സ്വര്‍ണ ദീപാവലി! പവന്‍ വില 60,000ന് തൊട്ടരികെ, വെള്ളിയും മുന്നോട്ട്‌

അന്താരാഷ്ട്ര സ്വര്‍ണവില 25 ഡോളറില്‍ അധികം വര്‍ധിച്ചതോടെ ആഭ്യന്തര വിലയിലും കുതിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,440 രൂപയും പവന് 520 രൂപ വര്‍ധിച്ച് 59,520 രൂപയുമായി.

18 കാരറ്റ് സ്വര്‍ണ്ണം 55 രൂപ വര്‍ധിച്ച് ഗ്രാമിന് 6,130 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 83.5ലക്ഷം രൂപയായി.
വെള്ളി വിലയും മുന്നേറ്റം തുടരുന്നുണ്ട്. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 106 രൂപയിലാണ് വ്യാപാരം.

ദീപാവലിക്കുതിപ്പ്

ദീപാവലി ആഘോഷങ്ങള്‍ക്ക് ഇന്ത്യയിലാകമാനം സ്വര്‍ണം ഉയര്‍ന്ന വിലയില്‍ വാങ്ങിക്കൂട്ടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതും ആഭ്യന്തര വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
ഇന്നലെയായിരുന്നു ഉത്തരേന്ത്യയില്‍ ധന്തേരാസ്. സ്വര്‍ണം പോലുള്ള വിശിഷ്ട വസ്തുക്കള്‍ വാങ്ങുന്നതിന് ഉത്തമമായ ദിനമായാണ് ഇത് കണക്കാക്കുന്നത്. ഐശ്വര്യത്തിന്റെ ഭാഗമായി സ്വര്‍ണം, വെള്ളി എന്നിവ വാങ്ങുന്നത് ഈ ദിവസത്തില്‍ പതിവാണ്.

അമേരിക്കന്‍ തെരഞ്ഞെടുപ്പും യുദ്ധഭീതിയും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുക്കുംതോറും രാജ്യാന്തരവിപണിയില്‍ സ്വര്‍ണവില വര്‍ധിക്കുകയാണ്. നവംബര്‍ 5ന് മുമ്പ് തന്നെ അന്താരാഷ്ട്ര സ്വര്‍ണവില 2,800 ഡോളര്‍ മറികടന്ന് മുന്നോട്ട് കുതിക്കും എന്നാണ് സൂചനകള്‍.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2,778 ഡോളറിലാണ് നിലവില്‍ വ്യാപാരം നടത്തുന്നത്. തുടക്കത്തില്‍ 2,782 ഡോളര്‍ വരെ ഉയര്‍ന്ന് പുതിയ റെക്കോഡ് ഇട്ടിരുന്നു.
ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കുമെന്നുള്ള സൂചനകളും പശ്ചിമേഷ്യയിലേതുള്‍പ്പെടെയുള്ള ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളുമെല്ലാം സ്വര്‍ണ വില ഇനിയും ഉയര്‍ത്തുമെന്നാണ് കരുതുന്നത്.

ഇന്ന് ഒരു പവന് വില

ഇന്ന് പവന് 59,500 രൂപയാണ്. എന്നാല്‍ ഈ വിലയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം കിട്ടില്ല. ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി കൊടുക്കണം. പുറമെ ഇപ്പോള്‍ സ്വര്‍ണാഭരണങ്ങളെല്ലാം എച്ച്.യു.ഐ.ഡി മുദ്രയുള്ളതാണ്. 45 രൂപ എച്ച്.യു.ഐ.ഡി ചാര്‍ജും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ഉപഭോക്താവ് നല്‍കണം. ഇതിനെല്ലാം പുറമെയാണ് പണിക്കൂലി. സ്വര്‍ണാഭരണത്തിന്റെ വിലയിലെ നിര്‍ണായക ഘടകമാണ് പണിക്കൂലി. ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമായിരിക്കും. വാങ്ങുന്ന ആഭരണത്തിനനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. സംസ്ഥാനത്ത് സാധാരണ 5 ശതമാനം പണിക്കൂലിയാണ് ഏറ്റവും കുറവ് ഈടാക്കുന്നത്. ബ്രാന്‍ഡഡ് ആഭരണങ്ങളാകുമ്പോള്‍ അത് 20 ശതമാനത്തിന് മുകളുമെത്താം.
ഇന്നത്തെ സ്വര്‍ണ വില അനുസരിച്ച് ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതികളുമൊക്കെ കൂട്ടുമ്പോള്‍ 64,424 രൂപയെങ്കിലും നല്‍കിയാലെ ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകു.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ദീപാവലി പ്രമാണിച്ച് ജുവലറികള്‍ പലതും പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്. പല ജുവലറികളും പണിക്കൂലിയിലും ഉളവ് നല്‍കുന്നുണ്ട്. ഇതൊക്കെ ശ്രദ്ധിച്ചാല്‍ ലാഭത്തില്‍ സ്വര്‍ണം വാങ്ങാം. ചില ജുവലറികള്‍ സ്വര്‍ണാഭരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ആജീവനാന്ത സൗജന്യ മെയിന്റനന്‍സും ഗ്യാരന്റിയും നല്‍കുന്ന ജുവലറികളുമുണ്ട്. ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ച ശേഷം വേണം സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍.


Related Articles
Next Story
Videos
Share it