സാമ്പത്തിക ഞെരുക്കം: ആയിരത്തിലധികം പേരെ പിരിച്ചുവിട്ട് സര്‍ക്കാര്‍ തുണിമില്ലുകള്‍

സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്ന കോര്‍പ്പറേറ്റ് കമ്പനികളുടെ ശീലം പിന്തുടര്‍ന്ന് കേരളത്തിലെ ഇടത് സര്‍ക്കാരും. സംസ്ഥാനത്തെ പൊതുമേഖലാ ടെക്സ്‌റ്റൈല്‍ മില്ലുകളില്‍ നിന്ന് ആയിരത്തിലധികം പേരെയാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ പിരിച്ചുവിട്ടത്.

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കോട്ടയം ടെക്‌സ്‌റ്റൈല്‍സ്, ചെങ്ങന്നൂര്‍ പ്രഭുറാം മില്‍സ്, മലപ്പുറം എടരിക്കോട് ടെക്‌സ്‌റ്റൈല്‍സ്, സീതാറാം ടെസ്‌റ്റൈല്‍സ്, ടെക്‌സ്‌ഫെഡിനു കീഴിലുള്ള തൃശൂര്‍ കോര്‍പ്പറേറ്റീവ് മില്‍ എന്നീ സ്ഥാപനങ്ങളില്‍ കഴിഞ്ഞ നാലുമാസത്തിലേറെയായി ലേ- ഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ഞി വാങ്ങാനും വൈദ്യുത ബില്‍ അടയ്ക്കാനുമുള്‍പ്പെടെ പണമില്ലാത്തതിനെ തുടര്‍ന്നാണ് ഇവ താത്കാലികമായി അടച്ചു പൂട്ടിയത്.
നീക്കത്തിനെതിരെ ഇടതു യൂണിയനുകളും
പിരിച്ചുവിട്ട മിക്കവര്‍ക്കും കഴിഞ്ഞ നാല് മാസത്തെ ശമ്പളം പോലും കൊടുത്തിട്ടില്ല. പിരിച്ചുവിടല്‍ നടപടിപ്രകാരമുള്ള നഷ്ടപരിഹാരവും ഇവര്‍ക്ക് നല്‍കുന്നില്ല. വ്യവസായ വകുപ്പ് മില്ലുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള ഇടതു തൊഴിലാളി സംഘടനകളും രംഗത്തെത്തിയെങ്കിലും ഇതുവരെ പരിഹാരം കാണാനായിട്ടില്ല.
ഫാക്ടറി നിയമമനുസരിച്ച് കമ്പനി പിരിച്ചുവിട്ടാല്‍ സ്ഥാരം ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ പകുതി പിരിച്ചുവിടല്‍ ആനുകൂല്യം നല്‍കേണ്ടതാണ്. ഇത്തരത്തില്‍ ലേ-ഓഫ് വേതനമായി 1.15 കോടി രൂപയോളം നല്‍കാനുണ്ട്. ശമ്പളം കണക്കാക്കിയാല്‍ മൂന്നു കോടി രൂപയിലധികം വരും. കൂടാതെ പിരിഞ്ഞു പോകുന്നവര്‍ക്ക് ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്ന് ടെക്‌സ്റ്റൈല്‍ ഫെഡറേഷന്‍ ഭാരവാഹിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ.എന്‍.ഗോപിനാഥ് ധനത്തോട് പറഞ്ഞു.
പരുത്തിയുടെ വിലയില്‍ നേരിയ കുറവും നൂലിന്റെ വിലയില്‍ വര്‍ധനയും വന്നിട്ടുണ്ട്. ഇതുവഴി ഉത്പാദന ചെലവില്‍ 10 ശതമാനത്തോളം കുറവുണ്ട്. ഈ അനുകൂല്യ സാഹചര്യം പ്രയോജനപ്പെടുത്താന്‍ കോട്ടണ്‍ ബോര്‍ഡ് വഴി പഴയ സപ്ലൈയേഴ്‌സില്‍ നിന്ന് പഞ്ഞി വാങ്ങി താത്കാലികമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംവിധാനമുണ്ടാക്കണമെന്നാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നത്. അതതു മാസത്തെ വൈദ്യുത ബില്‍ അടച്ചാല്‍ വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കൂടിയുള്ളതിനാല്‍ പ്രവര്‍ത്തനം തുടങ്ങാനാകുമെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു.
ഇതിനിടയില്‍ മില്ലുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ എം.ഡിയുടെ നിര്‍ദേശമനുസരിച്ച് ജോബ് ഗ്യാരന്റി സ്‌കീം നടപ്പാക്കാനൊരു ശ്രമം നടന്നിരുന്നു. അതായത് മില്ലുകളുടെ പ്രവര്‍ത്തനം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി മുന്നോട്ടുപോകുക. കമ്പനികളില്‍ നിന്ന് പഞ്ഞി വാങ്ങി അവര്‍ക്കു തന്നെ നൂല് തിരിച്ചു നല്‍കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ മില്ലുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണെന്നാരോപിച്ച് ഐഎ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള സംഘടനകള്‍ എതിര്‍ക്കുകയും വിവാദമാകുകയും ചെയ്തതോടെ ഈ നീക്കം നിര്‍ത്തിവച്ചു.
വ്യവസായ വകുപ്പ് ഇടപെടുന്നില്ല

മില്ലുകളുടെ പ്രവര്‍ത്തനം പുനസ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടികളൊന്നുമുണ്ടാകുന്നില്ല. സര്‍ക്കാരും ഇതില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ല. പണ്ട് മില്ലുകളുടെ പുനരുദ്ധാരണത്തിനായി 123 കോടി രൂപ വരെ ബജറ്റില്‍ നീക്കിവച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 23 കോടി രൂപയ്ക്കടുത്തു മാത്രമാണ് നീക്കി വയ്ക്കുന്നത്. പൊതുമേഖലാ ബോര്‍ഡ് വന്നെങ്കിലും പല പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പൊതുവായൊരു മാനേജിംഗ് ഡയറക്ടറില്ലാത്തതും ഒരു പോരായ്മയാണ്. ഹാന്‍വീവിനും ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷനും പൊതുവായി ഒരു എം.ഡിയാണുള്ളത്. പൂര്‍ണസമയവും കോര്‍പ്പറേഷനു വേണ്ടി പ്രവര്‍ത്തിക്കാന്‍ എം.ഡിക്ക് സാധിക്കുന്നില്ല.
കേന്ദ്ര സര്‍ക്കാന്റെ മില്ലുകള്‍ അടച്ചു പൂട്ടിയതിനെതിരെ ശബ്ദിച്ചിരുന്ന ട്രേഡ് യൂണിയനുകളുടെ നാവ് അടപ്പിക്കുന്ന സാഹചര്യമാണ് കേരളത്തിലെ മില്ലുകള്‍ അടച്ചു പൂട്ടന്ന നടപടിയിലൂടെ വ്യവസായക വകുപ്പ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഇതിനൊരു പരിഹാരം കൊണ്ടു വരുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. 2200ഓളം സ്ഥിരം ജീവനക്കാരും 3,000 ത്തോളം വരുന്ന കരാര്‍ ജീവനക്കാരും ഈ അഞ്ച് മില്ലുകളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സര്‍ക്കാര്‍ കരാറുകള്‍ ലഭ്യമാക്കണം
ആര്‍ജിത ബാധ്യതകളടക്കും ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷനുകീഴിലെ മില്ലുകളുടെ ബാധ്യത 38 കോടി രൂപയോളം വരും. എന്നാല്‍ നാലഞ്ച് കോടി രൂപയുണ്ടെങ്കില്‍ പ്രവര്‍ത്തനം തുടങ്ങാനാകും. വിദ്യാഭ്യാസ വകുപ്പിന് സ്‌കൂള്‍ യൂണിഫോമിന് നൂലുകൊടുത്തതിന് അഞ്ച് കോടി രൂപയ്ക്കടുത്ത് ലഭിക്കാനുണ്ട്. 2024 ലെ സ്‌കൂള്‍ യൂണിഫോമിന്റെ ഓര്‍ഡര്‍ ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാനുള്ള തീരുമാനം ഒഴിവാക്കി ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷനു കരാര്‍ നല്‍കണമെന്ന് ആവശ്യവും സര്‍ക്കാരിനു മുന്നില്‍ വച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പിന്തുണകള്‍ ഉണ്ടായാല്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നും കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Next Story

Videos

Share it