ക്വാറികളിലെ ഖനന നിരോധനം നീക്കി
പ്രളയവും ഉരുള്‍പൊട്ടലും വന്നതോടെ ക്വാറികളില്‍ പാറ പൊട്ടിക്കുന്നതുള്‍പ്പെടെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. അതിതീവ്രമഴ കുറഞ്ഞതോടെ ദുരന്ത നിവാരണ അതോറിറ്റി എല്ലാ വിധ അലര്‍ട്ടുകളും പിന്‍വലിച്ച സാഹചര്യത്തിലാണ് നിരോധന ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ വ്യക്തമാക്കി.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന 750 ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നത്. പാറഖനനം ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ ശുപാര്‍ശ കണക്കിലെടുത്തായിരുന്നു തീരുമാനം.
സംസ്ഥാനത്ത് പാറഖനനം അനിയന്ത്രിതമായാണ് നടക്കുന്നതെന്ന് പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി കണ്ടെത്തിയിരുന്നു. പാറ പൊട്ടിക്കുന്നതിനും, ഖനനം അവസാനിപ്പിച്ചശേഷമുള്ള ക്വാറിസംരക്ഷണ കാര്യത്തിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ നിലവിലുണ്ടെങ്കിലും ഇത് ഒട്ടുമിക്ക ക്വാറികളിലും പാലിക്കപ്പെടാറില്ലെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഉരുള്‍പൊട്ടി ഏറെ നാശമുണ്ടായ മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമായി ആയിരത്തിലധികം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത്രേ.