മടുത്തു, ആലപ്പുഴയിലെ ഹോട്ടൽ നടത്തിപ്പുകാർ; ഒരു കൂട്ടമുണ്ട് കാരണങ്ങൾ

ഹൈവേ വീതി കൂട്ടലും തുറവൂര്‍-അരൂര്‍ ആകാശപാതയുടെ നിര്‍മാണവും മൂലം കച്ചവടം നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ ഹോട്ടലുകള്‍ക്ക് വലിയ തിരിച്ചടിയായി പക്ഷിപ്പനിയും വിലക്കയറ്റവും. ജില്ലയില്‍ നല്ലൊരു പങ്ക് ഹോട്ടലുകളും അടച്ചു പൂട്ടലിലേക്ക് എത്തിയിരിക്കുകയാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. പക്ഷിപ്പനിയുടെ പേരില്‍ അശാസ്ത്രീയമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വിലക്കയറ്റം പിടിച്ചു നിറുത്താന്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നതും ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനു കീഴിലുള്ള ഹോട്ടലുകളെല്ലാം ഇന്ന് അടച്ചിട്ട് പ്രതിഷേധിക്കുകയാണ്.

മൂന്ന് മാസമായി വലച്ച് പക്ഷിപ്പനി

ജില്ലയില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ 28 ഇടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പല പഞ്ചായത്തുകളിലും കോഴികളെയും മറ്റും കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് (കള്ളിംഗ്). ഈ സ്ഥലങ്ങളിലെല്ലാം തന്നെ കോഴി, കാട ഇറച്ചികളും മുട്ടയും ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സാധാരണ കള്ളിംഗ് കഴിയുന്നതോടെ പക്ഷിപ്പനി വ്യാപനം കുറയുന്നതായാണ് കാണാറുള്ളത്. എന്നാല്‍ ഇത്തവണ അടുത്ത പ്രദേശങ്ങളില്‍ തുടരെ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കാര്യങ്ങള്‍ വഷളായത്.

ഹോട്ടലുകളുടെ വില്‍പ്പനയില്‍ മുഖ്യ പങ്കും ചിക്കന്‍ വിഭവങ്ങളാണ്. പക്ഷിപ്പനി ബാധയെത്തുടര്‍ന്ന് ഇത്തവണ ശീതീകരിച്ച കോഴിയിറച്ചികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതാണ് ഹോട്ടലുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. ആദ്യമായാണ് ശീതീകരിച്ച കോഴിയിറച്ചിക്ക് പക്ഷിപ്പനി മൂലം നിരോധനമുണ്ടാകുന്നത്. ആദ്യ നിരോധന കാലത്ത് ശീതീകരിച്ച ഇറച്ചി ഉപയോഗിച്ചാണ് ഹോട്ടലുകാര്‍ പിടിച്ചു നിന്നത്.
ചിക്കന്‍ ഉപയോഗിക്കാനാകാതെ വന്നതോടെ ബീഫിന്റെ വിലയും കുതിച്ചുയര്‍ന്നു. മാത്രമല്ല വില കൊടുക്കാന്‍ തയാറായാലും കിട്ടാനില്ലാത്ത സ്ഥിതിയുമാണ്. ഇതിനൊപ്പമാണ് ഇടിത്തീപോലെ പച്ചക്കറി വിലയും കുതിച്ചുയര്‍ന്നത്. പല പച്ചക്കറികള്‍ക്കും ഇരിട്ടിയിലധികമാണ് വില. അതോടെ പച്ചക്കറി വിഭവങ്ങള്‍ മാത്രം നല്‍കുന്ന ഹോട്ടലുകളുടെ നടത്തിപ്പും പ്രയാസത്തിലായി. ഈ സാഹവാര്യത്തിലാണ് ഹോട്ടലുകൾ അടച്ചിട്ടു പ്രേതിഷേധിക്കുന്നതെന്നു ഓൾ കേരള ഹോട്ടൽ ആൻഡ് റസ്റ്റോന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നാസര്‍ ബി. താജ് പറഞ്ഞു.
ദിവസങ്ങളായി പൂട്ടിക്കിടക്കുന്ന ഹോട്ടലുകള്‍

ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള പല സ്ഥലങ്ങളിലും ജൂണ്‍ 25 മുതല്‍ ഹോട്ടലുകള്‍ അടച്ചിട്ടിരിക്കുകയാണ്. ചെറിയ ഹോട്ടലുകളില്‍ പോലും കുറഞ്ഞത് അഞ്ച് ജീവനക്കാരെങ്കിലും തൊഴിലെടുക്കുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം നല്‍കാനും മറ്റുമായി വിഷമിക്കുകയാണ് ഹോട്ടല്‍ വ്യാപാരികള്‍. നിസാര കാര്യങ്ങള്‍ക്കു പോലും പിഴ ചുമത്തുന്ന സര്‍ക്കാര്‍ വ്യാപാരികളെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. അടുത്തിടയാണ് ഒരു ഹോട്ടലില്‍ ലൈസന്‍സ് പ്രദര്‍ശിപ്പിച്ചില്ലെന്ന് ആരോപിച്ചു 10,000 രൂപ പിഴയീടാക്കിയത്. ഹോട്ടല്‍ ജീവനക്കാരന്‍ ക്ലീനിങ്ങിന് വേണ്ടി തൽക്കാലത്തേക്ക് മാറ്റിവച്ചതാണെന്നും സാധുവായ ലൈസന്‍സ് കാണിച്ചിട്ടും പിഴ ഒഴിവാക്കിയില്ലെന്ന് ഇവര്‍ പറയുന്നു.
റോഡിന്റെ വീതികൂട്ടാതെ അശാസ്ത്രീയമായി പാലം പണി
ഇരുവശങ്ങളിലും വീതി കൂട്ടാതെ മേല്‍പ്പാലം പണി തുടങ്ങിയത് മൂലം തുറവൂര്‍ മുതല്‍ അരൂര്‍ വരെയുള്ള എന്‍ എച്ച് 66 ന് സമീപമുള്ള എല്ലാ കച്ചവട സ്ഥാപനങ്ങളും മാസങ്ങളായി പ്രതിസന്ധിയിലാണ്. റോഡില്‍ കുണ്ടും കുഴിയും ആയതിനാല്‍ യാത്രക്കാരും വലയുന്നു. വണ്ടികള്‍ പാര്‍ക്ക് ചെയ്യാന്‍ പോയിട്ട് ഒന്ന് നിറുത്താന്‍ പോലും പറ്റാത്ത അവസ്ഥ. അതിനാല്‍ ഇവിടെയുള്ള കടകളിലേക്കൊന്നും ആളുകള്‍ കയറുന്നില്ല. അരൂര്‍-തുറവൂര്‍ ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി 12 ഓളം ഹോട്ടലുകളെങ്കിലും ഇതിനകം അടച്ചു പൂട്ടി. എല്ലാത്തരം വ്യാപാരികളെയും റോഡ് പണി വലയ്ക്കുന്നുണ്ടെങ്കിലും ഹോട്ടലുകള്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി. കാരണം അതത് ദിവസം വില്‍പ്പന നടത്താനായില്ലങ്കില്‍ കനത്ത നഷ്ടമാണുണ്ടാകുന്നത്.
യാതൊരു ഉള്‍ക്കാഴ്ചയുമില്ലാതെ റോഡ് പണി ആരംഭിച്ചതാണ് കനത്ത ഗതാഗത കുരുക്കിനും നിരന്തരമായ അപകടങ്ങള്‍ക്കും കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഒരു മഴ പെയ്താല്‍ പിന്നെ റോഡിലെ കുഴികള്‍ കാണാനാകാതെ നിരവധി പേരാണ് അപകടങ്ങളില്‍ പെടുന്നത്. ജനങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാതെയാണ് ആകാശപാതയുടെ നിര്‍മാണം നടക്കുന്നതെന്ന് ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണം. എന്നാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാക്കരുതെന്നും ദേശീയ പാതാ അതോറിറ്റിയെ വിവരങ്ങള്‍ ധരിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Related Articles
Next Story
Videos
Share it