കനിവറ്റ് കാലവര്‍ഷം; ലോഡ് ഷെഡ്ഡിംഗിനും പവര്‍ കട്ടിനും സാധ്യത

തോരാമഴയുടെ മാസമായിരുന്ന കര്‍ക്കിടകം പകുതിയെത്താറാവുമ്പോഴും അണക്കെട്ടുകളില്‍ അഞ്ചിലൊന്നു മാത്രമാണിപ്പോള്‍ വെള്ളം

പവര്‍ ജനറേറ്റര്‍, ഇന്‍വര്‍ട്ടര്‍ വിപണികളൊഴികെ കേരളത്തിലെ സമസ്ത മേഖലകളിലും പരിഭ്രാന്തി വിതച്ചുകൊണ്ട് കാലവര്‍ഷം പിണങ്ങിനില്‍ക്കുന്നതിനാല്‍ കടുത്ത ജലക്ഷാമത്തിലേക്കും വൈദ്യുതി നിയന്ത്രണത്തിലേക്കും സംസ്ഥാനം നിപതിക്കുമെന്ന ആശങ്ക രൂക്ഷമായി വരുന്നു. ഇതുവരെയുള്ള മഴക്കുറവ് 27 ശതമാനമാണ്. ഇപ്പോഴത്തെ നിലയ്ക്ക് 40 ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമേ അണക്കെട്ടുകളിലുള്ളൂവെന്നാണ് കെ.എസ്.ഇ.ബി. കണക്കാക്കുന്നത്.

തോരാമഴയുടെ മാസമായിരുന്ന കര്‍ക്കിടകം പകുതിയെത്താറാവുമ്പോഴും അണക്കെട്ടുകളില്‍ അഞ്ചിലൊന്നു മാത്രമാണിപ്പോള്‍ വെള്ളം. 60-90 ശതമാനമാണ് മുന്‍ കാലങ്ങളില്‍ രേഖപ്പെടുത്തിയിരുന്നത്്. ഇടുക്കി ഉള്‍പ്പെടെ പ്രധാന സംഭരണികളിലെല്ലാം തന്നെ 30 ശതമാനത്തില്‍ താഴെയാണു നിലവിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഈ അണക്കെട്ടുകളില്‍ 60 ശതമാനമുണ്ടായിരുന്നു.അടുത്ത മാസാദ്യത്തോടെ മഴ ശക്തമാകുമെന്നു പറയുമ്പോഴും കാലാവസ്ഥാ പ്രവചനങ്ങള്‍ മാറിമറിയുന്നതിനാല്‍ മണ്‍സൂണ്‍ ഇനി ശക്തമാകുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. തുലാവര്‍ഷവും ചതിച്ചാല്‍ അവസ്ഥ കൂടുതല്‍ ഗുരുതരമാകും. പുറമേനിന്ന് സാധ്യമായത്ര വൈദ്യുതി എത്തിച്ചാലും ഇവിടെ തികയാതെവരും.

നിലവില്‍ 800 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളം മാത്രമേ കേരളത്തിലെ എല്ലാ അണക്കെട്ടുകളിലുമായുള്ളൂ. 2018 ജൂലൈ 25-ന് 1824 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. കേരളത്തിന്റെ പ്രതിദിനാവശ്യം ശരാശരി 60 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 30 ശതമാനം അണക്കെട്ടുകളില്‍ നിന്നു തന്നെയാണ്.

പകല്‍ 2600-2700 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തെ  ഉപഭോഗം. അതേസമയം, വൈകിട്ട് ആറിനും രാത്രി 11 നുമിടയില്‍ 3800 മെഗാവാട്ടു വരെയാണ് ശരാശരി. 400-500 മെഗാവാട്ടിന്റെ കമ്മി വരുന്നുണ്ട്് ഈ സമയം. ഇത് പരിഹരിക്കുന്നതിന്  യൂണിറ്റിന് 8-9 രൂപ നിരക്കിലാണ് പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങുന്നത്. പുറമേനിന്ന് ഇപ്പോഴത്തേതിനേക്കാള്‍ 200 മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ശേഷി ലൈനുകള്‍ക്കില്ലെന്നതിനാല്‍ അണക്കെട്ടുകള്‍ ശുഷ്‌കിച്ചുനിന്നാല്‍ പവര്‍ കട്ട് ഒഴിവാക്കാനാകാതെ വന്നേക്കാം. ഓഗസ്റ്റ്് മൂന്നിന് തിരുവനന്തപുരത്തു ചേരുന്ന ഉന്നത തല യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here