സമ്പത്തുണ്ടാക്കലാണോ ലക്ഷ്യം? 2025ല്‍ നിക്ഷേപിക്കാന്‍ ഇതാ 5 മേഖലകള്‍

ഓഹരി വിപണിയില്‍ വലിയ കുതിപ്പുകള്‍ക്കും അതുപോലെ തന്നെ തിരുത്തലുകള്‍ക്കും 2024 വര്‍ഷം സാക്ഷ്യം വഹിച്ചിട്ടുണ്ട്. വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ നോക്കി നിക്ഷേപിക്കുന്നതാണ് വരും കാലങ്ങളില്‍ കൂടുതല്‍ നല്ലത്. 2025ല്‍ നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കേണ്ട പ്രധാനപ്പെട്ട അഞ്ച് മേഖലകള്‍ ഏതൊക്കെയെന്ന് നോക്കാം.

1. റിന്യൂവബ്ള്‍ എനര്‍ജി

ജലവൈദ്യുതി, സോളാര്‍, കാറ്റ്, ബയോമാസ്, ബയോ ഫ്യൂവല്‍ പദ്ധതികള്‍. കാലാവസ്ഥാ മാറ്റവും മറ്റും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുനരുല്‍പ്പാദനക്ഷമവും ഹരിതവുമായ പുതിയ ഊര്‍ജ സ്രോതസുകളിലേക്ക് മാറാന്‍ നിര്‍ബന്ധിക്കും. അദാനി ഗ്രീന്‍ എനര്‍ജി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ പവര്‍, എന്‍എച്ച്പിസി, എന്‍ടിപിസി, കെപിഐ ഗ്രീന്‍ എനര്‍ജി, ബോറോസില്‍ റിന്യൂവബ്ള്‍സ്, സുസ്ലോണ്‍ തുടങ്ങിയവ ഈ മേഖലയില്‍ വലിയ പദ്ധതികള്‍ നടപ്പാക്കിവരികയാണ്.

2. ഇലക്ട്രിക് വാഹനങ്ങള്‍

കഴിഞ്ഞ ധനകാര്യ വര്‍ഷം 40.3 ശതമാനം വളര്‍ച്ചയോടെ 17.52 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്ത് വില്‍പ്പന നടത്തിയിട്ടുണ്ട്. ഫൊര്‍ച്യൂണ്‍ ബിസിനസ് കണക്കാക്കുന്നത് 2029 വരെ പ്രതിവര്‍ഷം 67 ശതമാനം വളര്‍ച്ച ഈ മേഖല കൈവരിക്കും എന്നാണ്.
ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍: ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മഹീന്ദ്ര ഇലക്ട്രിക്, ഒല ഇലക്ടിക്, ഹീറോ മോട്ടോകോര്‍പ്, എഥര്‍, റിവോള്‍ട്ട്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍, ഗ്രീവ്സ് ഇലക്ട്രിക്, അതുല്‍ ഓട്ടോ, ജെബിഎം, ഒലെക്ട്ര ഗ്രീന്‍ടെക്.
ഇലക്ട്രിക് ബാറ്ററി നിര്‍മാതാക്കള്‍: എക്സൈഡ്, അമരരാജാ ഇലക്ട്രിക്, ടാറ്റാ കെമിക്കല്‍സ്.
ഇവി ചാര്‍ജിംഗ് സംവിധാനം: ടാറ്റാ പവര്‍, എബിബി.
ഇവി പവര്‍ ഇലക്ട്രോണിക്സ്: ബോഷ്, ടാറ്റാ എല്‍ക്സി.
ടെക്നോളജി: കെപിഐടി ടെക്നോളജീസ്, എല്‍ ആന്‍ഡ് ടി, ടിസിഎസ്.

3. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി

ധനകാര്യ സേവന മേഖല വളരുന്നതോടൊപ്പം ആ മേഖലയില്‍ നിര്‍മിതബുദ്ധി അടക്കമുള്ള നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗവും വര്‍ധിച്ചു വരികയാണ്. ബിഗ് ഡാറ്റാ അനലിറ്റിക്സ് വഴി സേവനവും മാര്‍ക്കറ്റിംഗും കൂടുതല്‍ സുഗമവും വേഗവും ആക്കാന്‍ സാധിക്കുന്നു. ഇടപാടുകാര്‍ക്കും കമ്പനിക്കും ചെലവ് കുറയുന്നു. പിബി ഫിന്‍ടെക്, വണ്‍ 97 കമ്യൂണിക്കേഷന്‍സ് (പേയ്ടിഎം), ഇന്‍ഫിബീം അവന്യൂസ്, സാഗ്ള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ്, എംഒഎസ് യൂട്ടിലിറ്റി തുടങ്ങിയവ ഈ രംഗത്ത് ശ്രദ്ധേയ മുന്നേറ്റം നടത്തുന്നു.

4. ഹെല്‍ത്ത്‌കെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍

വൃദ്ധ ജനസംഖ്യയും ജനങ്ങളുടെ വരുമാനവും വര്‍ധിക്കുന്നതോടു കൂടി ആരോഗ്യ സേവനവും ഔഷധങ്ങളും കൂടുതല്‍ ആവശ്യമായി വരുന്നു. നിര്‍മിത ബുദ്ധിയും മറ്റും ഉപയോഗപ്പെടുത്തി മരുന്നുകള്‍ കണ്ടെത്തുന്ന കമ്പനികള്‍ക്ക് കൂടുതല്‍ വളര്‍ച്ച ലഭിക്കും.
മുന്‍നിര കമ്പനികള്‍: സണ്‍ ഫാര്‍മ, ഡിവിസ് ലബോറട്ടറീസ്, ഡോ. റെഡ്ഡീസ്, സിപ്ല, മാന്‍കൈന്‍ഡ് ഫാര്‍മ, സൈഡസ് ലൈഫ് സയന്‍സസ്, അരബിന്ദോ ഫാര്‍മ, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, നാരായണ ഹൃദയാലയ, മാക്സ് ഹെല്‍ത്ത് കെയര്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍.

5. റിയല്‍ എസ്റ്റേറ്റ്

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ച തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് വിലയിരുത്തല്‍. 2047ല്‍ വികസിത രാജ്യ പദവി സ്വപ്നം കാണുന്ന രാജ്യത്ത് പാര്‍പ്പിടങ്ങളും ഓഫീസുകളും ഷോപ്പിംഗ് മാളുകളും ഫാക്ടറികളും ഗോഡൗണുകളും ആശുപത്രികളും ഇന്നത്തേതിന്റെ പലമടങ്ങ് വളരേണ്ടതുണ്ട്. 2022ല്‍ 50,000 കോടി ഡോളറില്‍ താഴെ ആയിരുന്ന റിയല്‍ എസ്റ്റേറ്റ് വിപണി 2030ല്‍ ഒരു ലക്ഷം കോടി ഡോളര്‍ കടക്കുമെന്നാണ് വിലയിരുത്തല്‍. 2047ല്‍ അത് 5.8 ലക്ഷം കോടി ഡോളര്‍ കടന്ന് ജിഡിപിയുടെ 15.5 ശതമാനം എത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോഴത്തേതിന്റെ ഇരട്ടി വലുപ്പമാണ് അന്ന് റിയല്‍ എസ്റ്റേറ്റിന് ജിഡിപിയില്‍ ഉണ്ടാക്കുക. ആഴ്ചയില്‍ രണ്ട് എന്ന തോതില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ ഇന്ത്യയിലേക്ക് വരുന്നത് രണ്ടാം നിര നഗരങ്ങളിലും ഓഫീസ് - പാര്‍പ്പിട ഡിമാന്‍ഡ് പല മടങ്ങ് കൂട്ടുന്നുണ്ട്.
ഈ മേഖലയിലെ വലിയ കമ്പനികളില്‍ ചിലത്: ഡിഎല്‍എഫ്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, മാക്രോടെക് ഡെവലപ്പേഴ്സ്, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഒബ്രോയ് റിയല്‍റ്റി, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ബ്രിഗേഡ് ഗ്രൂപ്പ്, എല്‍ ആന്‍ഡ് ടി റിയല്‍റ്റി, ശോഭ.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it