കാനഡയിൽ സ്ഥിരതാമസം : വ്യാജ വാഗ്ദാനത്തിൽ വീഴല്ലേയെന്നു സെനറ്റർമാരുടെ മുന്നറിയിപ്പ്

ഓരോ വര്‍ഷവും ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കാനഡയിലേക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ എത്തുന്നത്. പലരും പഠനത്തിന് ശേഷം ലഭിക്കുന്ന സ്ഥിരതാമസം (പെര്‍മനന്റ് റസിഡന്‍സി) ലക്ഷ്യമിട്ടാണ് വന്‍ തുക കടമെടുത്ത് പഠനത്തിനായി പോകുന്നത്. എന്നാല്‍ യുവാക്കളുടെ ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് സെനറ്റര്‍മാരായ രത്‌ന ഒമിദ്‌വര്‍, ഹസന്‍ യൂസഫ്, യുയെന്‍ പോ വൂ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ട്.

കൂടുതല്‍ വിദ്യാര്‍ത്ഥികളും കണ്‍സള്‍ട്ടന്റുമാരുടെ വാക്കുകള്‍ വിശ്വസിച്ചാണ് പെര്‍മനന്റ് റിസഡന്‍സി എന്ന സ്വപ്‌നത്തിലേക്ക് എത്തുന്നത്. 2000 മുതലുള്ള കണക്കെടുത്താല്‍, കാനഡയിലെത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ 30 ശതമാനത്തിന് മാത്രമാണ് ഒരു ദശാബ്ദത്തിനുള്ളില്‍ സ്ഥിരതാമസാവകാശം നേടാനായതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഒരു മുന്നറിയിപ്പാണ് റിപ്പോര്‍ട്ട്.
വിദ്യാഭ്യാസ ഉപദേഷ്ടാക്കള്‍ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളെ ചെറുക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുക മാത്രമല്ല, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ ഊതിപ്പെരുപ്പിച്ച പ്രതീക്ഷകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ കനേഡിയന്‍ ഗവണ്‍മെന്റിന്റെ മനഃപൂര്‍വമല്ലാത്ത പങ്കിനെ ചൂണ്ടിക്കാണിക്കുകയുമാണ് റിപ്പോര്‍ട്ട്

താമസിക്കാനിടം പോര

കഴിഞ്ഞ വര്‍ഷം 4,69,000 സ്ഥിര താമസക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 700,000 താല്‍ക്കാലിക താമസക്കാര്‍ക്കും കാനഡ സ്വാഗതമരുളി. കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ താമസൗകര്യങ്ങളുടെ ആവശ്യം വര്‍ധിക്കുകയും നിരക്കുകള്‍ വന്‍തോതില്‍ ഉയരാന്‍ ഇടയാകുകയും ചെയ്തു. ഒട്ടാവയുടെ ഇമിഗ്രേഷന്‍ നയങ്ങളാണ് പ്രശ്‌നങ്ങള്‍ക്കിടയായതെന്നും നിലവില്‍ സ്ഥിതി നിയന്ത്രണാതീതമാണെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

താമസസൗകര്യങ്ങളുടെ കുറവ് പരിഹരിക്കാൻ ഹൗസിംഗ് പ്രോജക്ടുകള്‍ നടക്കുന്നുണ്ടെങ്കിലും പ്രവർത്തനം മന്ദഗതിയിലാണ്. പ്രധാന നഗരങ്ങളില്‍ നിന്ന് മാറി, തണുപ്പുള്ള പ്രദേശങ്ങളിലൊക്കെ താമസിക്കാന്‍ തയാറാകുന്നവര്‍ക്ക് താമസസൗകര്യം ലഭിക്കുന്നുണ്ടെന്നും വൈറ്റ് കോളര്‍ ജോലി മാത്രം ലക്ഷ്യമിട്ടു വരുന്നവര്‍ക്ക് അത്ര സുഗകരമായിരിക്കില്ല കാനഡയിലെ ജീവിതമെന്നും മുന്‍ഗാമികള്‍ പറയുന്നു. പഠനശേഷം അതേ മേഖലയില്‍ തന്നെ തൊഴില്‍ ചെയ്യാനാണ് സാധാരണ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പലരും നോക്കുക. അതിനനുസരിച്ച് ജോലി കിട്ടാതെ വരുമ്പോള്‍ പ്രതിസന്ധിയിലാകും. സ്‌കില്‍ഡ് വര്‍ക്കിലേക്കും കൂടി തിരിയാന്‍ മനസുള്ളവര്‍ക്ക് പ്രശ്‌നങ്ങളിലെന്നും ഇവര്‍ പറയുന്നു.


നിലവിൽ പ്രശ്നങ്ങളില്ല

കാനഡയില്‍ പി.ആര്‍ ലഭിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. കൂടുതല്‍ പേരും എക്‌സ്പ്രസ് എന്‍ട്രി വഴിയാണ് ശ്രമിക്കുന്നത്. അതത്ര എളുപ്പമായിരിക്കില്ല. മാത്രമല്ല വലിയ നഗരങ്ങളില്‍ തന്നെ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പി.ആര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് കാനഡിയിലെത്തിയവര്‍ പറയുന്നത്.

''പല പ്രവശ്യകളിലും ധാരാളം പ്രോജക്ടുകള്‍ നടക്കുന്നുണ്ട്. അത്തരം പ്രോജക്ടുകളില്‍ കുറച്ചു കാലം ജോലി ചെയ്ത് പോയിന്റ് നേടിയ ശേഷം പി.ആറിന് അപേക്ഷിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും.'' അഞ്ചു വര്‍ഷമായി കാനഡയില്‍ ജോലി ചെയ്യുന്ന കാലടി സ്വദേശിയായ സെബാന്‍ പറയുന്നു. മാനേജ്‌മെന്റ് പഠനത്തിനാണ് കാനഡയിലെത്തിയതെങ്കിലും അതിനു ശേഷം ഉള്‍ഗ്രാമങ്ങളിലെ മറ്റ് സ്‌കില്‍ഡ് ജോലികളിലേക്ക് തിരിയുകയായിരുന്നു. തുടര്‍ന്ന് രണ്ടു വര്‍ഷം കൊണ്ട് പി.ആര്‍ നേടാന്‍ സെബാന് സാധിച്ചു. പി.ആര്‍ കിട്ടിയശേഷം ഇഷ്ടമുള്ള ജോലിയിലേക്കും സ്ഥലത്തേക്കും മാറാന്‍ പ്രശ്‌നമില്ല. മാത്രമല്ല രണ്ടു വര്‍ഷത്തിന് ശേഷം പൗരത്വവും ലഭിക്കുകയും ചെയ്യും.

ജനസംഖ്യയില്‍ കുതിച്ചു ചാട്ടം

കാനഡയിലെ ജനസംഖ്യയില്‍ അഭൂതപൂര്‍വമായ കുതിച്ചുചാട്ടമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 12 ലക്ഷം കുടിയേറ്റക്കാര്‍ ഇവിടെയെത്തിയതില്‍ വലിയൊരു ഭാഗവും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ്. ഏഴ് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ വളര്‍ച്ചയാണിത്.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ജൂലൈ 1 വരെയുള്ള രാജ്യത്തെ ജനസംഖ്യ ഏകദേശം 4.01 കോടിയാണ്. 3% ആണ് വര്‍ധന. നിരവധി വികസിത രാജ്യങ്ങള്‍ ജനസംഖ്യാ ശോഷണം നേരിടുന്ന സമയത്താണ് ഈ കുതിപ്പ്.

വലിപ്പത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് കാനഡയെങ്കിലും ജനസംഖ്യ കേരളത്തിലേതിനേക്കാള്‍ അല്‍പം കൂടുതല്‍ മാത്രമാണുള്ളത്. പക്ഷെ പല സ്ഥലങ്ങളും ഇനിയും വികസിച്ചിട്ടില്ലെന്നും വാസയോഗ്യമല്ലെന്നതുമാണ് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്നതിന് വിലങ്ങുതടിയാകുന്നത്.

Resya R
Resya R  

Related Articles

Next Story

Videos

Share it