പ്രവാസി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പ്രവാസികളുടെ ക്ഷേമത്തിന് ഭാവനാപൂര്‍ണമായ പദ്ധതികളുമായി ലോക കേരളസഭ മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടുവര്‍ഷം കൊണ്ട് കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും ഇടയിലുള്ള ഉറ്റ കണ്ണിയായി ലോക കേരളസഭ മാറിയെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി സമൂഹത്തിന്റെ വിഭവശേഷി മുതല്‍ ബുദ്ധിവൈഭവം വരെ കേരളത്തിന്റെ ഭൗതികവും വൈജ്ഞാനികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും മുതല്‍ക്കൂട്ടാണെക്കാലവും. കേരള വികസന ഫണ്ട്, പ്രവാസി നിക്ഷേപം, സുരക്ഷ, പുനരധിവാസം-വരുമാന സാധ്യത, സ്ത്രീ പ്രവാസിക്ഷേമം, പ്രവാസി സാംസ്‌കാരിക വിനിമയം, ഇന്ത്യയ്ക്കകത്തുള്ള പ്രവാസികളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ നിര്‍ദേശങ്ങള്‍ മുമ്പോട്ടുവെയ്ക്കാന്‍ ലോക കേരളസഭയ്ക്കു കഴിയുന്നു. വളരെ ഗൗരവത്തോടെയാണ് ലോക കേരളസഭയുടെ അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും സര്‍ക്കാര്‍ കാണുന്നത്. തീരുമാനങ്ങള്‍ സര്‍ക്കാരും തദ്ദേശ സമിതികളും നടപ്പാക്കുക തന്നെ ചെയ്യും.

കഷ്ടതകളനുഭവിക്കുന്ന മലയാളികള്‍ക്കായി ഒരു ഫണ്ട് രൂപീകരിക്കുക എന്നതു പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനശേഷിയുള്ള പ്രവാസികളുടെ സഹായം, പ്രവാസി കമ്പനികളുടെ സി എസ് ആര്‍ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്താന്‍ കഴിയണം.ലോക കേരളസഭ പ്രവാസികളുടെ വിഭവങ്ങള്‍ കൈക്കലാക്കാനുള്ള എന്തോ നിഗൂഢ സംവിധാനമാണെന്ന മട്ടില്‍ ഒരു പ്രചാരണം നടക്കുന്നുണ്ട് . അവര്‍ അറിയാനാണ് നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനി രൂപീകരികരിച്ചതും പ്രവാസി നിക്ഷേപ കമ്പനിക്കനുബന്ധമായി പ്രവാസി നിര്‍മാണ കമ്പനി, പ്രവാസി വനിതകള്‍ക്കായുള്ള വനിതാ സെല്‍, പ്രവാസി ഫെസിലിറ്റേഷന്‍ സെന്റര്‍, ഫ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ സെന്റര്‍, നൈപുണ്യ വികസനത്തിനായുള്ള ഹൈപവര്‍ കമ്മിറ്റി നവീകരിക്കല്‍, ആതിഥേയ രാജ്യങ്ങളിലെ ഭാഷ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ തുറക്കല്‍, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രത്തിന്റെ രൂപീകരണത്തിനായുള്ള നടപടി, പ്രവാസി ആനുകാലിക പ്രസിദ്ധീകരണം തുടങ്ങാനുള്ള തീരുമാനം എന്നിവയൊക്കെ നേട്ടങ്ങളായി എടുത്തുപറയാം.

ലോക കേരളസഭയുടെ രണ്ടു സമ്മേളനങ്ങള്‍ക്കിടയിലായി രണ്ടു വലിയ പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചവരാണു നാം. ആ കൊടിയ ദു:ഖത്തില്‍ ആളും അര്‍ത്ഥവുമായി കേരളത്തിനൊപ്പം നിന്നു ലോക കേരളസഭയും ലോക മലയാളി പ്രവാസിസമൂഹവും . കേരള പുനര്‍നിര്‍മാണ പ്രക്രിയയിലാണ് നാം. പഴയപടി പുനര്‍നിര്‍മിക്കലല്ല, മറിച്ച് ഇനി ഒരു ദുരന്തത്തിനും തകര്‍ക്കാനാവാത്ത ഒരു പുതു കേരളത്തെ സൃഷ്ടിച്ചെടുക്കലാണ്. ആ പ്രക്രിയയോടുള്ള നിങ്ങളുടെ സഹകരണം ഇനിയും തുടരുമെന്ന് കരുതുന്നു. പ്രവാസി പണം ക്രിയാത്മകമായും വികസനപരമായും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റിയോടെയുള്ള പദ്ധതികളുടെയും സംവിധാനങ്ങളുടെയും അഭാവമുണ്ടായിരുന്നു. പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി നിര്‍മാണ കമ്പനി, പ്രവാസി ചിട്ടി തുടങ്ങിയവയൊക്കെ പുതിയ സാധ്യതകള്‍ തുറക്കുകയാണ്.

കേരള റീബില്‍ഡ്, വികസന കോണ്‍ക്ലേവ്, അസെന്‍ഡ്, പ്രവാസി ചിട്ടി, എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, മസാല ബോണ്ട് എന്നിങ്ങനെ പദ്ധതികളുമായി കേരളം മുമ്പോട്ടുപോകുമ്പോള്‍, അതിലൊക്കെ പ്രവാസി സമൂഹത്തിനു സഹകരിക്കാവുന്ന മേഖലകളുണ്ട്. വിദേശ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ് സേവനം ഏറ്റവും എളുപ്പത്തില്‍ ലഭ്യമാവും എന്നുറപ്പിക്കാനാണ് പ്രവാസി ഐഡി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയത്.

ഗള്‍ഫ് നാടുകളിലും മറ്റും വിഷമാവസ്ഥയില്‍ പെടുന്നവരെക്കുറിച്ച് ഗവണ്‍മെന്റിന് വലിയ കരുതലുണ്ട്. ആ കരുതലാണ് ഷാര്‍ജാ സുല്‍ത്താനുമായുള്ള ചര്‍ച്ചയിലൂടെ തടവില്‍ നിന്നു 149 പേരെ വിട്ടയക്കുന്ന മനുഷ്യത്വപൂര്‍ണമായ തലത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.

തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസ പ്രശ്നം ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നമാണ്. പ്രവാസി സമൂഹത്തിന്റെയും കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ഓഹരികളോടെയുള്ള ഒരു കണ്‍സോര്‍ഷ്യം ആലോചിക്കാവുന്നതാണ്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പ്രവാസി ചിട്ടി, ഡിവിഡന്റ് ബോണ്ട് തുടങ്ങിയ ആകര്‍ഷകവും സുരക്ഷിതവുമായ നിക്ഷേപ അവസരങ്ങളിലേക്ക് പ്രവാസികളെ എത്തിക്കാന്‍ കഴിയണം. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസി നിക്ഷേപ കമ്പനിയും അവസരങ്ങള്‍ തുറന്നുതരുന്നുണ്ട്. നേരിട്ടുള്ള നിക്ഷേപ അവസരങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിലേക്കൊക്കെ പ്രാപ്തിയുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Vijay Abraham
Vijay Abraham  

Related Articles

Next Story

Videos

Share it