Begin typing your search above and press return to search.
ആവശ്യമറിഞ്ഞു മതി വിപുലീകരണം! ചാരിറ്റബ്ള്‍ ഹോസ്പിറ്റലുകള്‍ക്ക് വിനയാകുന്ന തീരുമാനങ്ങള്‍
അടിസ്ഥാന സൗകര്യങ്ങള്‍ ഒറ്റയടിക്ക് വികസിപ്പിക്കുക എന്ന ഭീമാബദ്ധം ചെയ്യാന്‍ മിക്ക ചാരിറ്റബ്ള്‍ ട്രസ്റ്റ് ഹോസ്പിറ്റലുകളെയും പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ എന്താക്കെയാണെന്ന് കഴിഞ്ഞ ലക്കങ്ങളില്‍ വിശദീകരിച്ചിരുന്നു.
ഇത്തരം അബന്ധങ്ങള്‍ക്ക് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാകാം.
*രോഗികളെ കൊണ്ട് ഹോസ്പിറ്റല്‍ നിറഞ്ഞിരിക്കുകയാണെന്നും പരിശോധനാ മുറികളുടെയും ഓപറേഷന്‍ തിയറ്ററുകളുടെയും ഐ.പി (ഇന്‍പേഷ്യന്റ്) കിടക്കകളുടെയും കുറവുകൊണ്ട് രോഗികളെ തിരിച്ചയക്കേണ്ടി വരുമെന്ന വിശ്വാസം.
*വലുപ്പത്തിന്റെ കാര്യത്തില്‍ നിലവിലുള്ളതും പുതിയതുമായ മറ്റു ഹോസ്പിറ്റലുകളുമായി മത്സരിക്കേണ്ടതിന്റെ ആവശ്യകത.
*നിര്‍മാണ ചെലവ് കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് കരുതുന്നത്.
*പുതിയ കെട്ടിടത്തിന് മാത്രമേ മികച്ച അന്തരീക്ഷം പ്രദാനം ചെയ്യാനാകൂ എന്ന വിശ്വാസം.
* ചെറിയ പല കെട്ടിടങ്ങളേക്കാള്‍ ഒറ്റ കെട്ടിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിക്കുകയെന്ന് കരുതുന്നത്.
നിര്‍മാണ ചെലവ് കുറയ്ക്കല്‍
നിര്‍മാണ ചെലവ് കുറയ്ക്കാന്‍ ശ്രമിക്കേണ്ടതിന്റെ ആവശ്യകത എന്ന മൂന്നാമത്തെ കാരണം പരിശോധിക്കാം.
ആവശ്യത്തില്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ചാരിറ്റബ്ള്‍ ട്രസ്റ്റ് ഹോസ്പിറ്റലുകള്‍ വരുത്തുന്ന തെറ്റുകളിലൊന്ന്.
ഉദാഹരണമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും പ്രദേശത്തെ ഏറ്റവും വലുതുമായ 600 കിടക്കകളുള്ള ഒരു ചാരിറ്റബ്ള്‍ ട്രസ്റ്റ് ഹോസ്പിറ്റലിനെ എടുക്കാം.
നിലവില്‍ ഹോസ്പിറ്റല്‍ പൂര്‍ണശേഷി വിനിയോഗിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഒരു പുതിയ ബ്ലോക്ക് നിര്‍മിച്ച് കിടക്കകളുടെ എണ്ണം കൂട്ടാന്‍ പദ്ധതിയിടുകയാണെന്നും കരുതുക.
ഈ സാഹചര്യത്തില്‍ മിക്ക ഹോസ്പിറ്റലുകളും അപ്പോള്‍ ആവശ്യമുള്ളതിനേക്കാള്‍ വലിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിക്കും. ഈ ഉദാഹരണത്തില്‍, ഹോസ്പിറ്റല്‍ മാനേജ്മെന്റ് തുടക്കത്തില്‍ 400 കിടക്കകളുള്ള കെട്ടിടം നിര്‍മിക്കാനായി പദ്ധതിയിടുകയും യഥാര്‍ത്ഥത്തില്‍ 600 കിടക്കകളുള്ള ഒരു പുതിയ ബ്ലോക്ക് നിര്‍മിക്കുകയും ചെയ്യും.
അടുത്ത ഏതാനും വര്‍ഷങ്ങളിലേക്ക് യഥാര്‍ത്ഥത്തില്‍ 150 കിടക്കകള്‍ മാത്രമുള്ള കെട്ടിടം തന്നെ മതിയെന്നിരിക്കേ എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?
കാരണങ്ങള്‍ പലത്
പല ചെറിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനേക്കാള്‍ ചെലവ് കുറവാണ് ഒറ്റയടിക്ക് ഒരു വലിയ ബ്ലോക്ക് നിര്‍മിക്കുന്നതിനെന്ന് ആര്‍ക്കിട്ടെക്ടോ ഡിസൈന്‍ കണ്‍സള്‍ട്ടന്റോ ഹോസ്പിറ്റല്‍ മാനേജ്മെന്റിനെ ബോധ്യപ്പെടുത്തുന്നു. അതോടെ 400 കിടക്കകളുള്ള കെട്ടിടമായിരിക്കും നല്ലതെന്ന ധാരണയില്‍ എത്തുന്നു.
അതോടൊപ്പം, അടുത്ത 20 വര്‍ഷത്തേക്ക് ആവശ്യമായ നിര്‍മാണം ഒരുമിച്ച് നടത്തുന്നതാണ് നല്ലതെന്ന തീരുമാനത്തില്‍ മാനേജ്മെന്റും എത്തുന്നു.
അടുത്ത 20 വര്‍ഷത്തില്‍ ആശുപത്രിയില്‍ എത്ര അധിക ഒ.പി മുറികള്‍, ഐ.പി മുറികള്‍, ഐ.പി വാര്‍ഡുകള്‍, എമര്‍ജന്‍സി കിടക്കകള്‍, ഐ.സി.യുകള്‍, ഓപറേഷന്‍ തിയറ്ററുകള്‍, ഫാര്‍മസികള്‍, ലാബുകള്‍ തുടങ്ങിയവ ആവശ്യമായി വരുമെന്ന് ഡോക്ടര്‍മാരോടും മറ്റും മാനേജ്മെന്റ് അഭിപ്രായം ചോദിക്കുന്നു. പുതിയ ഒരു നിര്‍മാണവും അടുത്ത ഇരുപത് വര്‍ഷം ഉണ്ടാകരുതെന്ന ധാരണയോടെയാണ് ഇവയൊക്കെ പുതിയ ബ്ലോക്കില്‍ ഉള്‍പ്പെടുത്തുന്നത്.
സ്വാഭാവികമായും പരമാവധി ആസൂത്രണം നടത്തുകയാണ് അവര്‍ ഇതിന് ചെയ്യുക. അങ്ങനെ 400 കിടക്കകള്‍ എന്ന തുടക്കത്തിലെ പദ്ധതി മാറിമറിഞ്ഞ് 600 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോക്ക് എന്ന ആശയത്തിലേക്ക് എത്തുന്നു. വലിയ ബ്ലോക്ക് നിര്‍മിക്കുമ്പോള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കും എന്നതുകൊണ്ടു തന്നെ മിക്ക ആര്‍ക്കിട്ടെക്ടുകളും ഡിസൈന്‍ കണ്‍സള്‍ട്ടന്റുമാരും ഇതില്‍ സന്തുഷ്ടരാകുകയും ഈ ആവശ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. എന്നാല്‍ ഇത്തരത്തിലുള്ള വലിയ കെട്ടിടം നിര്‍മിക്കാനുള്ള പണമൊന്നും മിച്ചമില്ലാത്ത ഹോസ്പിറ്റലിന് വലിയ തുക ടേം ലോണ്‍ എടുക്കേണ്ടി വരും. യഥാര്‍ത്ഥത്തില്‍ 150 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടത്തിനുള്ള പണം മാത്രമേ ഹോസ്പിറ്റലിന്റെ കൈവശമുണ്ടായിരുന്നുള്ളൂ.
നഷ്ടത്തിലേക്ക് പോകും
ആകെ 1,200 കിടക്കകള്‍ ആകുന്നതോടെ ഹോസ്പിറ്റലിന്റെ വാര്‍ഷിക ശേഷി വിനിയോഗം ഗണ്യമായി കുറയും. ഇതോടെ ലാഭത്തില്‍ ഇടിവുണ്ടാകും. വലിയ ടേം ലോണിന്റെ ബാധ്യത കൂടിയുള്ളതിനാല്‍ ആശുപത്രി നഷ്ടത്തിലേക്ക് നീങ്ങുകയും ചെയ്യും. ഇത് ചാരിറ്റബ്ള്‍ ട്രസ്റ്റ് ഹോസ്പിറ്റലിനെ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കും. ഇതോടെ ഇവിടെയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുകയും നഷ്ടം കൂടാന്‍ ഇടയാക്കുകയും ചെയ്യും.
ചാരിറ്റബ്ള്‍ ഹോസ്പിറ്റലുകള്‍ എടുക്കുന്ന മറ്റു തെറ്റായ തീരുമാനങ്ങളെ കുറിച്ച് വരും ലക്കങ്ങളില്‍ പരിശോധിക്കാം.
The Cotnrarian Consultant
ഇന്ത്യയിലും ജി.സി.സി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബിസിനസ് അഡൈ്വസറാണ് ലേഖകന്‍.
1992ല്‍ IIM(L) നിന്ന് PGDM എടുത്തതിനുശേഷം ബിസിനസ് അഡൈ്വസറായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം റിസള്‍ട്ട്സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ്. email: tinyphilip@gmail.com, website: www.wedeliverresustl.com.
(This article was originally published in Dhanam Business Magazine March 15th issue)
Next Story
Videos