നഷ്ടക്കച്ചവടം! സംസ്ഥാനത്ത് കൂടുതല്‍ കടകള്‍ അടച്ചുപൂട്ടുന്നു

കോവിഡിന് ശേഷം കേരളത്തില്‍ മാത്രം അടച്ചുപൂട്ടിയത് ചെറുതും വലുതുമായ ഒരു ലക്ഷത്തിലേറെ വ്യാപാര സ്ഥാപനങ്ങളാണ്. വിവിധ വ്യാപാരി സംഘടനകള്‍ നല്‍കുന്ന കണക്കാണിത്. യഥാര്‍ത്ഥത്തില്‍ ഇതില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ടാവാം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വര്‍ഷങ്ങളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മേഖലയാണിത്. രാജ്യത്ത് തന്നെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GDP) 10 ശതമാനം നല്‍കുന്നത് വ്യാപാര മേഖലയാണ്. ആകെ ജനസംഖ്യയുടെ എട്ടു ശതമാനത്തിലേറെ പേരും ജീവിക്കുന്നത് ഈ മേഖലയെ ആശ്രയിച്ചാണ്. കേരളത്തിലും സ്ഥിതി വിഭിന്നമല്ല.
ആയിരക്കണക്കിന് കുടുംബങ്ങളാണ് വ്യാപാര സ്ഥാപനങ്ങളെ ആശ്രയിച്ച് കഴിയുന്നത്. അതുകൊണ്ടു തന്നെ വ്യാപാര മേഖലയിലെ ചെറിയപ്രതിസന്ധി പോലും സംസ്ഥാനത്തെ വലിയ തോതില്‍ ബാധിക്കും.
സര്‍ക്കാര്‍ നയങ്ങള്‍ മുതല്‍ സാമൂഹ്യ മാറ്റങ്ങള്‍ വരെയുള്ള വ്യാപാര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്. റോഡ് വികസനമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ പോലും സ്ഥലം ഒഴിഞ്ഞു കൊടുക്കല്‍ പോലുള്ള കാര്യങ്ങളിലും വ്യാപാരികള്‍ തന്നെയാണ് ഏറെ ത്യാഗം അനുഭവിക്കുന്നത്. കാര്‍ഷിക വിളകളുടെ വിലയിടിവും ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധിയുമെല്ലാം ആദ്യം ബാധിക്കുന്നതും വ്യാപാര മേഖലയെയാണ്. അടച്ചുപൂട്ടിയാല്‍ ഭാവി എന്താകും എന്ന ആശങ്ക മൂലം നഷ്ടംസഹിച്ചും കട നടത്തിക്കൊണ്ടുപോകുന്നവരാണ് കേരളത്തിലെ വ്യാപാരികളില്‍ ഭൂരിഭാഗവും.
വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മൂലം നാട്ടില്‍ ആളില്ലാത്തതു പോലെയുള്ള സാമൂഹ്യ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണല്‍ എളുപ്പമല്ല. എന്നാല്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ചിലതിന് സര്‍ക്കാര്‍ തലത്തില്‍ പരിഹാരം കാണാനാകും.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഈ പ്രതിസന്ധിക്ക് ഉടനെ പരിഹാരം കാണണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. വ്യാപാരികള്‍ നേരിടുന്ന പ്രധാനപ്പെട്ട 10 പ്രശ്നങ്ങള്‍ പരിശോധിക്കാം.
1. യുവ തലമുറ നാടുവിടുന്നു
കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി താമസിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഇതുകൊണ്ട് പല ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആളുകളുടെ എണ്ണം കുറഞ്ഞു. പുതിയ തലമുറ നാട്ടില്‍ വീട് വെയ്ക്കാന്‍ വരെ മടിക്കുന്ന അവസ്ഥയാണ്.
കെട്ടിട നിര്‍മാണ മേഖലയിലടക്കം ഇതുണ്ടാക്കുന്ന വ്യാപാര മാന്ദ്യം ചെറുതല്ല. മുമ്പ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലി തേടി പോയിരുന്നവര്‍ കുറച്ചുകാലത്തിന് ശേഷം തിരിച്ചുവന്നിരുന്നെങ്കില്‍ ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ അവിടെ സ്ഥിരതാമസമാക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ടും മറ്റും വീട് നവീകരിക്കുന്ന പതിവ് മുമ്പുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല.
2. കയ്യില്‍ പണമില്ല
കാര്‍ഷിക മേഖലയില്‍ ഉണ്ടായിരിക്കുന്ന വിലയിടിവും മറ്റും ജനങ്ങളുടെ ക്രയശേഷിയെ വലിയതോതില്‍ ബാധിച്ചിരിക്കുന്നതായി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗ്രാമീണ മേഖലയിലും മറ്റും ആളുകള്‍ ചെലവിടല്‍ കുറച്ചതോടെ വ്യാപാര മേഖലയ്ക്കാണത് വലിയ തിരിച്ചടിയാകുന്നത്. പണമുള്ളവരാകട്ടെ എത്ര ദൂരെപോയും സാധനങ്ങള്‍ വാങ്ങാന്‍ തയാറാകുന്നവരും.
നാട്ടിന്‍പുറത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങളെ വിട്ട് അവര്‍ വലിയ മാളുകളിലേക്കും മറ്റും പോകുന്നതും ചെറുകിടക്കാര്‍ക്ക് തിരിച്ചടിയാണ്. എല്ലാവര്‍ക്കും വാഹനം സ്വന്തമായി ഉള്ളപ്പോള്‍ ദൂരക്കൂടുതല്‍ ഒന്നും ഇപ്പോള്‍ പ്രശ്‌നമേയല്ല.
3. ഭാരിച്ച ചെലവുകള്‍
ഒരു കട നടത്തിക്കൊണ്ടു പോകാന്‍ ഇന്ന് വലിയ ചെലവാണ്. കൂടിവരുന്ന വൈദ്യുതി നിരക്ക്, ശമ്പളം, വാടക മുതല്‍ ഹരിതകര്‍മ സേനയ്ക്ക് നല്‍കുന്ന തുക വരെ വ്യാപാരികള്‍ അവരുടെ വരുമാനത്തില്‍ നിന്ന് കണ്ടെത്തണം. അതാണെങ്കില്‍ വലിയ വര്‍ധനയില്ലാതെ തുടരുകയുമാണ്.
4. മാര്‍ജിന്‍ നല്‍കാതെ കമ്പനികള്‍
വലിയ പരസ്യങ്ങളും മറ്റുമായി എത്തുന്ന വന്‍കിട ബ്രാന്‍ഡുകള്‍ വ്യാപാരികള്‍ക്ക് ആവശ്യമായ മാര്‍ജിന്‍ നല്‍കുന്നില്ലെന്ന പരാതി വ്യാപകമാണ്. അതോടെ വരവും ചെലവും പൊരുത്തപ്പെടാത്ത സ്ഥിതിയാണ്. പല വന്‍കിട ബ്രാന്‍ഡുകളും എട്ടോ പത്തോ ശതമാനം മാര്‍ജിന്‍ ആണ് വ്യാപാരികള്‍ക്ക് നല്‍കുന്നത്.
എന്നാല്‍ ഒരു കട നടത്തിക്കൊണ്ടു പോകാന്‍ ആകെ വരുമാനത്തിന്റെ 16 ശതമാനം വരെ ചെലവ് വരും. ചെറുകിട ബ്രാന്‍ഡുകളില്‍ നിന്നുള്ള ലാഭം കൊണ്ടുവേണം ഈ നഷ്ടം നികത്താന്‍ എന്ന സ്ഥിതിയാണ്.
മാത്രമല്ല, പല കമ്പനികളും ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ എടുക്കാന്‍ വ്യാപാരികളെ നിര്‍ബന്ധിക്കുകയും അതിന് പ്രത്യേകം ഇളവുകള്‍ വാഗ്ദാനം നല്‍കി ആകര്‍ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇങ്ങനെ എടുക്കുന്ന സാധനങ്ങളില്‍ മിക്കതും പിന്നീട് വിറ്റുപോകാതെ ഡെഡ് സ്റ്റോക്ക് ആകുകയും നഷ്ടത്തില്‍ വിറ്റഴിക്കേണ്ടി വരികയും ചെയ്യുന്നു.
5. ഓണ്‍ലൈന്‍ വ്യാപാരം
രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഇപ്പോള്‍ ഇ-കൊമേഴ്സ് സാന്നിധ്യമുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലഭിക്കുന്ന ആകെ ഓര്‍ഡറുകളില്‍ അഞ്ചില്‍ മൂന്നും രാജ്യത്തെ ചെറുപട്ടണങ്ങളില്‍ നിന്നാണെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 70 ശതമാനവും ഇലക്ട്രോണിക്സ്, വസ്ത്ര ഉല്‍പ്പന്നങ്ങളാണ്.
900 ദശലക്ഷം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ്. 2022ലെ കണക്കനുസരിച്ച് 125.94 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഓണ്‍ലൈന്‍ മേഖല ശക്തിപ്രാപിക്കുന്നതോടെ ചെറുകിട വ്യാപാര സ്ഥാപനങ്ങളെയാണ് അത് ബാധിക്കുന്നത്.
പലപ്പോഴും സാധനങ്ങള്‍ കടം വാങ്ങാന്‍ മാത്രമാണ് പലരും നാട്ടിന്‍പുറങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. ഇവര്‍ തന്നെ കയ്യില്‍ പണമുള്ളപ്പോള്‍ പുറത്തുള്ള വലിയ ഷോപ്പുകളില്‍ നിന്നോ ഓണ്‍ലൈന്‍ ഷോപ്പുകള്‍ വഴിയോ ആകും സാധനങ്ങള്‍ വാങ്ങുക. അതോടൊപ്പം യാതൊരു രേഖകളുമില്ലാതെ കച്ചവടം നടത്തുന്ന അനധികൃത വ്യാപാരികളും നിയമാനുസൃതം വ്യാപാരം നടത്തുന്നവര്‍ക്ക് ഭീഷണിയാണ്.
6. പ്രശ്നം ജീവനക്കാരും
വ്യാപാര മേഖലയില്‍ മികച്ച തൊഴിലാളികളെ ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഉല്‍പ്പന്നങ്ങളെ കുറിച്ച് വലിയ ധാരണയുള്ള ഉപഭോക്താക്കളാണ് ഇപ്പോഴത്തേത് ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ അവര്‍ തൃപ്തരാവില്ല. അതിനായി മികച്ച പരിശീലനം ലഭിച്ച തൊഴിലാളികള്‍ വേണം.
വലിയ മുതല്‍മുടക്ക് ഈയിനത്തില്‍ വ്യാപാരി നടത്തേണ്ടി വരും. എന്നാല്‍ മറ്റൊരിടത്ത് കൂടുതല്‍ ശമ്പളം കിട്ടുമെന്നറിഞ്ഞാല്‍ ഇതേ തൊഴിലാളി വിട്ടുപോകുകയും ചെയ്യും. ഉയര്‍ന്ന ശമ്പളത്തില്‍ തൊഴിലാളികളെ നില നിര്‍ത്തേണ്ട ബാധ്യതയാണ് വ്യാപാരിക്കുണ്ടാകുന്നത്.
7. തുടര്‍ച്ചയായി നഷ്ടത്തില്‍, മൂലധനം ശോഷിക്കുന്നു
തുടര്‍ച്ചയായി ലാഭം ഇല്ലാത്ത അവസ്ഥയില്‍ ഭൂരിഭാഗം വ്യാപാരികളും നിത്യ ചെലവുകള്‍ മൂലധനത്തില്‍ നിന്നും എടുത്താണ് നിര്‍വഹിക്കുന്നത്. പലിശയും വിവിധ ചാര്‍ജുകളും ഫീസുകളും അടയ്ക്കുന്നതും ഇങ്ങനെയാണ്. ഇതുമൂലം തിരിച്ചടവ് മുടങ്ങുകയും ക്രെഡിറ്റ് സ്‌കോര്‍ താഴേക്ക് പോകുകയും തുടര്‍ വായ്പകള്‍ ലഭിക്കാത്ത സ്ഥിതി ഉണ്ടാകുകയും ചെയ്യുന്നു.
8. വന്‍കിടക്കാരുടെ കടന്നുവരവ്
ഇന്ത്യയ്ക്ക് നൂറിലധികം രാജ്യങ്ങളുമായി 13ലേറെ ഫ്രീ ട്രേഡ് എഗ്രിമെന്റുകളുണ്ടെന്നും ഇതിന്റെ ഫലമായി നമ്മുടെ വിപണി വിദേശ കുത്തകകള്‍ക്ക് തുറന്നുകിട്ടിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച ഈ കയ്യടക്കലിന്റെ ഫലമായി ഉണ്ടായതാണെന്നും കാര്‍ഷിക മേഖലയുടെ തകര്‍ച്ച നേരിട്ട് ബാധിക്കുന്നത് നമ്മുടെ വിപണിയെ ആണെന്നും സമിതി അഭിപ്രായപ്പെടുന്നു.
9. എതിരായി ബാങ്കുകളും
ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന സമീപനമാണ് ബാങ്കുകളുടേതെന്ന പരാതിയും വ്യാപാരികള്‍ ഉന്നയിക്കുന്നുണ്ട്. വ്യവസായ മേഖലയ്ക്ക് പത്ത് ശതമാനത്തിന് താഴെ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുമ്പോള്‍ വ്യാപാരികള്‍ക്ക് 12-13 ശതമാനം നിരക്കിലാണ് വായ്പ ലഭ്യമാക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു.
കോവിഡ് കാലത്തു പോലും നിലവിലുള്ള വായ്പയുടെ 20 ശതമാനം അധിക വായ്പ അനുവദിച്ച തല്ലാതെ പലിശയിളവ് നല്‍കിയിട്ടില്ല. സുരക്ഷിതമല്ലാത്ത ലോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പരസ്പര ജാമ്യത്തില്‍ ലഭിച്ചിരുന്ന വായ്പകളും ലഭിക്കാതെയായി.
10. ജിഎസ്ടി എന്ന നൂലാമാല
ജിഎസ്ടി വന്നാല്‍ ശരാശരി നികുതി നിരക്ക് കുറയുകയും അതുവഴി ഉല്‍പ്പന്നങ്ങളുടെ വില കുറയുകയും ചെയ്യുമെന്ന വിശ്വാസമായിരുന്നു വ്യാപാരി സമൂഹത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ വില കൂടുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. ജിഎസ്ടിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ നിര്‍മാതാക്കളായ കുത്തക കമ്പനികളാണെന്ന് അവര്‍ ആരോപിക്കുന്നു. ഒരു ഡസനിലധികം നിയമങ്ങള്‍ അറിഞ്ഞിരിക്കുക, പതിനഞ്ചോളം രജിസ്റ്ററുകള്‍ സൂക്ഷിക്കുക തുടങ്ങിയ ബാധ്യതകളാണ് വ്യാപാരിക്കുണ്ടായത്.

പ്രതികരണങ്ങള്‍
1. ചെറുകിട വ്യാപാര സൗഹൃദനയം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണം. വ്യാപാരി സമൂഹത്തിന്റെ പ്രതിനിധി ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയെ വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ദേശീയതലത്തില്‍ ചുമതലപ്പെടുത്തണം.
രാജു അപ്സര, സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി
2. വന്‍കിട ബ്രാന്‍ഡുകളുടെ ചൂഷണത്തിനെതിരെ ഇതാദ്യമായി കേരളത്തിലെ വിതരണക്കാരും വ്യാപാരികളും ചേര്‍ന്ന് ഒരു സംഘടന രൂപീകരിച്ചിരിക്കുന്നു. കേരള കണ്‍സ്യൂമര്‍ ഡീലേഴ്സ് ഫോറം എന്ന ഈ സംഘടന വ്യാപാരികള്‍ക്കും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കുമുള്ള മാര്‍ജിന്‍ വര്‍ധിപ്പിക്കുന്നതിനായി ഇരുപതോളം കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് ചുരുങ്ങിയത് 20 ശതമാനം ലാഭം നല്‍കാനും ഡിസ്ട്രിബ്യൂട്ടേഴ്സിന് ഇപ്പോള്‍ ലഭിക്കുന്നതിന്റെ 50 ശതമാനം വര്‍ധനയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കെ.എ. സിയാവുദ്ദീന്‍, ജനറല്‍ സെക്രട്ടറി, സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള
3. പര്‍ച്ചേസ് ചെയ്ത ഉല്‍പ്പന്നങ്ങളുടെ തുക 45 ദിവസങ്ങള്‍ക്കുള്ളില്‍ സപ്ലയേഴ്സിന് നല്‍കിയില്ലെങ്കില്‍ ആ തുകയ്ക്ക് വ്യാപാരി ആദായനികുതി നല്‍കിയിരിക്കണമെന്ന വ്യവസ്ഥ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ബാധ്യതയുള്ള തുകയുടെ 30 ശതമാനമാണ് ഇത്തരത്തില്‍ നികുതിയായി നല്‍കേണ്ടി വരുന്നത്.
സിദ്ദിഖ്,സെഞ്ച്വറി ഫാഷന്‍സ്, കണ്ണൂര്‍
4. കാര്‍ഷിക മേഖലയുടെ തകര്‍ച്ച ഗ്രാമീണ മേഖലയില്‍ വ്യാപാര സ്ഥാപനങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില കൂടുകയും ആളുകളുടെ വാങ്ങല്‍ ശേഷി കാര്യമായി കുറയുകയും ചെയ്തിട്ടുണ്ട്.
ബി. കുമാരന്‍, ഫൈവ് സ്റ്റാര്‍ എന്റര്‍പ്രൈസസ്, കുറ്റിക്കോല്‍, കാസര്‍കോട്
5. കടം വാങ്ങാനായി മാത്രമാണ് ആളുകള്‍ ചെറുകിട കച്ചവടക്കാരിലേക്കെത്തുന്നത്. പണമുള്ളപ്പോള്‍ വന്‍കിട മാളുകളിലേക്കാണ് പോകുന്നത്. അവര്‍ക്ക് മികച്ച അനുഭവം അവിടെ ലഭിക്കുന്നു എന്നത് ശരിയാണ്. പക്ഷേ ചെറുകിടക്കാര്‍ തളര്‍ന്നുപോകുകയാണ് ചെയ്യുക.
വേണു ഗോപാലക്കുറുപ്പ്(ധനം ബിസിനസ് മാഗസിന്റെ മേയ് 15 ലക്കത്തിൽ നിന്ന്)​
Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it