പാറഖനന നിരോധനം അനിശ്ചിതകാലത്തേക്ക് ; നിര്‍മ്മാണങ്ങള്‍ നിലയ്ക്കും

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ പാറഖനനം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. പാറഖനനം ഉരുള്‍പൊട്ടല്‍ സാധ്യതയും മണ്ണിടിച്ചിലും വര്‍ധിപ്പിക്കുമെന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.

സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന 750 ക്വാറികള്‍ ഇതോടെ നിശ്ചലമാകും. നിര്‍മ്മാണാവശ്യത്തിനുള്ള കരിങ്കല്ലിന് ഏറെക്കാലമായി ക്ഷാമമുണ്ടായിരുന്നതിനാല്‍ ഒരിടത്തും തന്നെ നിലവില്‍ സ്‌റ്റോക്കില്ലാത്ത അവസ്ഥയാണ്. മെറ്റല്‍, കല്‍പ്പൊടി എന്നിവയുടെ സ്ഥിതിയും ഇതുതന്നെ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടേതടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതോടെ സ്തംഭനാവസ്ഥയിലേക്കു നീങ്ങും. പ്രളയം വന്നാല്‍ മണലിനു ക്ഷാമം തീവ്രമാകുമെന്ന കണക്കുകൂട്ടല്‍ നേരത്തെയുണ്ടായിരുന്നെങ്കിലും പാറഖനന നിരോധനം വരുമെന്നു ചിന്തിച്ചിരുന്നില്ലെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനം മരവിക്കാനിടവരുത്തുന്ന തീരുമാനമെന്ന നിലയില്‍ ഇപ്പോഴത്തെ വിപരീത കാലാവസ്ഥ മാറിയാലുടനെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുമെന്ന വിശ്വാസമാണ് നിര്‍മ്മാണ മേഖലയ്ക്കുള്ളത്. നിര്‍മ്മാണ മേഖലയിലെ നിശ്ചലാവസ്ഥ ഗുരുതര സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുമിടയാക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കല്ലെത്തിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ കേരളത്തിനാകില്ല. അതേസമയം, ചില മേഖലകളിലെങ്കിലും പാറഖനനം ശാശ്വതമായി തടയേണ്ട അവസ്ഥയാണുള്ളതെന്ന അഭിപ്രായമാണ് പരിസ്ഥിതി സംരക്ഷണ ശാസ്ത്ര വിദഗ്ധര്‍ക്കുള്ളത്.

സംസ്ഥാനത്ത് പൊതുവേ പാറഖനനം അനിയന്ത്രിതമായാണ് നടക്കുന്നതെന്ന് പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി കണ്ടെത്തിയിരുന്നു. പാറ പൊട്ടിക്കുന്നതിനും, ഖനനം അവസാനിപ്പിച്ചശേഷം ക്വാറികള്‍ സംരക്ഷിക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ നിലവിലുണ്ട്. ഇതംഗീകരിച്ചുള്ള സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഖനനാനുമതി നല്‍കുന്നത്. എന്നാല്‍ ഈ വ്യവസ്ഥകള്‍ ഒട്ടുമിക്ക ക്വാറികളിലും പാലിക്കപ്പെടാറില്ലെന്നാണ് പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി പറയുന്നത്. അനുവദിച്ചതിലും പതിന്‍മടങ്ങ് ഖനനം എല്ലായിടത്തും തന്നെ നടക്കുന്നതായും അതോറിട്ടി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കണ്ണുംപൂട്ടിയുള്ള പാറഖനന നിരോധനത്തിനു പകരം സുപ്രീം കോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും നിര്‍ദ്ദേശ പ്രകാരമുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ കര്‍ശനമായി അനുസരിച്ചുകൊണ്ടു ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുവെന്നുറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുകയാണ് ചെയ്യേണ്ടതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it