കേരളത്തില്‍ കൊടുംചൂട്; അവധിക്കാലം മറുനാട്ടിലാക്കി മലയാളി, വിദേശയാത്രകളിലും 20% വരെ വര്‍ധന

പാക്കേജ് നിരക്കുകളില്‍ 40 ശതമാനത്തോളം വളര്‍ച്ച
കേരളത്തില്‍ കൊടുംചൂട്; അവധിക്കാലം മറുനാട്ടിലാക്കി മലയാളി, വിദേശയാത്രകളിലും 20% വരെ വര്‍ധന
Published on

ചുട്ടുപൊള്ളുന്ന വേനലിനൊപ്പമാണ് കേരളത്തില്‍ അവധിക്കാലം വന്നെത്തിയത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ എല്ലാ ജില്ലകളും വേനല്‍ച്ചൂടില്‍ തിളച്ചുമറിയുമ്പോള്‍ അവധിക്കാലം മറുനാട്ടിലാഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികള്‍. സാധാരണ കേരളത്തിലെ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ചേക്കേറിയിരുന്നവര്‍ പോലും തണുപ്പുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുമൊക്കെ പോയിത്തുടങ്ങി.

യാത്രകളെ തിരികെപ്പിടിച്ച്

2020 മുതല്‍ കൊവിഡ് പ്രതിസന്ധിയില്‍പെട്ട് യാത്രകള്‍ ചുരുക്കിയിരുന്നവരെല്ലാം കഴിഞ്ഞ കുറച്ചു കാലമായി യാത്രകളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. 2019 ആയിരുന്നു യാത്രകളുടെ ഏറ്റവും വലിയ വസന്തകാലം. എന്നാല്‍ 2024 ആ നേട്ടത്തിന്റെ റെക്കോഡ് ഇങ്ങെടുക്കുകയാണ്. 2019നെ അപേക്ഷിച്ച് ഈ വര്‍ഷം 15-20 ശതമാനം വളര്‍ച്ചയാണ് ആഭ്യന്തര-വിദേശ യാത്രകളിലുണ്ടായിരിക്കുന്നതെന്ന് ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയ മാനേജ്മെന്റ് കമ്മിറ്റി അംഗവും കോറാസ് ട്രാവല്‍ ആന്‍ഡ് ട്രേഡ് ലിങ്ക് മാനേജിംഗ് ഡയറക്ടറുമായ പൗലോസ് കെ. മാത്യു പറഞ്ഞു.

നോര്‍ത്ത് ഇന്ത്യയിലേക്ക് ധാരാളം പേര്‍ അവധി ആസ്വദിക്കാനായി പോകുന്നുണ്ട്. കാശ്മീര്‍, ഡല്‍ഹി-ആഗ്ര, കുളു-മണാലി, ഗോവ എന്നിവിടങ്ങളാണ് ആഭ്യന്തരയാത്രക്കാര്‍ക്ക് കൂടുതല്‍ പ്രിയം. രാമക്ഷേത്രം തുറന്നതിനു പിന്നാലെ ഉത്തര്‍പ്രദേശിലേക്കും മറ്റും അടുത്തിടെയായി തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമായി ആളുകള്‍ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് യാത്രകള്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക്

വിദേശങ്ങളില്‍ എല്ലാ രാജ്യത്തേക്കും തന്നെ മലയാളികള്‍ സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആദ്യമായി രാജ്യത്തിന് പുറത്ത് അവധി ആഘോഷിക്കാനാഗ്രഹിക്കുന്നവര്‍ കൂടുതലും മലേഷ്യ, തായ്‌ലന്‍ഡ്‌, വിയറ്റ്നാം എന്നിവപോലുള്ള താരതമ്യേന ചെലവു കുറവുള്ള ഏഷ്യന്‍ രാജ്യങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. വീസ ലഭിക്കാനുള്ള എളുപ്പവും ആകര്‍ഷകമായ പാക്കേജുകളുമൊക്കെയാണ് കാരണം.

പലതവണ വിദേശ യാത്രകള്‍ നടത്തിയവരാകട്ടെ ജപ്പാന്‍, ടര്‍ക്കി എന്നിവിടങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ താത്പര്യം കാണിക്കുന്നുണ്ട്. യു.എസിലേക്ക് പോകാന്‍ ആളുകള്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വീസ ലഭ്യതയാണ് തടസം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് 2025 മേയിലേക്കൊക്കെയാണ് വീസ ലഭിക്കുക. അതിനാല്‍ നിലവില്‍ വീസയുള്ളവര്‍ മാത്രമാണ് അമേരിക്കയിലേക്ക് യാത്ര പോകുന്നത്.

കൊവിഡിന്റെ വരവ് ആളുകളുടെ യാത്രാ ശീലങ്ങളില്‍ തന്നെ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു. പണ്ട് പണം സേവ് ചെയ്യാനായിരുന്നു കൂടുതല്‍ പേര്‍ക്കും താത്പര്യമെങ്കില്‍ ഇപ്പോള്‍ യാത്രകളും ജീവിതത്തിന്റെ ഭാഗമാക്കി പലരും. വര്‍ഷത്തില്‍ ഒരു ആഭ്യന്തര യാത്രയും ഒരു വിദേശ യാത്രയും എന്ന നിലയിലാണ് പ്ലാനിംഗ്.

പാക്കേജുകളില്‍ 30-40 ശതമാനം വര്‍ധന

കൊവിഡിനു മുന്‍പുള്ള കാലവുമായി നോക്കുമ്പോള്‍ യാത്രാ പാക്കേജുകള്‍ ചെലവേറിയതായിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം വിമാനടിക്കറ്റ് നിരക്കുകള്‍ തന്നെ. 30 മുതല്‍ 40 ശതമാനം വരെ വര്‍ധനയാണ് ടിക്കറ്റ് നിരക്കിലുണ്ടായിരിക്കുന്നത്. ഇത് മൊത്തം പാക്കേജിലും അത്ര തന്നെ വര്‍ധനയുണ്ടാക്കുന്നു. എന്നാല്‍ മറ്റ് ചെലവുകളില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല.

ആഭ്യന്തര യാത്രകളും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകളുമൊക്കെ 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള റേഞ്ചിലാണ്. അതേസമയം യു.എസും യൂറോപ്പുമടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ രണ്ട് ലക്ഷത്തിനു മുകളിലേക്കു പോകും. യാത്ര ചെയ്യുന്ന ദിവസങ്ങളേയും തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനെയും അനുസരിച്ച് നിരക്കില്‍ വ്യത്യാസം വരും. സാധാരണ 8 മുതല്‍ 20 ദിവസം വരെയാണ് ഇന്റര്‍നാഷണല്‍ ട്രിപ്പുകളുടെ പാക്കേജുകള്‍ വരുന്നത്. അഞ്ച് മുതല്‍ എട്ട് ദിവസം വരെയാണ് ആഭ്യന്തര യാത്രകള്‍ക്കായി കൂടുതല്‍ പേരും താത്പര്യപ്പെടുന്നത്.

അമ്പതുകളിലെ യാത്രാപ്രേമം

അവധിക്കാല യാത്രകളും മറ്റും ആസ്വദിക്കാന്‍ മുന്നിട്ടിറങ്ങുന്നതില്‍ കൂടുതലും അമ്പതു വയസിനു മുകളില്‍ പ്രായമുള്ളവരാണ്. ചെലവഴിക്കാനുള്ള വരുമാനം ഈ പ്രായക്കാര്‍ക്കിടയിലാണ് കൂടുതലെന്നതാണ് ഇതിനു കാരണം. പലരും റിട്ടയര്‍മെന്റ് ലൈഫ് ആഘോഷിക്കുന്നതും യാത്രകളിലൂടെയാണ്. എന്നാല്‍ യുവാക്കള്‍ കൂടുതലും ബജറ്റ് ട്രാവലുകളാണ് തെരഞ്ഞെടുക്കുന്നത്. 16-48 പേരുകളടങ്ങിയ ഗ്രൂപ്പുകള്‍ക്കായാണ് ട്രാവല്‍ ഏജന്‍സികള്‍ കൂടുതലും പാക്കേജുകള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഫാമിലിക്കു മാത്രമായും സ്ത്രീകള്‍ക്കു മാത്രമായുമൊക്കെ പ്രത്യേക പാക്കേജുകളുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com