വീര്യം കുറഞ്ഞ മദ്യവും വീഞ്ഞും നിര്‍മ്മിക്കാന്‍ വിദഗ്ധ പിന്തുണ തേടി 'പൈനാപ്പിള്‍ ഹബ്'
വീഞ്ഞും വീര്യം കുറഞ്ഞ മദ്യവും ഉല്‍പ്പാദിപ്പിക്കാനുള്ള പഴങ്ങളുടെ ഔദ്യോഗിക പട്ടികയില്‍ പൈനാപ്പിള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ തീരുമാനം 'പൈനാപ്പിള്‍ ഹബ് ' ആയ വാഴക്കുളത്തെ കര്‍ഷകരിലും വ്യാപാരികകളിലും പ്രതീക്ഷ വളര്‍ത്തുന്നു. പുതിയ ഉല്‍പ്പന്നങ്ങളുണ്ടാക്കി വിപണനം ചെയ്യാന്‍ വിദഗ്ധരുടെ സഹകരണത്തോടെ സര്‍ക്കാര്‍ നടപടിയുണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പൈനാപ്പിളില്‍ നിന്നുള്ള വിനാഗിരി ഉത്പാദനവും ലാഭകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാലാവസ്ഥയിലെ വ്യതിയാനമനുസരിച്ച് ദിവസേന പൈനാപ്പിള്‍ വില കൂടിയും കുറഞ്ഞും ഇരിക്കുന്നതിനിടെ വ്യാപാരമേഖല നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. കിലോയ്ക്ക് 50 രൂപ വരെ ലഭിച്ചിരുന്നു പൈനാപ്പിളിന് വാഴക്കുളത്തെ മാര്‍ക്കറ്റില്‍. അതേസമയം, പച്ച ചക്കയ്ക്ക് ഇപ്പോഴത്തെ ശരാശരി വില 22 രൂപയാണ്. പഴുത്ത ചക്കയുടെ വില 20 രൂപ വരെയും. അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത് പച്ച ചക്കയാണ്.
ഉത്പാദനത്തിലുണ്ടായ വര്‍ധനവും മഴയുമാണ് പൈനാപ്പിള്‍ വിലയിടിവിന് പ്രധാന കാരണം. ദീപാവലി അവധിയുടെ മാന്ദ്യം കഴിഞ്ഞതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള പൈനാപ്പിളിന്റെ ഡിമാന്‍ഡ് കൂടുമെന്ന വ്യാപാരികളുടെ പ്രതീക്ഷ ഇനിയും സഫലമായിട്ടില്ല. ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലെ കച്ചവടം ഇപ്പോഴും മോശമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഈയിടെ വില 16 രൂപ വരെ താഴ്ന്നിരുന്നു. വിപണനത്തിന് ബദല്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം കര്‍ഷകര്‍ ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും അനുകൂല സീസണില്‍ 1,500 ടണ്‍ വരെയാണ് ഈ മേഖലയിലെ പൈനാപ്പിള്‍ ഉത്പാദനം. ഇപ്പോള്‍ പ്രതിദിനം 1,000 ടണ്‍ വരും. മൊത്തത്തില്‍ ഏകദേശം 40,000 ഏക്കറില്‍ കൃഷിയുണ്ട്. നാല് ലക്ഷം ടണ്‍ ആണ് കേരളത്തിലെ ഉല്‍പാദനം. ഇതില്‍ ഭൂരിഭാഗവും ഫ്രഷ് ഫ്രൂട്ട് വിപണിയിലേക്ക് പോകുന്നു, പ്രതിദിനം 60-70 ടണ്‍ വരും ശരാശരി ഡിമാന്‍ഡ്. സംസ്‌കരണ സൗകര്യങ്ങളുടെ കുറവു മൂലമാണ് ഫ്രഷ് ഫ്രൂട്ട് വിപണിയിലേക്ക് ഉല്‍പ്പന്നം ഒതുങ്ങിപ്പോകുന്നത്.
ഏത് സീസണിലും മികച്ച വിളവ് ലഭ്യമാകുമെന്നതിനാലും റബ്ബറിന് ഇടവിളയായി കൃഷി ചെയ്യാമെന്നതിനാലും പൈനാപ്പിള്‍ കൃഷിയെ ആശ്രയിച്ച് മാത്രം ജീവിക്കുന്ന പതിനായിരക്കണക്കിന് ആളുകളാണ് സംസ്ഥാനത്തുള്ളത്. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ മൂവാറ്റുപുഴ താലൂക്കില്‍പ്പെട്ട വാഴക്കുളത്ത് കേന്ദ്രീകൃതമായിരുന്ന കൃഷി ഇപ്പോള്‍ സംസ്ഥാനത്ത് പലയിടങ്ങളിലുമുണ്ട്. വിപണിയില്‍ പൈനാപ്പിളിന് വലിയ ഡിമാന്റുണ്ടായിരുന്നപ്പോള്‍ ധാരാളം ആളുകള്‍ ഈ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. പൈനാപ്പിളിന്റെ മുഖ്യ വ്യാപാര കേന്ദ്രമായ വാഴക്കുളത്ത് 250 ഓളം വ്യാപാരികളുണ്ട്.
വിപണിയില്‍ വന്‍ ലാഭത്തിലായിരുന്ന വ്യാപാരം പെട്ടെന്ന് മന്ദീഭവിച്ചതോടെ ധാരാളം പേര്‍ ഈ മേഖലയില്‍ നിന്നും പിന്മാറിയതായി വ്യാപാരികള്‍ തന്നെ പറയുന്നു. ഈ വര്‍ഷം ലഭിച്ച ഉയര്‍ന്ന വില 38 രൂപയായിരുന്നു. പിന്നീട് വില കുത്തനെ കീഴ്‌പ്പോട്ട് പോകുകയാണുണ്ടായത്. ഉല്പാദനത്തിനുസൃതമായി പൈനാപ്പിള്‍ സംഭരിക്കാന്‍ കഴിയാത്തതുമൂലം വിലയിടിഞ്ഞ് ടണ്‍ കണക്കിന് പൈനാപ്പിള്‍ വെറുതെ കിടന്ന് നശിച്ചു.
വിപണിയില്‍ കുമിഞ്ഞുകൂടുന്ന അധിക ഉല്‍പന്നം സംസ്‌കരണ വ്യവസായത്തിന്് എത്തിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്താലേ ഫലപ്രദമായ രക്ഷാമാര്‍ഗം തെളിഞ്ഞുകിട്ടുകയുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു. അധിക സ്റ്റോക്ക് വിപണിയില്‍ നിന്നു നീങ്ങാതെ കിടന്നാല്‍ വില താഴ്ന്നടിയും, ഉല്‍പ്പന്നം നശിക്കും - കാല്‍ നൂറ്റാണ്ടിലേറെയായി പൈനാപ്പിള്‍ കൃഷി, വ്യാപാര രംഗങ്ങളില്‍ സജീവമായുള്ള ജോസ് വര്‍ഗീസ് ചക്കാലക്കുന്നേല്‍ ചൂണ്ടിക്കാട്ടി. സംഭരണവുമായി ബന്ധപ്പെട്ട് പൈനാപ്പിള്‍ വില പരിധി വിട്ടു താഴാതെയുള്ള നിയന്ത്രണത്തിന് സര്‍ക്കാര്‍ സ്ഥിരം സംവിധാനം കൊണ്ടുവന്നാലേ കര്‍ഷകര്‍ക്കും വിപണിക്കും പിടിച്ചുനില്‍ക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.
റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റിയ ശേഷം കോര്‍പ്പറേറ്റ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള വലിയ റബ്ബര്‍ തോട്ടങ്ങളില്‍ പൈനാപ്പിള്‍ കൃഷി ആരംഭിച്ചത് ഉല്‍പാദന വര്‍ധനവിന് കാരണമായിട്ടുണ്ടെന്ന് വാഴക്കുളം പൈനാപ്പിള്‍ ഗ്രോവേഴ്സ് ആന്റ് പ്രോസസ്സേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബേബി ജോണ്‍ പേടിക്കാട്ടുകുന്നേല്‍ പറഞ്ഞു. മാത്രമല്ല, റബ്ബര്‍ വിലയിലുണ്ടായ ഇടിവും കര്‍ഷകരെ റബ്ബറില്‍ നിന്ന് പൈനാപ്പിള്‍ കൃഷിയിലേക്ക് മാറ്റാന്‍ പ്രേരിപ്പിച്ചു.
ഉയര്‍ന്ന ഉല്‍പാദനം മാത്രമല്ല വിപണന തന്ത്രങ്ങളുടെ അഭാവവും വിലക്കയറ്റത്തിന് കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു. 20 ശതമാനത്തിലധികം ഉല്‍പ്പന്നവും നഷ്ടപ്പെട്ടുപോകുകയാണിപ്പോള്‍. ഇതൊഴിവാക്കാന്‍ ആധുനിക പൈനാപ്പിള്‍ മാര്‍ക്കറ്റ് വാഴക്കുളത്ത് സ്ഥാപിക്കണം. നിലവില്‍ പ്രോസസ്സിംഗ് കമ്പനികള്‍ വളരെ കുറച്ച് പൈനാപ്പിള്‍ മാത്രമേ സംഭരിക്കുന്നുള്ളൂ. വിലയിടിവ് മുതലെടുത്ത് കൂടുതല്‍ അളവില്‍ സംഭരിക്കാനും വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ക്കു വേണ്ടി പള്‍പ്പ് ആക്കി സൂക്ഷിക്കാനുമുള്ള തന്ത്രമാണ് കമ്പനികളുടേതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇടനിലക്കാരെയും വ്യാപാരികളെയും ഒഴിവാക്കി പ്രോസസ്സിംഗ് കമ്പനികള്‍ക്ക് ചരക്കു നല്‍കുന്നതിന് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഗ്രോവേഴ്സ് അസോസിയേഷന്‍. പ്രോസസ്സിംഗ് കമ്പനികള്‍ക്കും കര്‍ഷകര്‍ക്കും സ്വീകാര്യമായ വിലയ്ക്ക് ഉല്‍പ്പന്ന കൈമാറ്റം നടക്കും എന്നതാണ് ഇതിന്റെ ഗുണം. ഡെലിവറി ഗ്യാരണ്ടി പ്രകാരം കൃത്യത സാധ്യമാക്കും.
റബ്ബര്‍ വിലയിടിവു മൂലം നിരവധി എസ്റ്റേറ്റുകളിലും വന്‍കിട ചെറുകിട കര്‍ഷകരും റബ്ബര്‍ മരങ്ങള്‍ മുറിച്ചുനീക്കി പൈനാപ്പിള്‍ കൃഷി ചെയ്തതോടെ ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ കാളിയാര്‍, മുണ്ടക്കയം, കോന്നി തുടങ്ങിയ എസ്റ്റേറ്റുകളിലായി 1500 ഏക്കറോളം സ്ഥലമാണ് പൈനാപ്പിള്‍ കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ 200 ഏക്കറും, മുണ്ടക്കയം ടി. ആര്‍. ടി എസ്റ്റേറ്റില്‍ 400 ഏക്കറും പൈനാപ്പിള്‍ കൃഷിയുണ്ട്. റബ്ബര്‍ വിലയിലെ ഇടിവു മൂലം നിരവധി എസ്റ്റേറ്റുകളും ചെറുകിട വന്‍കിട കര്‍ഷകരും റബ്ബര്‍ത്തോട്ടങ്ങള്‍ വെട്ടി പുതുക്കൃഷി ആരംഭിച്ചതോടെ പൈനാപ്പിള്‍ കൃഷിയും വര്‍ധിക്കുകയായിരുന്നു.
വില താഴുമ്പോള്‍ വി എഫ് പി സി കെയും ഹോര്‍ട്ടി കോര്‍പ്പും പൈനാപ്പിള്‍ സംഭരിക്കുമെങ്കിലും ഉദ്പാദിപ്പിക്കുന്ന പൈനാപ്പിളിന്റെ ചെറിയൊരു അളവ് മാത്രമേ ഇപ്രാകാരം സംഭരിക്കാന്‍ കഴിയാറുള്ളൂ. കാര്‍ഷിക മേഖലയിലെ മറ്റ് വിളകള്‍ക്ക് നല്‍കുന്ന പരിഗണന പൈനാപ്പിളിന് ഇപ്പോഴും ലഭിക്കുന്നില്ല. കൊട്ടിഘോഷിച്ചു സര്‍ക്കാര്‍ തുടക്കമിട്ട നടുക്കരയിലെ പൈനാപ്പിള്‍ ഫാക്ടറിയാകട്ടെ വന്‍ പരാജയമായി മാറി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline