സംരംഭം തുടങ്ങി കിടപ്പാടം പോയി, 30 വര്‍ഷമായി നീതി തേടി വയോവൃദ്ധന്‍
കണ്ണൂരിലെ സദാനന്ദന്‍ എന്ന സംരംഭകന്‍ തന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ചെലവഴിച്ചത് തനിക്ക് ലഭിക്കാതെ പോയ നീതിക്കു വേണ്ടിയായിരുന്നു. ഒന്നും രണ്ടും വര്‍ഷമല്ല, നീണ്ട മുപ്പതു വര്‍ഷം നീളുന്ന നിയമ പോരാട്ടം! ഇതിനിടയില്‍ ഈ എഴുപത്തിയൊന്നുകാരന് എളുപ്പത്തില്‍ ലഭിക്കുമായിരുന്ന മികച്ച ജോലിയടക്കം എല്ലാം നഷ്ടമായി. സ്വന്തമായി വീടോ വരുമാനമോ ഇല്ലാതെയായി. എന്നിട്ടും അധികാരികളുടെ കണ്ണു തുറന്നില്ല.
ഇപ്പോഴും സാമാന്യ നീതിയുടെ തെല്ലെങ്കിലും തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരന്തര പോരാട്ടത്തിലാണ് സദാനന്ദന്‍. 1973 ല്‍ കണ്ണൂര്‍ തോട്ടട പോളിടെക്‌നിക്കില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജനീയറിംഗ് ബിരുദം നേടിയ സദാനന്ദന് സ്വന്തമായി സംരംഭം തുടങ്ങണമെന്ന ആഗ്രഹമാണ് ഉണ്ടായത്. കൂടെ പഠിച്ചവരെല്ലാം വിവിധ ജോലികള്‍ക്ക് കയറിയിട്ടും, പൊതുമേഖലയില്‍ മികച്ച ജോലി സാധ്യത ഉണ്ടായിട്ടും സദാനന്ദന്‍ തെരഞ്ഞെടുത്ത വഴി സംരംഭത്തിന്റേതായിരുന്നു.
സംരംഭത്തിനു തുടക്കം
അങ്ങനെയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെയും(കെഎഫ്‌സി) അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ വസുശ്രീ എന്ന പേരില്‍ സംരംഭം തുടങ്ങിയത്. തേയില പായ്ക്ക് ചെയ്യുന്നതടക്കമുള്ള തടിപ്പെട്ടികള്‍ ഉറപ്പിക്കുന്ന പട്ടയുടെ നിര്‍മാണമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാപനം നടത്തിയിരുന്നത്. കെഎഫ്‌സിയില്‍ നിന്ന് ലഭിച്ച 1.44 ലക്ഷം രൂപ വായ്പയെടുത്തായിരുന്നു തുടക്കം. 11 ജീവനക്കാരുമായി തുടങ്ങിയ സ്ഥാപനം മൂന്നു വര്‍ഷം നല്ല നിലയില്‍ തന്നെ പോയി.
അപ്പോഴാണ് വസുശ്രീയുടെ ഉപഭോക്തൃ സ്ഥാപനങ്ങള്‍ ഏറെയുള്ള നീലഗിരിയില്‍ സമാനമായൊരു യൂണിറ്റ് മറ്റൊരാള്‍ തുടങ്ങുന്നത്. അതോടെ ഗതാഗതചെലവ് കണക്കിലെടുത്ത് അവിടെയുള്ള കമ്പനികള്‍ ഓര്‍ഡറുകള്‍ നല്‍കാതായി. പിടിച്ചു നില്‍ക്കണമെങ്കില്‍ വിദേശ വിപണി കണ്ടെത്തണം. കയറ്റുമതി ചെയ്യണമെങ്കില്‍ ഐഎസ്‌ഐ അംഗീകാരം വേണമെന്നതിനാല്‍ അതിനായി ശ്രമം. കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ വേണ്ടതിനാല്‍ സഹായത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചു. 30 ടണ്‍ ഇറക്കുന്നതിനായി അവര്‍ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് നല്‍കി. എന്നാല്‍ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് സദാനന്ദന്‍ പറയുന്നു.
ആറു മാസത്തിനു ശേഷം 27 ടണ്‍ അസംസ്‌കൃത വസ്തുക്കളാണ് ഇറക്കിയത്.
ഐഎസ്‌ഐ മാര്‍ക്കോടെ ഉല്‍പ്പാദനം തുടങ്ങിയപ്പോള്‍ ഐഎസ്‌ഐ അധികൃതര്‍ പരിശോധനയ്‌ക്കെത്തി. ഗുണനിലവാരം പോര ഇനി ഉല്‍പ്പാദനം നടത്തരുതെന്ന് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥന്‍ ഉത്തരവ് നല്‍കി. അദ്ദേഹത്തെ 'വേണ്ടവിധത്തില്‍' പരിഗണിക്കാതിരുന്നതാണ് പിണക്കത്തിന് കാരണമായതെന്ന് സദാനന്ദന്‍ പറയുന്നു. പിന്നീട് ലാബിലെ പരിശോധനയില്‍ ഉല്‍പ്പന്നത്തിന് ഗുണനിലവാരമുണ്ടെന്ന് തെളിഞ്ഞെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. കമ്പനി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. വായ്പാ തിരിച്ചടവിനെയും ഇത് ബാധിച്ചു.
തിരിച്ചടികള്‍
അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനായി എസ്ബിഐയില്‍ നിന്ന് നേടിയ വായ്പയ്ക്ക് ഈട് നല്‍കിയ 42.25 സെന്റ് സ്ഥലം 1990 ല്‍ 52000 രൂപയ്ക്ക് ബാങ്ക് വിറ്റതായി സദാനന്ദന്‍ പറയുന്നു. അന്ന് സെന്റിന് 10000 രൂപ വിലയിരിക്കെയാണിതത്രെ. മാത്രമല്ല, കടം നല്‍കാനുള്ള തുകയ്ക്ക് സമാനമായ വിലയുള്ള യന്ത്രങ്ങളടക്കമുള്ളവ നിലവിലിരിക്കെയാണ് സ്ഥാവര വസ്തുക്കളുടെ വില്‍പ്പനയെന്നതും നിയമത്തിനെതിരാണെന്ന് സദാനന്ദന്‍ പറയുന്നു. ബാങ്ക് വഞ്ചിച്ചുവെന്ന് കാട്ടി അന്ന് തുടങ്ങിയതാണ് സദാനന്ദന്റെ നിയമ പോരാട്ടം.
1995 ആയപ്പോഴേക്കും കെഎഫ്‌സിയും വായ്പാ കുടിശ്ശിക തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി. 1995 ല്‍ തോട്ടടയിലെ 2500 സ്‌ക്വയര്‍ഫീറ്റുള്ള ഫാക്ടറിയും യന്ത്രസാമഗ്രികളും സ്ഥലവും കെഎഫ്‌സി പിടിച്ചെടുത്തു. പിന്നീട് ഇത് രണ്ടര ലക്ഷം രൂപയ്ക്ക് വിറ്റു. അതിനിടയില്‍ വണ്‍ടൈം സെറ്റില്‍മെന്റ് പ്രകാരം വായ്പാ തുക തിരിച്ചടച്ചെങ്കിലും സ്ഥലം നഷ്ടപ്പെട്ടുവെന്ന് സദാനന്ദന്‍ പറയുന്നു.
സദാനന്ദന് വേണ്ടത്
ഇതിനു പിന്നാലെ 1997 ല്‍ ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സദാനന്ദന്‍ പത്തു വര്‍ഷത്തിനു ശേഷമാണ് സ്വബോധത്തിലേക്കെത്തുന്നത്. അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. സ്വന്തമായി വീടില്ലാത്തതിനാല്‍ ബന്ധുവീട്ടില്‍ അഭയം തേടി. 71 കാരനായ സദാനന്ദന് ജീവിക്കാന്‍ വരുമാനമില്ലാതായി.
ഇതോടെ വീണ്ടും നീതി തേടി അധികൃതരുടെ അടുക്കലേക്കെത്തി. തനിക്ക് നീതി നിഷേധിച്ച എസ്ബിഐയും കെഎഫ്‌സിയും ഐഎസ്‌ഐയും ഓരോ കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. അതല്ലെങ്കില്‍ കെഎഫ്‌സിയില്‍ നിന്ന് ഒരു കോടി രൂപ ഈടാക്കുന്നതിനൊപ്പം വീട് വെക്കാനും പ്രതിമാസം ചുരുങ്ങിയത് 20000 രൂപ ചെലവിന് നല്‍കാനും തീരുമാനമുണ്ടാകണമെന്നും സദാനന്ദന്‍ അധികൃതരോട് അപേക്ഷിക്കുന്നു.
നീളുന്ന പരിഹാരം
കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന അദാലത്തില്‍ സദാനന്ദന്റെ പരാതികേട്ട വ്യവസായ മന്ത്രി ഉടന്‍നടപടിക്കായി നിര്‍ദ്ദേശം നല്‍കിയിരുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും സദാനന്ദന് നീതി ലഭിക്കാനായി കൂടെ തന്നെയുണ്ട്. എന്നാല്‍ അദാലത്തില്‍ പ്രതീക്ഷ നല്‍കിയ അനുകൂല നടപടി ഒരു വര്‍ഷമായിട്ടും സദാനന്ദന് ലഭിച്ചിട്ടില്ല. ഇപ്പോഴും ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ വൃദ്ധ സംരംഭകന്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine