കേരളത്തില്‍ സ്വര്‍ണ വില പണി തുടങ്ങി, ഒറ്റയടിക്ക് കൂടിയത് 480 രൂപ, വിവാഹ പര്‍ച്ചേസുകാര്‍ക്ക് തിരിച്ചടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6,885 രൂപയായി. പവന്‍ വില 480 രൂപ ഉയര്‍ന്ന് 55,080 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി താഴ്ച തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് മലക്കം മറിഞ്ഞത്.

18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5,715 രൂപയായി. വെള്ളി വിലയ്ക്കും ഇന്ന് അനക്കം വച്ചു. ഗ്രാം വില ഒരു രൂപ ഉയര്‍ന്ന് 96 രൂപയിലെത്തി.
വീണ്ടും റെക്കോഡ് വിലയ്ക്ക് തൊട്ടടുത്തെത്തിയിരിക്കുകയാണ് സ്വര്‍ണം. കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള ഉയര്‍ന്ന വില. അതുമായി നോക്കുമ്പോള്‍ 40 രൂപ മാത്രം അകലത്തിലാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിലയില്‍ സമ്മര്‍ദ്ദം

അമേരിക്കയിലെ വമ്പന്‍ പലിശ കുറവിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിലയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലും വില ഉയര്‍ത്തിയത്. പലിശ കുറവു വരുത്തല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് തുടരുമെന്നാണ് യു.എസ് ഫെഡറല്‍ റിസര്‍വ് സൂചിപ്പിച്ചിരിക്കുന്നത്. ഇത് സ്വര്‍ണ വില ഇനിയും ഉയരത്തിലാക്കുമെന്നാണ് നിഗമനങ്ങള്‍.
സെപ്റ്റംബര്‍ 18ന് പലിശ നിരക്ക് കുറച്ചതിനു പിന്നാലെ അന്താരാഷ്ട്ര സ്വര്‍ണ വില 2,600 ഡോളറിലേക്ക് കുതിച്ചു കയറിയെങ്കിലും ലാഭമെടുക്കല്‍ സമ്മര്‍ദ്ദം വിലയിടിവിലേക്ക് നയിച്ചു. ഇന്നലെ വീണ്ടും 1.10 ശതമാനം ഉയര്‍ന്ന് 2,599.36 വരെയെത്തിയ ശേഷം താഴ്ന്നു. നിലവില്‍ ഔണ്‍സിന് 2,592 ഡോളറിലാണ് വ്യാപാരം. വില്‍പ്പന സമ്മര്‍ദ്ദം തുടരുന്നതായാണ് മനസിലാകുന്നത്.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില ഇങ്ങനെ

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 55,080 രൂപയാണ് വില. ഇതിനൊപ്പം പണിക്കൂലിയും മൂന്ന് ശതമാനം ജി.എസ്.ടിയും, 45 രൂപയും അതിന്റെ 18 ശതമാനം വരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയും കൂടി നല്‍കിയാലേ ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകൂ. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാലും ഇന്ന് 59,692 രൂപയെങ്കിലും നല്‍കണം.

Related Articles

Next Story

Videos

Share it