
യു.എസ് ഡോളര്‍ കരുത്താര്‍ജിച്ചതോടെ അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നലെ ഒരു ശതമാനത്തോളം താഴ്ന്നിരുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കല്‍ സാധ്യതകള്‍ ഉറപ്പാക്കാനായി നിക്ഷേപകര്‍ പണപ്പെരുപ്പകണക്കുകളിലേക്ക് ശ്രദ്ധതിരിച്ചതാണ് ഡോളര്‍ ശക്തമാകാനിടയാക്കിയത്.
ഇന്ന് രാവിലെ ഔണ്‍സിന് 0.53 ശതമാനം ഉയര്‍ന്ന് 2,515.40 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഓഗസ്റ്റ് 20ന് രേഖപ്പെടുത്തിയ ഔണ്‍സിന് 2,532.05 ഡോളറാണ് സ്വര്‍ണത്തിന്റെ റെക്കോഡ് വില. പലിശ നിരക്ക് കുറയ്ക്കുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷ സാധ്യതകളും വരും ദിവസങ്ങളില്‍ തന്നെ സ്വര്‍ണ വില പുതിയ റെക്കോഡ് കുറിക്കാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
Next Story
Videos