Begin typing your search above and press return to search.
'അമേരിക്കന്‍ കളി' സ്വര്‍ണത്തില്‍, അമ്പരന്ന് മലയാളികള്‍, നാല് ദിവസം കൊണ്ട് 1,680 രൂപ കൂടി!
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കയറ്റത്തില്‍. ഇന്ന് ഗ്രാം വില 30 രൂപ ഉയര്‍ന്ന് 7,145 രൂപയും പവന്‍ വില 240 രൂപ കൂടി 57,160 രൂപയുമായി. സ്വര്‍ണാഭരണം വാങ്ങുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടികൊണ്ട് ഈ ആഴ്ച ഇതു വരെ 1680 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് പവന് 59,640 രൂപയിലെത്തി റെക്കോഡിട്ട സ്വര്‍ണം പിന്നീട് വലിയ ഇടിവിലായി. നവംബര്‍ 14ന് വില 55,480 രൂപ വരെ എത്തി. നവംബര്‍ 18 മുതല്‍ വീണ്ടും ഉയരത്തിലേക്കുള്ള പാതയിലാണ്.
ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,890 രൂപയിലെത്തി. വെള്ളി വില തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ ഗ്രാമിന് 99 രൂപയില്‍ വ്യാപാരം തുടരുന്നു.
റഷ്യ-യുക്രൈന്‍ യുദ്ധവും അമേരിക്കന്‍ ഇടപെടലും
അമേരിക്കന്‍ സംഭവ വികാസങ്ങളും റഷ്യ-യുക്രൈന്‍ യുദ്ധവുമാണ് സ്വര്‍ണ വിലയെ ഇപ്പോൾ നിയന്ത്രിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി എത്തുമെന്ന് ഉറപ്പായതോടെയാണ് രാജ്യാന്തര സ്വര്‍ണ വില റെക്കോഡില്‍ നിന്ന് ഇറങ്ങിയത്. ട്രംപിന്റെ നയങ്ങള്‍ ഡോളര്‍ കരുത്താര്‍ജിക്കാനും അതു വഴി സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കാനും ഇടയാക്കുമെന്ന പ്രതീക്ഷകളാണ് വിലയെ ബാധിച്ചത്. പക്ഷെ ഇതിനിടയില്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിലെ പുതിയസംഭവ വികാസങ്ങള്‍ സ്വര്‍ണത്തെ ബാധിച്ചു. യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കാനും മടക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് സൂചന നല്‍കിയതും തുടര്‍ന്ന് റഷ്യന്‍ മണ്ണില്‍ യു.എസ് നിര്‍മിത ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന് അനുമതി നല്‍കിയതും യുദ്ധം കൂടുതല്‍ രൂക്ഷമാകുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചു. ഇത് സുരക്ഷിത നിക്ഷേപമെന്ന ഖ്യാതിയുള്ള സ്വര്‍ണത്തിലേക്ക് ചേക്കേറാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. കഴിഞ്ഞ നാല് ദിവസമായി രാജ്യാന്തര വില മുന്നേറ്റത്തിലാണ്. ഇന്ന് ഔണ്‍സിന് 2,657 ഡോളറിലാണ് വ്യാപാരം. ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില
കേരളത്തില്‍ സ്വര്‍ണ വില ഉയരുന്നത് വിവാഹ പര്‍ച്ചേസുകാരെയും സ്വര്‍ണാഭരണ പ്രേമികളെയും നിരാശയിലാക്കുന്നുണ്ട്. ഇന്ന് ഒരു പവന്റെ വില 57,160 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക പോര. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും നികുതികളും കൂടാതെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ 61,872 രൂപയുണ്ടെങ്കിലെ ആഭരണം വാങ്ങാനാകു. ആഭരണങ്ങള്‍ക്കനുസരിച്ച് പണിക്കൂലി വ്യത്യാസം വരും. ഇത് വിലയിലും പ്രതിഫലിക്കും.
Next Story
Videos