എല്ലാ മേഖലയും മരവിച്ചു; സാമ്പത്തിക അരക്ഷിതാവസ്ഥയെ രൂക്ഷമാക്കി കൊറോണ വൈറസ് ബാധ

കൊറോണ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മേല്‍ വീണ്ടുമേറ്റ പ്രഹരമായാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. കേരളത്തിലെ സ്ഥിതിഗതികളും മോശമല്ല. കഴിഞ്ഞ കുറെ മാസങ്ങളായി കരകയറാന്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ വിവിധ മേഖലകള്‍ കൊറോണ ബാധയേറ്റ് വീണ്ടും തളര്‍ന്നു കൊണ്ടിരിക്കുകയാണ്. റിയല്‍ എസ്‌റ്റേറ്റ് മേഖലയും നിര്‍മാണ മേഖലയും നേരത്തെ തന്നെ കൂപ്പു കുത്തി. കൊറോണ കൂടി വന്നപ്പോള്‍ ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗതാഗതം, ടൂറിസം… എന്തിന് ടോപ് ഐടി കമ്പനികള്‍ മുതല്‍ ചുമട്ടു തൊഴിലാളികളടക്കമുള്ളവരുടെ ജോലിയെയും ജീവിതത്തെയും വരെ കൊറോണ ബാധയേറ്റിരിക്കുകയാണ്. കൊറോണ വൈറസ് മുന്നോട്ട് വെയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ആശങ്കയാണ് ഉണ്ടാക്കുന്നതെങ്കില്‍ കൊറോണ വരുത്തി വെച്ചേക്കാവുന്ന സാമ്പത്തിക തിരിച്ചടികളാണ് വലിയൊരു ആഘാതം.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനം തന്നെയാണ് നമ്മുടെ സാമ്പത്തിക തകര്‍ച്ചയും. എന്നാല്‍ പ്രതിസന്ധിയില്‍ നിന്നു കര കയറാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ചടികള്‍ ഓരോന്നായി കടന്നു വരികയാണ് ബിസിനസ് സമൂഹത്തിനു നേരെ. പ്രളയം തളര്‍ത്തിയ ഫര്‍ണിച്ചര്‍ മേഖലയ്ക്ക് വീണ്ടും കൊറോണ തിരിച്ചടിയായിരിക്കുകയാണെന്ന് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഫര്‍ണിച്ചര്‍ ബിസിനസുകാര്‍ പറയുന്നു.

ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും റീറ്റെയ്ല്‍ വസ്ത്രവ്യാപാര സ്ഥാപനങ്ങളുമെല്ലാം കഴിഞ്ഞ ദിവസം കനത്ത നഷ്ടത്തിലാണ് സെയ്ല്‍സ് ക്ലോസ് ചെയ്തത്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബള്‍ക്ക് പര്‍ച്ചേസുകള്‍ മുടങ്ങിയതിനാല്‍ വിറ്റഴിക്കപ്പെടാത്ത സ്റ്റോക്കിന്റെ ആശങ്കകള്‍ വേറെ. ഹോട്ടലുകളില്‍ കൊറോണയും പക്ഷിപ്പനിയും ഒരേ പോലെയാണ് പിടിമുറുക്കിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍ ഭാഗത്തൊക്കെയുള്ള ഹോട്ടലുകളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലിക്കു നില്‍ക്കുന്നതിനാല്‍ ആളുകള്‍ വൃത്തിയെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ ബോധവാന്മാരാണെന്ന് കാക്കനാടുള്ള ഒരു ഹോട്ടലുടമ പറയുന്നു.

മരവിപ്പ് എല്ലാ മേഖലയിലേക്കും

ടൂറിസമാണ് ഏറ്റവും താഴേക്ക് കൂപ്പു കുത്തിയത്. മൂന്നാറില്‍ നാലായിരത്തോളം റൂം ബുക്കിംഗുകളാണ് മുടങ്ങിയത്. ഓയോയുടേത് മാത്രം രണ്ടായിരത്തിലേറെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആലപ്പുഴ, തിരുവനന്തപുരം, ആലപ്പുഴയിലും കൊച്ചിയിലും കുമരകത്തുമെല്ലാം ഹൗസ്‌ബോട്ടുകളും ടൂറിസ്റ്റ് മോട്ടോര്‍ ബോട്ടുകളും യാത്രികരില്ലാതെ നിശ്ചലമാണ്. മാത്രമല്ല കൊറോണ ഭീതിയെ തുടര്‍ന്ന് വിദേശികളുടെ ബുക്കിംഗുകള്‍ എടുക്കാനുള്ള ഭയവും. വിദേശികള്‍ കൂടുതല്‍ എത്തിയിരുന്ന അതിരപ്പിള്ളി, കോടനാട്, ഇടയ്ക്കല്‍ ഗുഹ തുടങ്ങിയ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ പൂട്ടിയതും പ്രതിസന്ധി സൃഷ്ടിച്ചു.

ടൂറിസ്റ്റ് സ്‌പോട്ടുകളുടെ വിലക്ക് മാത്രമല്ല, ഫ്‌ളൈറ്റുകള്‍ റദ്ദാക്കപ്പെട്ടതും പ്രവാസികളുടെ യാത്രാ തടസ്സങ്ങളും മൂലം ടൂറിസ്റ്റ് ടാക്‌സി മേഖലയും മരവിപ്പിലായി. കൊച്ചിയില്‍ എത്തി ടൂറിസ്റ്റ് ടാക്‌സി, ഊബര്‍, ഓല തുടങ്ങിയവയുമായി വാഹനങ്ങള്‍ ബന്ധിപ്പിച്ച് ഉപജീവനം കണ്ടെത്തിയവരും കുടുങ്ങി. ഓട്ടോ, പെട്ടി ഓട്ടോറിക്ഷ, പിക്അപ് വാനുകള്‍ എന്നിവയെല്ലാം ഉപജീവനമാര്‍ഗം നിലച്ച് പ്രതിസന്ധിയിലായി. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡേ കെയര്‍ സ്ഥാപനങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ചെറു ക്ലിനിക്കുകള്‍, ജിം, യോഗ സെന്ററുകള്‍ തുടങ്ങിയവയില്‍ പകുതിയിലേറെയും പൂട്ടിയിട്ടിരിക്കുകയാണ്.

അന്യസംസ്ഥാന ലോറികള്‍ പച്ചക്കറികളുമായി എത്തുന്നതിനും വിലക്കുണ്ട്. എത്തിപ്പോയവര്‍ ലോഡ് അണ്‍ലോഡ് ചെയ്യാനാകാതെ നെട്ടോട്ടമോടുന്നു. ലോഡിംഗ് തൊഴിലാളികള്‍ക്കും കൊറിയര്‍ സ്ഥാപനങ്ങള്‍ക്കുമെല്ലാം എട്ടിന്റെ പണിയാണ് കൊറോണ നല്‍കിയിരിക്കുന്നത്. റെന്റ് എ കാര്‍, ഓട്ടോ പാര്‍ട്‌സസ് വില്‍പ്പന, കാര്‍ വാഷ്, സര്‍വീസിംഗ് തുടങ്ങിയ മേഖലയും സ്തംഭിച്ചു. മാത്രമല്ല ചൈനയില്‍ നിന്നുമാണ് ഇവര്‍ പ്രധാനമായും ഉപയോഗിച്ചിരുന്ന ആക്‌സസറികള്‍ വാങ്ങിയിരുന്നത്. അതു മുടങ്ങിയതോടെ ഇപ്പോള്‍ നിലവിലുള്ള സ്‌പെയര്‍ പാര്‍ട്‌സിന് 20 ശതമാനം വരെ വിലയുയര്‍ത്താന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഇത് പോലെ ഓരോ മേഖലയിലും. കേരളത്തിലെ എല്ലാത്തരം കച്ചവട സ്ഥാപനങ്ങളും ജിഎസ്ടി പോലുള്ളവ അടയ്ക്കാന്‍ പെടാ പാടു പെടുകയാണ്. ബിസിനസുകാര്‍ പറയുന്നത് കൊറോണ ഭീഷണി അകലുന്നതു വരെയെങ്കിലും ബിസിനസിന്റെ തകര്‍ച്ച മനസ്സിലാക്കി സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കണമെന്നാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലെ തന്നെ രൂക്ഷമാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുമേലുള്ള പരിഹാര മാര്‍ഗങ്ങളൊന്നും തന്നെ ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it