വോട്ടെണ്ണല്‍ ദിനത്തില്‍ വീണ്ടും ഉയര്‍ന്ന്‌ സ്വര്‍ണം; വെള്ളിവിലയും മേലോട്ട്

കഴിഞ്ഞ നാല് ദിവസത്തെ വിലക്കുറവിന്റെ ട്രെന്‍ഡിന് വിരമാമിട്ട് വോട്ടെണ്ണല്‍ ദിനത്തില്‍ കേരളത്തില്‍ സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6,680 രൂപയായി. പവന് 560 രൂപ ഉയര്‍ന്ന് വില 53,440 രൂപയിലെത്തി.

ഒരു പവൻ വാങ്ങണമെങ്കിൽ
മൂന്ന് ശതമാനം ജി.എസ്.ടി.യും 53.10 രൂപ ഹോള്‍മാര്‍ക്ക്ഡ് (HUID) ഫീസും മിനിമം 5 ശതമാനം പണിക്കൂലിയും കണക്കാക്കിയാല്‍ ഇന്ന് 58,000 രൂപയ്ക്കടുത്ത് കൊടുത്താലേ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.
ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം 20ന് (May 20) കുറിച്ച ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. അന്ന് പണിക്കൂലിയും നികുതിയുമടക്കം 59,700 രൂപ കൊടുത്താലായിരുന്നു ഒരു പവന്‍ ആഭരണം കിട്ടുമായിരുന്നത്.
വെള്ളിയും 18 കാരറ്റും
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,555 രൂപയായി. ഇന്നലെ മാറ്റമില്ലാതെ നിന്ന വെള്ളിവില ഇന്ന് ഒരു രൂപ വര്‍ധിച്ച് 98 രൂപയിലെത്തി.
സോളാര്‍പാനലുകള്‍, വൈദ്യുത വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് വെള്ളി ഉപയോഗം കൂടുന്നതാണ് വില വര്‍ധനയ്ക്ക് ഇടയാക്കുന്നത്.

വില ഇനിയും ഉയരുമോ?

അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. ഇന്നലെ ഒരു ശതമാനം ഉയര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 2,351.50 ഡോളറിലെത്തിയിരുന്നു. ഇന്ന് വില 2,346 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. അമേരിക്കയില്‍ പണപ്പെരുപ്പം താഴ്‌ന്നേക്കാമെന്നും അത് കണക്കിലെടുത്ത് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് കാലതാമസം വരുത്താതെ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കാമെന്ന വിലയിരുത്തലുമാണുള്ളത്.

അടിസ്ഥാന പലിശ നിരക്ക് കുറയുമ്പോള്‍ കടപ്പത്രങ്ങള്‍ ആകര്‍ഷകമല്ലാതാകും. ഇത് സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് പ്രിയം കൂട്ടും, അങ്ങനെ വരുമ്പോള്‍ വിലയും കൂടാനിടയുണ്ട്.

Related Articles

Next Story

Videos

Share it