തിടുക്കത്തില്‍ യുടേണെടുത്ത് സ്വര്‍ണം, ആഭരണപ്രേമികള്‍ക്ക് വീണ്ടും നിരാശ, കേരളത്തിലെ വില ഇങ്ങനെ

വെള്ളിയും ഉയരത്തിലേക്ക് കാല്‍വച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിപ്പിന്റെ ട്രാക്കില്‍. ഇന്നലെ ഗ്രാം വിലയിലുണ്ടായ 10 രൂപയുടെ കുറവ് ഇന്ന് തിരിച്ചു പിടിച്ചു. ഇതോടെ ഗ്രാം വില വീണ്ടും 7,340 രൂപയിലും പവന്‍ വില 58,720 രൂപയിലുമായി.

കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് അഞ്ച് രൂപ തിരിച്ചു കയറി ഗ്രാമിന് 6,050 രൂപയിലെത്തി.
വെള്ളി വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 97 രൂപയായി.

രാജ്യാന്തര വിലയിലെ നീക്കം

രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണത്തിന്റെ നീക്കം. തിങ്കളാഴ്ച ഔണ്‍സ് സ്വര്‍ണ വില ഒരു ശതമാനത്തിലധികം ഇടിഞ്ഞത് ഇന്നലെ കേരളത്തില്‍ നേരിയ വിലക്കുറവിന് വഴിവച്ചിരുന്നു. അതേസമയം, ഇന്നലെ രാജ്യാന്തര വില 0.56 ശതമാനം ഉയര്‍ന്ന് 2,677 ഡോളറിലെത്തി. ഇന്ന് രാവിലെ നേരിയ ഇടിവിലാണ് വ്യാപാരം.
യു.എസില്‍ നിന്നുള്ള പണപ്പെരുപ്പ കണക്കുകള്‍ ഇന്ന് പുറത്തു വരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിക്കുന്നതാണ് വിലയില്‍ ഇടിവുണ്ടാക്കുന്നത്. ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് തീരുമാനത്തെ സ്വാധീനിക്കുന്നതാണ് ഉപയോക്തൃ വില സൂചിക (CPI) അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പക്കണക്കുകള്‍.
കഴിഞ്ഞ ദിവസം പുറത്തു വന്ന യു.എസ് തൊഴില്‍ കണക്കുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായിരുന്നു. റോയിറ്റേഴ്‌സിന്റെ പ്രവചനമനുസരിച്ച് നവംബറില്‍ 2.7 ശതമാനമായിരുന്ന സി.പി.ഐ ഡിസംബറില്‍ 2.9 ശതമാനം വാര്‍ഷിക വളര്‍ച്ച കാണിക്കുമെന്നാണ് കരുതുന്നത്. മാസ അടിസ്ഥാനത്തില്‍ 0.3 ശതമാനം ഉയര്‍ന്നേക്കാം.

ആഭരണത്തിനു നൽകേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 58,720 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 63,559 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.


Related Articles
Next Story
Videos
Share it