ഇറാന്റെ മിസൈലുകളില്‍ ഉയര്‍ന്ന് പൊങ്ങി സ്വര്‍ണം, സംസ്ഥാനത്ത് വില സര്‍വകാല റെക്കോഡില്‍

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് സർവകാല റെക്കോഡ് തൊട്ടു. ഗ്രാം വില 10 രൂപ വര്‍ധിച്ച് 7,110 രൂപയും പവന്‍ വില 80 രൂപ വര്‍ധിച്ച് 56,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. സെപ്റ്റംബര്‍ 27ന് കുറിച്ച് പവന് 56,800 രൂപയെന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്ന് 5,880 രൂപയിലെത്തി.

വെള്ളി വില തുടര്‍ച്ചയായ മൂന്നാം ദിവസവും അനങ്ങാതെ നില്‍ക്കുകയാണ്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.

യുദ്ധഭീതിയിൽ

ഇറാന്‍ ഇസ്രായേലിനു നേരെ മിസൈല്‍ ആക്രമണം നടത്തിയത് മദ്ധ്യേഷ്യയില്‍ യുദ്ധം കൂടുതല്‍ വ്യാപകമാകുന്നതിന്റെ സൂചനകള്‍ നല്‍കുന്നതാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. ഇറാനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന്‌ ഇസ്രായേല്‍ വ്യക്തമാക്കിയത് ഭീതി പടര്‍ത്തുന്നുണ്ട്. യുദ്ധം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെയാണ് നിക്ഷേപകർ കാണുന്നത്. കൂടുതല്‍ പണം സ്വര്‍ണ ഇ.ടി.എഫുകളിലേക്കും മറ്റും ഒഴുക്കും. താത്കാലിക അഭയമെന്ന നിലയില്‍ നടത്തുന്ന ഈ നിക്ഷേപം പിന്നീട് പ്രതിസന്ധികള്‍ ഒഴിയുമ്പോള്‍ കടപ്പത്രങ്ങളിലേക്കും ഓഹരി വിപണിയിലേക്കും മറ്റും തിരിച്ച് നിക്ഷേപിക്കുകയും ചെയ്യും. നിലവിൽ അത്തരത്തിൽ നിക്ഷേപം
ഒഴുകുന്നതാണ് വില ഉയര്‍ത്തുന്നത്.
ഇതുകൂടാതെ അമേിക്കന്‍ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം നടക്കുന്ന മീറ്റിംഗില്‍ തന്നെ പലിശ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന സൂചനകളും സ്വര്‍ണത്തിന് നേട്ടമാണ്. ഒപ്പം യുദ്ധഭീതിയില്‍ ഡോളര്‍ വില ഉയരുന്നതും സ്വര്‍ണത്തില്‍ വിലക്കയറ്റമുണ്ടാക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നത് ഡോളറിലായതിനാല്‍ മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വർണം വാങ്ങാൻ കൂടുതല്‍ ഡോളര്‍ ചെലവാക്കേണ്ടി വരും.
രാജ്യാന്തര വിലയില്‍ ചൊവ്വാഴ്ച വലിയ മുന്നേറ്റമുണ്ടായെങ്കിലും ഇന്നലെ
ഇന്നലെ നേരിയ ഇടിവുണ്ടായിരുന്നു.
ഇന്ന് 0.07 ശതമാനം താഴ്ന്ന് ഔണ്‍സിന് 2,656.02ലാണ് വ്യാപാരം നടത്തുന്നത്.

രാജ്യത്ത്‌ ഉത്സവാഘോഷങ്ങൾ

നവരാത്രി, ദീപാവലി, ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത് രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് കൂട്ടുന്നത് ഇവിടെ വില കയറാന്‍ കാരണമാകുന്നുണ്ട്. വിവാഹങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങേണ്ടവര്‍ക്ക് സ്വര്‍ണ വില ഉയരുന്നത് ആശങ്കയാണ്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 56,800 രൂപയാണെങ്കിലും അതിനൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത തുകയാണ് നല്‍കേണ്ടത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വില കൂടുകയും ചെയ്യും.


Related Articles
Next Story
Videos
Share it