അടച്ചു പൂട്ടാതിരിക്കാനൊരു കാരണം വേണം! ഹോട്ടലുടമകള്‍ക്ക് ദഹനക്കേടായി പച്ചക്കറി മുതല്‍ ജി.എസ്.ടി വരെ

സംസ്ഥാനത്ത് ഹോട്ടല്‍ മേഖല അനുദിനം പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. അടച്ചു പൂട്ടാതിരിക്കാന്‍ എന്തുകാരണമാണ് മുന്നിലുള്ളതെന്നാണ് ഹോട്ടലുടമകള്‍ ചോദിക്കുന്നത്. അത്രയധികം ബുദ്ധിമുട്ടിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.

പച്ചക്കറി വില റോക്കറ്റ് പോലെ

പച്ചക്കറി വിലയിലുണ്ടായിരിക്കുന്ന ഭീമമായ വര്‍ധനയാണ് ഇപ്പോഴത്തെ മുഖ്യ പ്രശനം. വെറും 20 രൂപയായിരുന്ന സവാളയ്ക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളായി 80 രൂപയ്ക്ക് മുകളിലാണ് വില. ഹോട്ടലില്‍ ഏറ്റവും കൂടുതല്‍ ഉപയോഗമുള്ള ഇനമാണ് ഇത്. സാധാരണ ഹോട്ടലുകളില്‍ പോലും ഒരു ചാക്ക് സവാള ഒരു ദിവസം ആവശ്യമായി വരും. നേരത്തെ 1,000 രൂപയ്ക്ക് 50 കിലോ സവാള കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 4,000 രൂപ വേണം. 3,000 രൂപയാണ് സവാളയിനത്തില്‍ മാത്രം അധികമായി വേണ്ടി വരുന്നത്. വെളുത്തുള്ളി വില കുറെ കാലമായി 400 രൂപയ്ക്ക് മുകളിലാണ്. തക്കാളിക്ക് കിലോ 60 രൂപയും പച്ചമുളക് 80 രൂപയിലുമാണ്. ഇതുകൂടാതെ വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.
പാചകവാതകത്തിന്റെ വിലയും ഓരോ മാസവും വര്‍ധിപ്പിക്കുകയാണ്. വാണിജ്യ സിലണ്ടറിന് ഇപ്പോള്‍ 1,850 രൂപയോളമാണ് വില. തുടര്‍ച്ചയായി അഞ്ചാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ദിവസം രണ്ട് മുതല്‍ അഞ്ച് സിലണ്ടറുകള്‍ വരെയാണ് ഹോട്ടലുകള്‍ക്ക് വേണ്ടി വരാറുള്ളത്.

വില വര്‍ധന വൈകില്ല

ഇതുകൂടാതെ മീനിനും ബീഫിനുമൊക്കെ വില ഉയരുന്നുണ്ട്. താരതമ്യേന ചിക്കന്‍ വില മാത്രമാണ് വലിയ കയറ്റമില്ലാതെ നില്‍ക്കുന്നത്. ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോള്‍ ഹോട്ടല്‍ നടത്തികൊണ്ടുപോകാന്‍ കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ നാലിരട്ടിയോളമാണ് ചെലവ് വര്‍ധിച്ചതെന്ന് ഹോട്ടലുടമകള്‍ പറയുന്നു.
എന്നാല്‍ ഇതിന് ആനുപാതികമായി ഹോട്ടല്‍ ഭക്ഷണത്തിന് വില വര്‍ധിപ്പിച്ചാല്‍ കച്ചവടം നടക്കില്ലെന്ന് അറിയാവുന്നതിനാല്‍ ഇപ്പോഴും പഴയ വിലയ്ക്ക് തന്നെയാണ് പല ഹോട്ടലുകളും ഭക്ഷണം നല്‍കുന്നത്. ചെറിയ തോതിലെങ്കിലും വില വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജയപാല്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു.
ഹോട്ടലുകള്‍ സ്വന്തം നിലയ്ക്കാണ് ഭക്ഷണസാധനങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത്. ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങള്‍, ഭക്ഷണത്തിന്റെ അളവ്, നല്‍കുന്ന സേവനങ്ങള്‍ എന്നിവ അനുസരിച്ച് നിരക്ക് വര്‍ധന വ്യത്യാസപ്പെട്ടിരിക്കും. ഹോട്ടലുകള്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും വില വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.

ന്തിനും ഏതിനും ഫൈന്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും അമിത പിഴ ഈടാക്കുന്നുവെന്നാണ് ഹോട്ടലുടമകള്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രശ്‌നം. ഉച്ച സമയത്ത് പരിശോധനയ്‌ക്കെത്തുന്നവര്‍ ഭക്ഷണം തുറന്നുവെച്ചെന്ന് കാണിച്ചാണ് ഫൈന്‍ ഈടാക്കുന്നത്. തുറന്നു വയ്ക്കാതെ എങ്ങനെയാണ് തിരക്കുള്ള നേരത്ത് ഭക്ഷണം വിളമ്പുക എന്നാണ് ഹോട്ടലുടമകളുടെ ചോദ്യം. എന്നാല്‍ സുരക്ഷിതത്വത്തില്‍ വീട്ടു വീഴ്ച പാടില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാദിക്കുന്നു.
ഓടയിലേക്ക് മലിനജലം ഒഴുക്കുന്നതായി കാണിച്ച് പിഴയീടാക്കുന്നുണ്ട്. ഹോട്ടലിനു മുന്നില്‍ വയ്ക്കുന്ന പുകവലി പാടില്ല എന്ന ബോര്‍ഡിന് അര സെന്റീമീറ്ററിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈയിടെ ഒരു ഹോട്ടലിനു 200 രൂപ പിഴ ഈടാക്കിയതായി ഹോട്ടലുടമകള്‍ പറയുന്നു. 10,000 രൂപ മുതല്‍ 20,000 രൂപ വരെയൊക്കെയാണ് പല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പിഴ ഈടാക്കുന്നത്. എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് പുതുക്കാന്‍ ഒരു ദിവസം താമസിച്ചാല്‍പോലും വലിയ പിഴ ഈടാക്കാറുണ്ടെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

പ്രതീക്ഷ മന്ത്രിയുടെ യോഗത്തില്‍

ഹോട്ടല്‍ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മീറ്റിംഗ് വിളിക്കുമെന്ന് അറിയിച്ചതാണ് ഏക ആശ്വാസം. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇതു വഴി സാധിച്ചേക്കുമെന്ന് അസോസിയേഷന്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇതു മാത്രമല്ല ജി.എസ്.ടി കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര ഇടപെടലുകളും വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

ജി.എസ്.ടി കുരുക്ക്

ഹോട്ടലുകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് എടുക്കാനാകില്ല. കോംപോസിഷന്‍ ടാക്‌സില്‍ പോലും അഞ്ച് ശതമാനം ജി.എസ്.ടി അടയ്‌ക്കേണ്ട അവസ്ഥയാണ്. ഉത്പാദന മേഖലകള്‍ക്ക് പോലും ഒരു ശതമാനം മാത്രമുള്ളപ്പോള്‍ എം.എസ്.ഇ വിഭാഗത്തില്‍ വരുന്ന ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനമാണ് ജി.എസ്.ടി. ഇത് നീതീകരിക്കാനാകില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഓരോ ഭക്ഷണത്തിനും ഈടാക്കുന്ന ജി.എസ്.ടി നിരക്കും കൂടുതലാണ്. കാശുണ്ടാക്കാനുള്ള ഒരു മാര്‍ഗമായിട്ടാണ് പിഴ ഈടാക്കുന്നതിനെ കണക്കാക്കുന്നതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

തട്ടുകടക്ക് നിശ്ചിത സ്ഥലം

തട്ടുകടകള്‍ വഴിയുള്ള അനധികൃത കച്ചവടം കേരളത്തില്‍ കൊഴുക്കുന്നതും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലൈസന്‍സും കറന്റ് ചാര്‍ജും വേണ്ട, വെള്ളം പരിശോധിക്കണ്ട, തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് വേണ്ട ..ഇതൊക്കെ കാരണം ധാരാളം തട്ടുകടകളാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. ഇത് വലിയ പ്രതിസന്ധിയാണ് ഈ മേഖലയിലുണ്ടാക്കുന്നത്. തട്ടുകടകള്‍ക്ക് ക്യത്യമായ സ്ഥലം നിശ്ചയിച്ച് നല്‍കണമെന്നതാണ് മേഖലയുടെ ആവശ്യം. സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകളുടെ അടിയന്തര ഇടപെടലുണ്ടായാലേ ഈ മേഖലയ്ക്ക് ഇനി മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് ഹോട്ടലുടമകള്‍ പറയുന്നു.

കൂലിക്ക് കുറവില്ല, ആളെ കിട്ടാനുമില്ല

പാചകത്തിനും മറ്റുമായി ആവശ്യത്തിന് മലയാളി ജീവനക്കാരെ കിട്ടാനില്ലെന്നതും വലിയ പ്രതിസന്ധിയാകുന്നുണ്ട്. ഹോട്ടലുകളില്‍ ക്ലീനിംഗിനും മറ്റുമാണ് അതിഥി തൊഴിലാളികളെ ഉപയോഗിക്കുന്നത്. പുതിയ തലമുറ ഭക്ഷണങ്ങളുടെ പാചകത്തിനും അവരെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കേരളത്തിന്റെ തനത് വിഭവങ്ങള്‍ ഇപ്പോഴും മിക്ക ഹോട്ടലുകളിലും ഉണ്ടാക്കുന്നത് മലയാളികളാണ്. ആവശ്യത്തിനു തൊഴിലാളികളെ പക്ഷെ , ഈ വിഭാഗത്തില്‍ ലഭിക്കുന്നില്ല. ക്ലീനിംഗ് തൊഴിലാളികള്‍ക്ക് 500 രൂപ മുതല്‍ കൂലി തുടങ്ങുമ്പോള്‍ പാചകക്കാര്‍ക്ക് 1,000 മുതല്‍ 3,000 രൂപ വരെ നല്‍കണം. ഭക്ഷണവും താമസവും കൂടാതെയാണിത്. അടിക്കടി കൂലി വര്‍ധന ആവശ്യപ്പെടുന്നതും പ്രശ്‌നമാണ്. ചെറുകിട ഹോട്ടലുകള്‍ പലതും ലോണെടുത്തും ബാങ്ക് ഓവര്‍ഡ്രാഫ്‌റ്റെടുത്തുമാണ് വ്യവസായം മുന്നോട്ടു കൊണ്ടു പോകുന്നത്. ഈ രീതിയില്‍ പോയാല്‍ ചെറുകിട ഹോട്ടലുകള്‍ പലതും അടച്ചു പൂട്ടേണ്ടി വരും. ഒരു ലക്ഷത്തിനടുത്ത് ഹോട്ടലുകളാണ് കേരളത്തിലുള്ളത്. ഇതിനകം തന്നെ നിരവധി ഹോട്ടലുകള്‍ അടച്ചു പൂട്ടി.
അശാസ്ത്രീയമായ രീതിയിലുള്ള റോഡു പണികളും ഹോട്ടലുകളെ ബുദ്ധിമുട്ടിലാക്കുന്നു. പൊടികാരണം പല ഹോട്ടലുകളും തുറന്നു വെയ്ക്കാൻ കഴിയാത്ത സ്ഥിതി. ഹൈവേ പണിയും മോട്രോ നിര്‍മാണവുമൊക്കെ ഇത്തരത്തില്‍ ഹോട്ടലുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വികസനം നാടിന് ആവശ്യമാണെങ്കിലും കൃത്യമായ ആസൂത്രണമില്ലായ്മ ചെറുകിട കച്ചവട സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. കഴിയുന്നത്ര ബാധിക്കാത്ത രീതിയില്‍ രൂപരേഖ തയാറാക്കി മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ഹോട്ടലുടമകള്‍ ചൂണ്ടിക്കാട്ടുന്നു.
Related Articles
Next Story
Videos
Share it