ജെറോം പവലില്‍ കണ്ണെറിഞ്ഞ് സ്വര്‍ണം, കേരളത്തില്‍ വില 57,000ത്തിന് മുകളില്‍; വെള്ളി വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,130 രൂപയിലും പവന് 57,040 രൂപയിലും തുടരുന്നു. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 5,890 രൂപയിലാണ് വ്യാപാരം. അതേസമയം, വെള്ളി വില മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒരു രൂപ ഉയര്‍ന്ന് 98 രൂപയിലെത്തി.

അന്താരാഷ്ട്ര വിലയില്‍ കാര്യമായ മുന്നേറ്റമുണ്ടാകാതിരുന്നതാണ് കേരളത്തിലും ബാധിച്ചത്. ഇന്നലെ ഔണ്‍സ് സ്വര്‍ണം 0.12 ശതമാനത്തിന്റെ നേരിയ നേട്ടത്തോടെ 2,643 ഡോളറിലായിരുന്നു വ്യാപാരം. ഇന്ന് രണ്ട് ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്.

വ്യക്തതയ്ക്കായി കാത്തിരിപ്പ്

യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വില്‍ നിന്ന് പലിശ നിരക്കിനെ കുറിച്ച് കൃത്യമായ സൂചനകള്‍ കിട്ടാന്‍ കാത്തിരിക്കുന്ന നിക്ഷേപകര്‍ വലിയ നീക്കം നടത്തുന്നതില്‍ നിന്ന് പിന്‍വലിഞ്ഞു നില്‍ക്കുന്നതാണ് സ്വര്‍ണത്തെ ബാധിക്കുന്നത്. ഇന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവന വരും. ഒപ്പം അമേരിക്കയുടെ സുപ്രധാന കണക്കുകളും ഈ ആഴ്ച വരും. ഇന്നലെ പുറത്തു വന്ന റിപ്പോർട്ട് അനുസരിച്ച്‌ യു.എസ് തൊഴിലവസരങ്ങള്‍ ഒക്ടോബറില്‍ നേരിയ തോതില്‍ കൂടിയിട്ടുണ്ട്. പിരിച്ചു വിടലുകളും കുറഞ്ഞു. ഇന്ന് കൂടുതൽ വ്യക്തമായ സൂചന ലഭിച്ചാല്‍ സ്വര്‍ണത്തിന്റെ പ്രകടനത്തിലും അത് പ്രതിഫലിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
Related Articles
Next Story
Videos
Share it