തടയുക അസാധ്യം, യൂറോപ്പ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോള്‍...

ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് (Recession) വീഴാതിരിക്കാന്‍ ജര്‍മനിയില്‍ ഒരു സാമ്പത്തിക അത്ഭുതം സംഭവിക്കണമെന്നാണ്. ഐഎന്‍ജി ജര്‍മനിയുടെ ചീഫ് ഇക്കണോമിസ്റ്റ് ആയ കാര്‍സ്റ്റണ്‍ ബ്രെസ്‌കി (Carsten Brzeski) കഴിഞ്ഞ ദിവസം പറഞ്ഞത്. യൂറോപ്പിലെ (Europe) പ്രധാന സമ്പദ്‌വ്യവസ്ഥകളെല്ലാം മാന്ദ്യ ഭീഷണിയിലാണ്. യൂറോസോണിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ 2023ലെ വളര്‍ച്ചാ പ്രവചനം അന്താരാഷ്ട്ര നാണയ നിധി തരംതാഴ്ത്തിയിരുന്നു.

റഷ്യയുടെ യുക്രെയ്ന്‍ (Russia Ukraine War) അധിനിവേശം ആരംഭിച്ച് ആറുമാസം ആവുമ്പോഴേക്കും യുറോപ്പിന് മേല്‍ യുദ്ധം വരുത്തിയ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വ്യക്തമാവാന്‍ തുടങ്ങി. 40 വര്‍ഷത്തിന് ശേഷം യുകെയിലെ പണപ്പെരുപ്പം ആദ്യമായി 10 ശതമാനത്തിന് മുകളിലായി. ബ്രെക്‌സിറ്റിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് യുകെയില്‍ മാന്ദ്യമെത്തുന്നത്. ഊര്‍ജ്ജച്ചെലവ് ഉയരുന്നത്, വിതരണ ശൃംഖലയിലെ തടസങ്ങള്‍, വരള്‍ച്ച, തൊഴിലാളികളുടെ കുറവ് തുടങ്ങിയവയൊക്കെ യൂറോപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

ദി ഇക്കണോമിസ്റ്റിന് കീഴിലുള്ള ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിലെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് യുറോപ്യന്‍ രാജ്യങ്ങള്‍ ഊര്‍ജ്ജ ഉല്‍പ്പാദനത്തിന് ബദലുകള്‍ കണ്ടെത്തുന്നത് വരെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകില്ല എന്നാണ്. ഊര്‍ജ്ജ ദൗര്‍ലഭ്യത്തിന്റെയും പണപ്പെരുപ്പത്തിന്റെയും ഫലമായി 2022-23ല്‍ യൂറോപ്പില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും 2024 വരെ കുറഞ്ഞ വളര്‍ച്ചാ നിരക്കായിരിക്കും എന്നുമാണ് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണീറ്റിന്റെ വിലയിരുത്തല്‍.

മാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യതകള്‍

യുറോപ്പിനെ മാന്ദ്യത്തിലേക്ക് നയിക്കുന്നതില്‍ ജര്‍മനി മുമ്പില്‍ തന്നെയുണ്ട്. ഓയില്‍,ഗ്യാസ് ഇറക്കുമതിക്ക് റഷ്യയെ ആണ് ജര്‍മനി പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇന്ധന വില ഉയര്‍ന്നത്, മഴ ലഭ്യത കുറഞ്ഞത്, നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങിയവയാണ് ജര്‍മനി നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിയിൽ ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നെഗറ്റീവ് വളര്‍ച്ചാ നിരക്കായിരിക്കും എന്നാണ് വിലയിരുത്തല്‍. റൈന്‍ നദിയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചരക്കുനീക്കം കുറഞ്ഞത് ഉള്‍പ്പടെ സമ്പദ് വ്യവസ്ഥയെ ബാധിച്ചിരുന്നു. എനര്‍ജി സപ്പോര്‍ട്ട് പായ്‌ക്കേജായി 30 ബില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ദി ഗാര്‍ഡിയന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ മാന്ദ്യത്തിനുള്ള സാധ്യത അഞ്ചില്‍ നാലാണ് ( four out of five).

വൈദ്യുതിക്കായി ആണവോര്‍ജ്ജത്തെ കൂടുതലായി ആശ്രയിക്കുന്ന ഫ്രാന്‍സില്‍ കാര്യങ്ങള്‍ ഇത്തിരികൂടി ആശ്വാസ്യകരമാണ്. അതേ സമയം ജിഡിപി വളര്‍ച്ചാ നിരക്കില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഫ്രാന്‍സ്. ആഭ്യന്തര ഉപഭോഗത്തിലും ഇടിവുണ്ടായി. 20 ബില്യണ്‍ യുറോയുടെ ഒരു എമര്‍ജെന്‍സി പായ്‌ക്കേജ് ഫ്രാന്‍സ് പ്രഖ്യാപിച്ചിരുന്നു. അഞ്ചില്‍ രണ്ടാണ് രാജ്യത്തെ മാന്ദ്യത്തിനുള്ള സാധ്യത. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഒരു ശതമാനം വളര്‍ച്ച നേടിയ ഇറ്റലിയില്‍ ജര്‍മനിയെയും ഫ്രാന്‍സിനെയും അപേക്ഷിച്ച് പണപ്പെരുപ്പത്തിന്റെ തോത് കുറവാണ്. എന്നാല്‍ ഗ്യാസിനായി റഷ്യയെ ആശ്രയിക്കുന്നതും രാഷ്ട്രീയ അനിശ്ചിതത്വവും ഇറ്റലിക്ക് ബാധ്യതയാണ്. കോവിഡിന് മുമ്പ് ഇറ്റാലിയന്‍ ജിഡിപിയില്‍ ടൂറിസത്തിന്റെ സംഭാവന 13 ശതമാനം ആയിരുന്നു. രാജ്യത്തെ മാന്ദ്യത്തിനുള്ള സാധ്യത അഞ്ചില്‍ മൂന്നാണ്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മാന്ദ്യത്തിലേക്ക് പോകാന്‍ സാധ്യത കുറവുള്ള സമ്പദ് വ്യവസ്ഥയാന് സ്‌പെയിനിന്റേത്. എന്നാല്‍ യുകെയ്ക്ക് ഒപ്പം പണപ്പെരുപ്പം 10 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന രാജ്യം കൂടിയാണ് സ്‌പെയിന്‍. കോവിഡിന് ശേഷം രാജ്യത്തെ ടൂറിസം രംഗത്ത് ഉണര്‍വുണ്ടായതും ഊര്‍ജ്ജത്തിനായി വലിയ തോതിൽ റഷ്യയെ ആശ്രയിക്കാത്തതും രാജ്യത്തിന് ഗുണം ചെയ്തു. രണ്ടാം പാദത്തില്‍ 1.1 ശതമാനം (ജിഡിപി) വളര്‍ച്ച നേടിയ സ്‌പെയിന്‍, ഇക്കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള രാജ്യം കൂടിയാണ്.

യുദ്ധത്തെ തുടര്‍ന്ന് 1918ന് ശേഷം റഷ്യ ആദ്യമായി വിദേശ തിരിച്ചടവുകളില്‍ വീഴ്ച വരുത്തിയ വര്‍ഷമാണിത്. യൂറോപ്യന്‍ ഉപരോധവും റഷ്യയ്ക്ക് തിരിച്ചടിയായി. അതേ സമയം ഇന്ധനവില ഉയരുന്നത് റഷ്യയ്ക്ക് നേട്ടമാണ്. ഇന്ധന കയറ്റുമതി 167 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചം(ജനുവരി-ജൂണ്‍) നേടാന്‍ റഷ്യയെ സഹായിച്ചിരുന്നു. അതേ സമയം ഉപരോധം ഇറക്കുമതി ഇടിയാന്‍ കാരണമായി. പല പ്രമുഖ ബ്രാന്‍ഡുകളും രാജ്യം വിട്ടു. യൂറോപ്യന്‍ മേഖലയില്‍ നിന്നുള്ള സാങ്കേതിക-സാമ്പത്തിക നിക്ഷേപങ്ങൾ അവസാനിക്കുന്നത് ഭാവിയില്‍ റഷ്യയെ ബാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it