ജോലിക്ക് പകരം ഇനി ദുബായില്‍ ബിസിനസ് തുടങ്ങാം, സംരംഭകരെ മാടിവിളിച്ച് ദുബായ്

തൊഴില്‍ തേടി കടല്‍ കടന്നവരാണ് മലയാളികള്‍. മാറിയ സാഹചര്യത്തില്‍ സംരംഭം തുടങ്ങാന്‍ നേരെ ദുബായിലേക്ക് ഇനി പോയെന്നിരിക്കും! കഴിഞ്ഞ ദിവസം ദുബായ് ഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂമിന്റെ നിര്‍ദേശ പ്രകാരം തുടക്കമിട്ടിരിക്കുന്ന നീക്കമാണ് ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെലവ് കുറഞ്ഞ രീതിയില്‍ വളര്‍ച്ചയ്ക്കുള്ള ഫണ്ട് സമാഹരിക്കാനുള്ള വഴി തുറന്നിരിക്കുന്നത്.

ചെറുകിട ഇടത്തരം കമ്പനികള്‍ക്കും യുവ കമ്പനികള്‍ക്കും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് ഫണ്ട് കണ്ടെത്താനായി നാസ്ഡാക് ദുബായ് ഗ്രോത്ത് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. നാസ്ഡാക് ദുബായിയുടെ കീഴിലുള്ള ഈ എക്‌സ്‌ചേഞ്ച് ദുബായ് ഫ്യൂച്ചര്‍ സിറ്റി പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ''സംരംഭകര്‍ക്ക് വളരാനും പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാനും അവരുടെ സംരംഭങ്ങളില്‍ ഫണ്ട് സമാഹരിക്കാനുമുള്ള അവസരമാണ് ദുബായ് ഒരുക്കുന്നത്,'' ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂം ട്വീറ്ററില്‍ കുറിച്ചത് ഇതാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ നാസ്ഡാക് ദുബായ് ഗ്രോത്ത് മാര്‍ക്കറ്റ് പ്രവര്‍ത്തന സജ്ജമാകും.

സംരംഭകര്‍ക്ക് എന്താണ് മെച്ചം?

ദുബായിയില്‍ ഇങ്ങനെ ഒരു എക്‌സ്‌ചേഞ്ച് വരുന്നതുകൊണ്ട് മലയാളി സംരംഭകര്‍ക്ക് എന്താണ് മെച്ചം? ഒരു വര്‍ഷം മാത്രം പ്രവര്‍ത്തന പരിചയമുള്ള 250 മില്യണ്‍ ഡോളറില്‍ താഴെ മൂല്യമുള്ള കമ്പനികള്‍ക്ക് നാസ്ഡാക് ദുബായ് ഗ്രോത്ത് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാം. ''ദുബായില്‍ ചട്ടങ്ങള്‍ ലളിതമാണ്. മാത്രമല്ല സ്ഥിരതയും തുടര്‍ച്ചയുമുണ്ട്. പുതിയ കാലത്ത് സംരംഭകര്‍ക്ക് ഫണ്ട് സമാഹരിക്കാനും വളരാനും ഏറ്റവും നല്ല മാര്‍ഗം ഐപിഒ തന്നെയാണ്. അത് അനായാസമായി നടത്താനുള്ള സാഹചര്യമാണ് ദുബായ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. ആഗോളതലത്തിലെ സംരംഭകര്‍ക്കൊപ്പം മലയാളികള്‍ക്കും ഇതേറെ സഹായകരമാകും,'' പ്രൊഫഷണല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ആസ്‌ക് (AASC) ന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അമീന്‍ അഹ്‌സാന്‍ പറയുന്നു.

ദുബായില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് ചുരുങ്ങിയത് 25 ശതമാനം ഓഹരിയെങ്കിലും ഈ എക്‌സ്‌ചേഞ്ച് വഴി വില്‍പ്പന നടത്താം. ''നല്ല ബിസിനസുകളില്‍ പങ്കാളികളാകണമെന്ന് താല്‍പ്പര്യപ്പെടുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ അവരെ പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഓഹരി പങ്കാളിത്തതിന് വന്‍ തുക നിക്ഷേപിക്കേണ്ടി വരുന്നത്, പണത്തിന് അത്യാവശ്യം വരുന്ന സമയത്ത് ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് മാറി അത് എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ സാധിക്കാത്തത്, സംരംഭങ്ങളുടെ ഉള്ളുകള്ളികളെ കുറിച്ചുള്ള അറിവില്ലായ്മ ... അങ്ങനെ പലതും. എന്നാല്‍ പുതിയ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തന സജ്ജമാകുന്നതോടെ ദുബായിയിലെ മലയാളി സംരംഭകരുടെ ബിസിനസുകള്‍ക്ക് അവിടെ ലിസ്റ്റിംഗ് നടത്താം. അതില്‍ തീരെ ചെറിയ ഓഹരി പങ്കാളിത്തം പോലും അവിടെയുള്ള മലയാളികള്‍ക്ക് ഉറപ്പാക്കാം. ഇത് സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ഗുണകരമാകും,'' അമീന്‍ അഹ്‌സാന്‍ വിശദീകരിക്കുന്നു.

പുതിയ വിജയകഥകള്‍ പിറക്കും

ഇന്ത്യയിലും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ലിസ്റ്റ് ചെയ്യാനുള്ള പ്ലാറ്റ്‌ഫോം ഉണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ അത് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. അതില്‍ നിന്ന് ഭിന്നമായി ദുബായില്‍ മലയാളി സംരംഭകര്‍ പുതിയ കരുത്തുറ്റ സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനും ലിസ്റ്റിംഗ് നടത്തി വളരാനും ഇപ്പോഴത്തെ നീക്കം സഹായകരമാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it