വിട്ടൊഴിയാതെ ദുരന്തങ്ങള്‍; നടുവൊടിഞ്ഞ് മലബാര്‍
ഒന്നിനു പുറകേ മറ്റൊന്ന്. ദുരന്തങ്ങള്‍ വിട്ടൊഴിയാതെ മലബാറിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍. കൊറോണയുടെ പേരില്‍ ആഴ്ചകളായി ബിസിനസ് മേഖല സ്തംഭിച്ചു നില്‍ക്കുകയാണ്. മറ്റേത് പ്രദേശത്തേക്കാളും വ്യാപാര സമൂഹത്തെ ആശ്രയിച്ചാണ് മലബാറിന്റെ നിലനില്‍പ്പ്. അതിനൊപ്പം പ്രവാസവും മലബാറിന്റെ സാമ്പത്തിക അടിത്തറ പാകുന്നു. എന്നാല്‍ ഇപ്പോള്‍ ഇതു രണ്ടും പ്രതിസന്ധിയിലായതോടെ നിരവധി പേര്‍ തൊഴില്‍ രഹിതരാകുന്നു, വായ്പ പോലും തിരിച്ചടക്കാനാവാതെ നിരവധി സംരംഭങ്ങള്‍ക്ക് പൂട്ടിടേണ്ടി വരുന്നു. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വ്യാപാരി സമൂഹത്തെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
2018 ജൂണില്‍ നിപ്പയുടെ രൂപത്തിലായിരുന്നു ആദ്യത്തെ പ്രഹരം. അന്ന് വവ്വാലുകള്‍ പരത്തുന്നതെന്ന പ്രചാരണം വ്യാപകമായതോടെ പഴം പച്ചക്കറി വ്യാപാര മേഖലയില്‍ വന്‍ നഷ്ടം ഉണ്ടാകി. മാത്രമല്ല, പകര്‍ച്ചപ്പനി വ്യാപിച്ചതോടെ കടകളൊക്കെ അടച്ചിടേണ്ട സ്ഥിതി വന്നു. ഹോട്ടലുകള്‍ പൂട്ടിയിടേണ്ടി വന്നു. ചുരുങ്ങിയ നാളുകള്‍ കൊണ്ട് നിപ്പയെ പിടിച്ചു കെട്ടിയെങ്കിലും ബിസിനസ് മേഖലയില്‍ അതുണ്ടാക്കിയ ആഘാതം വലുതായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളെയാണ് ഇത് ഏറെ ബാധിച്ചത്.
നിപ്പ വരുത്തിയ നഷ്ടത്തില്‍ നിന്ന് കരകയറുന്നതിന് മുമ്പാണ് 2018 ഓഗസ്റ്റില്‍ പ്രളയം കേരളത്തില്‍ സംഹാരതാണ്ഡവമാടിയത്. നേരിട്ട് ബാധിച്ച കടകള്‍ അടച്ചിടേണ്ടി വന്നു. പിന്നീട് പല കമ്പനികളുടെയും ഗോഡൗണുകള്‍ മുങ്ങി സാധനങ്ങള്‍ നഷ്ടപ്പെട്ടതു കാരണം ഉല്‍പ്പന ക്ഷാമം നേരിട്ടും കച്ചവടം കുറഞ്ഞു.
ആദ്യ പ്രളയം തെക്കന്‍ കേരളത്തെയാണ് പ്രധാനമായും മുക്കിയതെങ്കിലും 2019 ലെ രണ്ടാം പ്രളയം മലബാറിലാണ് നാശനഷ്ടങ്ങള്‍ ഏറെയുണ്ടാക്കിയത്. ആറു മാസത്തിനുള്ളില്‍ വീണ്ടും കൊറോണയുടെ രൂപത്തില്‍ മറ്റൊരാഘാതം. വടക്കന്‍ ജില്ലകളിലൊന്നാകെ അത് സ്തംഭിപ്പിക്കുന്നു. കടകള്‍ തുറന്നാല്‍ പോലും ആളുകളെത്താത്ത സ്ഥിതി. ഇതിനൊപ്പം പക്ഷിപ്പനി കൂടി വ്യാപകമായതോടെ പ്രശ്‌നം രൂക്ഷമായി. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരും വേങ്ങേരിയിലുമാണ് തുടക്കത്തില്‍ പക്ഷിപ്പനി കണ്ടതെങ്കിലും അത് വ്യാപിച്ച് കാസര്‍കോട് വരെയെത്തി. ആയിരത്തിലേറെ കോഴിക്കടകള്‍ പൂട്ടിയിടേണ്ടി വന്നു. വില കുത്തനെ കുറഞ്ഞിട്ടും ആളുകള്‍ക്കൊന്നും കോഴി വേണ്ടെന്ന സ്ഥിതി. ഇതിനൊപ്പം കൊറോണ ഭീതിയും കൂടിയായപ്പോള്‍ ഹോട്ടലുകള്‍ക്കും താഴിടേണ്ടി വന്നു. ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമൊക്കെ അസംസ്‌കൃത വസ്തുക്കളും ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്തിരുന്ന ബിസിനസുകളൊക്കെ പ്രതിസന്ധിയിലായി.
ചൈനയുടെ പ്രതിസന്ധി മുതലാക്കി നേട്ടം കൊയ്യാമെന്ന ധാരണയില്‍ കഴിഞ്ഞ ഇന്ത്യന്‍ വിപണിക്ക് കൊറോണ വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. കണ്ണൂരില്‍ കൈത്തറി മേഖലയ്ക്ക് വലിയ നഷ്ടം ഇതിലൂടെ ഉണ്ടായി. കൂടുതല്‍ കൈത്തറി തുണികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന സംരംഭകര്‍ക്ക് തല്‍ക്കാലം അയക്കേണ്ടതില്ലെന്ന സന്ദേശമാണ് ലഭിച്ചതെന്ന് കേരള യാണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗ പറയുന്നു.
പലയിടങ്ങളിലും ബിസിനസില്‍ 75 ശതമാനം വരെയാണ് ഇടിവ് നേരിട്ടത്. പിടിച്ചു നില്‍ക്കാനാവാതെ പല സ്ഥാപനങ്ങളും പൂട്ടിപ്പോകുകയും ചെയ്തു. ഇതിനു പുറമേ ടൂറിസം മേഖലയില്‍ ഉണ്ടായ തകര്‍ച്ചയും തിരിച്ചടിയായത് ഇവിടത്തെ വ്യാപാരികളെയും ഹോട്ടലുകളെയുമൊക്കെയാണ്. ഏത് പ്രശ്‌നവും ആദ്യം ബാധിക്കുന്നത് വ്യ്ാപാര മേഖലയെയാണെന്നതാണ് പ്രതിസന്ധി. ഇതിനു പുറമേ ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങളും പ്രത്യക്ഷത്തില്‍ തന്നെ മലബാറിലെ വ്യാപാരത്തെ ബാധിക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline