Begin typing your search above and press return to search.
യു.പിയും ഗോവയും കുതിക്കുമ്പോള്‍ മദ്യ കയറ്റുമതിയില്‍ കേരളത്തിന്റെ മെല്ലെപ്പോക്ക്; പ്രതിസന്ധിയില്‍ മദ്യക്കമ്പനികള്‍
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യങ്ങളുടെ ഉത്പാദനവും കയറ്റുമതിയും കൂട്ടാന്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച ശിപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ നിര്‍മാതാക്കള്‍. മറ്റ് സംസ്ഥാനങ്ങള്‍ പലതും വിദേശ മദ്യക്കയറ്റുമതിയില്‍ അതിവേഗം മുന്നേറുമ്പോള്‍ എട്ട് മാസം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെ മദ്യ നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
2023 സാമ്പത്തിക വര്‍ഷത്തില്‍ 3,200 കോടിയുടെ വിദേശമദ്യ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇതില്‍ 15 കോടി രൂപയുടെ (0.46 ശതമാനം) കയറ്റുമതി മാത്രമാണ് കേരളത്തില്‍ നിന്നുള്ളത്. അതായത് ഒരു ശതമാനം വിഹിതം പോലും നേടാന്‍ കേരളത്തിന് സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം 90 ലക്ഷം കെയ്‌സ് വിദേശമദ്യമാണ് കയറ്റുമതി ചെയ്തത്. ഇതില്‍ 20,000 കെയ്‌സ് മാത്രമാണ് കേരളത്തില്‍ നിന്നുള്ളത്.
കയറ്റുമതി നയമില്ലാത്തത് പോരായ്മ
കേരളത്തില്‍ നിന്ന് വിദേശ മദ്യം നിര്‍മിച്ച് കയറ്റുമതി നടത്താന്‍ യോഗ്യത നേടിയിട്ടുള്ളത് 47 കമ്പനികളാണ് (17 പ്രാദേശിക ഡിസ്റ്റിലറികള്‍ കൂടാതെ മറ്റ് കമ്പനികളുമായി സഹകരിച്ചുള്ള 30 കമ്പനികളും). ഇതില്‍ മൂന്നെണ്ണം മാത്രമാണ് നിലവില്‍ കയറ്റുമതി നടത്തുന്നത്. അതും വളരെ ബുദ്ധിമുട്ടിയാണ്. കയറ്റുമതി പോളിസി നടപ്പാക്കത്തതാണ് ഇതിന്റെ പ്രധാന പ്രശ്‌നമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കയറ്റുമതി ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വ്യവസായ-എക്‌സൈസ് വകുപ്പ് മന്ത്രിമാരുടെ നിര്‍ദേശ പ്രകാരം കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (KSIDC) എം.ഡി ചെയര്‍മാനായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള 7 അംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. പക്ഷെ എട്ട് മാസമായിട്ടും സര്‍ക്കാര്‍ ഇതില്‍ നടപടിയെടുത്തില്ല. ശിപാര്‍ശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേരളത്തിലെ വിദേശമദ്യ നിര്‍മാതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു.
വിദേശമദ്യ കയറ്റുമതി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി അബ്കാരി നയങ്ങളില്‍ മാറ്റം വരുത്തുമെന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പിന്നീട് അതില്‍ പുരോഗതിയൊന്നുമുണ്ടായില്ല.
ഇക്കഴിഞ്ഞ ബജറ്റിലും കേരളത്തില്‍ നിന്നുള്ള വിദേശ മദ്യ കയറ്റുമതി ഉയര്‍ത്താന്‍ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിലും ഇതുവരെ നടപടകളൊന്നുമായിട്ടില്ല.
ഉത്പാദനശേഷി വിനിയോഗിക്കാതെ 60% ഡിസ്റ്റിലിറികള്‍
കേരളത്തിലെ ഡിസ്റ്റിലറി യൂണിറ്റുകളുടെ 60 ശതമാനവും ഉത്പാദന ശേഷി പൂര്‍ണമായി വിനിയോഗിക്കുന്നില്ല. 17 പ്രാദേശിക ഡിസ്റ്റിലറികളുള്ളതില്‍ രണ്ടെണ്ണം മാത്രമാണ് പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയെല്ലാം പ്രതിസന്ധിയിലാണ്. അധികമായി ഓരോ 10,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കുമ്പോഴും 15 സ്ത്രീ ജീവനക്കാര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നിരിക്കെയാണിതെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ഉപയോഗിക്കാതെയിട്ടിരിക്കുന്ന 60 ശതമാനം കൂടി വിനിയോഗിച്ചാല്‍ സംസ്ഥാനത്തിന് ഓരോ മാസവും 20 ലക്ഷം കെയ്‌സുകള്‍ ഉത്പാദിപ്പിക്കാനാകും. അതുവഴി 3,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
കൂടുതൽ കമ്പനികളെത്തും
മറ്റ് പല സംസ്ഥാനങ്ങളും വലിയ രീതിയില്‍ കയറ്റുമതി നടത്തുന്നുണ്ട്. ഗോവ, മഹരാഷ്ട്ര, യു.പി എന്നിവിടങ്ങളാണ് ഇതില്‍ മുന്നില്‍. നിയമങ്ങള്‍ ലഘൂകരിച്ചാല്‍ കൂടുതല്‍ മദ്യവ്യവസായികള്‍ സംസ്ഥാനത്തേക്ക് എത്തുമെന്ന് ഉത്പാദകര്‍ പറയുന്നു.
കേരളത്തിലെ 17 കമ്പനികള്‍ കൂടാതെ രാജ്യത്തെ പല പ്രധാന കമ്പനികളും ഇവിടെ മദ്യം നിര്‍മിച്ച് ബെവ്‌കോ വഴി വിതരണം ചെയ്യുന്നുണ്ട്. ഇവര്‍ക്കെല്ലാം ഇവിടെ നിന്ന് കയറ്റുമതിയും ചെയ്യാവുന്നതാണ്. സംസ്ഥാനത്തെ നിയമങ്ങള്‍ അനുകൂലമല്ലാത്തതുമൂലം ലാഭകരമല്ലാത്തതാണ് ഇവരെ പിന്തിരിപ്പിക്കുന്നതെന്ന് ഐ.എം.എഫ്.എല്‍ പ്രതിനിധിയും എസ്.ഡി.എഫ് ഡിസിറ്റിലറീസ് സീനിയര്‍ അഡൈ്വസറും എക്‌സ്‌പോര്‍ട്‌സ് ഡയറക്ടറുമായ ഗൗതം മേനോന്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു.
ലേബല്‍ അംഗീകാരം, ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍, കയറ്റുമതി പാസ്, കയറ്റുമതി എന്‍.ഒ.സി, കയറ്റുമതി പെര്‍മിറ്റ് തുടങ്ങി വിവിധ ഫീസുകളാണ് ഇവിടെ ഈടാക്കുന്നത്. ഗോവ, കര്‍ണാടക, ദമാന്‍ എന്നിവിടങ്ങളില്‍ പല ഫീസുകളും ഒഴിവാക്കിയിട്ടുണ്ട്.
കയറ്റുമതിക്കുള്ള ഫീസ് എടുത്തുകളയുന്നതടക്കം ഒമ്പത് നിര്‍ദേശങ്ങളാണ് സമിതി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഇത് നടപ്പിലാക്കിയാല്‍ മാത്രമേ കയറ്റുമതിയില്‍ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാനാകൂ എന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. വിഴിഞ്ഞം പോര്‍ട്ട് വഴിയുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം 7,100 കണ്ടെയ്‌നര്‍ വിദേശമദ്യം രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തതില്‍ വെറും 19 എണ്ണമാണ് കേരളത്തില്‍ നിന്നുള്ളത്.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
Next Story
Videos