രാജ്യവളര്‍ച്ചയും ജനങ്ങളുടെ ശരാശരി പ്രായവും
കപ്പലില്‍ ക്യാപ്റ്റന്‍ ആയി ജോലി ചെയ്യുന്ന ഒരു ക്ലയ്ന്റ് എനിക്കുണ്ട്. ജോലിയുടെ വിവിധ വശങ്ങളെ കുറിച്ചും അനുഭവങ്ങളും അദ്ദേഹം എന്നോട് പതിവായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. കപ്പലിലെ നാല് മാസത്തെ നിരന്തര ജോലിക്ക് ശേഷം തിരിച്ചെത്തിയ അദ്ദേഹം എന്നെ വിളിച്ചു. ആ സമയത്തെ യാത്രയില്‍ അദ്ദേഹത്തിന്റെ കപ്പല്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ചൈനയിലെ ഷാങ്ഹായി പട്ടണത്തിന് അടുത്ത് കുറേ ദിവസം നങ്കൂരമിട്ടിരുന്നു.
ഈ കാലങ്ങളില്‍ ആ പട്ടണത്തിലൂടെയും ഉള്‍നാടുകളിലൂടെയും സഞ്ചരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു പ്രധാന കാര്യമുണ്ടായിരുന്നു. നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും സഞ്ചരിക്കുമ്പോള്‍ കണ്ടുമുട്ടുന്ന ആളുകളില്‍ ഭൂരിഭാഗവും മധ്യവയസ് കഴിഞ്ഞവരോ പ്രായമേറിയവരോ ആയിരുന്നു. മറ്റു വികസിത രാജ്യങ്ങളിലെ, പ്രത്യേകിച്ചും യൂറോപ്പിന്റെ നഗരാതിര്‍ത്തികളില്‍ ഇത് കാണുന്നത് വലിയ അത്ഭുതം ഉണ്ടാക്കാറില്ല. എന്നാല്‍ ചൈന പോലെയുള്ള ഒരു രാജ്യത്ത് അദ്ദേഹം ഇത് പ്രതീക്ഷിച്ചിരുന്നില്ല.
പിന്നീട് അതിനെ കുറിച്ചായി ഞങ്ങളുടെ ചര്‍ച്ച. ഒരു രാജ്യത്തിന്റെ പ്രായമെന്താണ്? പലപ്പോഴും ഒരു രാജ്യം രൂപീകരിക്കപ്പെട്ട വര്‍ഷം മുതല്‍ പിന്നീടുള്ള കാലം വരെ എന്ന അര്‍ത്ഥത്തിലാണ് ഇത് പൊതുവെ പറയുന്നത്. നമ്മുടെ പഠനത്തില്‍ ഇത് ജനസംഖ്യാപരമായ ശരാശരി പ്രായം ആയാണ് കാണേണ്ടത്.
ഡെമോഗ്രാഫിക് ഡിവിഡന്റ്
ഇന്ത്യയുടെ ഭാവി വികസനത്തിന് വളരെ അനുകൂലമായ ഒരു ഘടകം എന്ന നിലയില്‍ ഇപ്പോള്‍ പൊതുവില്‍ അംഗീകരിക്കപ്പെടുന്ന ഒന്നാണ് ഡെമോഗ്രാഫിക് ഡിവിഡന്റ് (ജനസംഖ്യാപരമായ ലാഭവിഹിതം). കൂടിയ ഉല്‍പ്പാദനക്ഷമത ഉള്ള ചെറുപ്പക്കാരോ മധ്യവയസ്‌കരോ കൂടുതലായി ഉണ്ടാകുന്ന രാജ്യങ്ങളില്‍ അതിന്റെ ഫലമായി അധികമായി ലഭിക്കുന്ന അഭിവൃദ്ധിയെയും നേട്ടത്തെയും ആണ് നാം ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഒരു രാജ്യം ഗ്രാമീണ-കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ നിന്നും നാഗരിക വ്യാവസായിക സമൂഹത്തിലേക്ക് മാറുമ്പോള്‍ ജനസംഖ്യാപരമായി വലിയ പരിവര്‍ത്തനം സംഭവിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം. അവികസിത സമൂഹങ്ങളില്‍ ജനന നിരക്കും മരണ നിരക്കും ഒരുപോലെ ഉയര്‍ന്നിരിക്കും. ഒരു രാജ്യം വികസനത്തിന്റെ (നാഗരിക വ്യാവസായിക അടിസ്ഥാനത്തില്‍) പ്രാരംഭഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ജനന നിരക്ക് പതുക്കെ കുറയാന്‍ തുടങ്ങുന്നു.
ഇതോടൊപ്പം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ആരോഗ്യ പരിപാലനവും കൂടെയാകുമ്പോള്‍ മരണ നിരക്കും കുറയാന്‍ തുടങ്ങും. ഇത് മൊത്തം ജനസംഖ്യയില്‍ പ്രവര്‍ത്തന ശേഷിയുള്ളവരുടെ അനുപാതത്തെ വര്‍ധിപ്പിക്കുന്നു. അത് അവരെ ആശ്രയിക്കുന്ന ജനസംഖ്യയേക്കാള്‍ വളരുമ്പോള്‍ ആളോഹരി വരുമാനം വേഗത്തില്‍ വളരുന്നു. ജനസംഖ്യാപരമായി പരിവര്‍ത്തനത്തിലൂടെ കടന്നുപോകുന്ന രാജ്യത്തിന് ലഭിക്കുന്ന ആദ്യത്തെ ലാഭവിഹിതമാണിത്.
ഉയര്‍ന്ന വികസനം നേടിക്കഴിഞ്ഞാല്‍ ഇത് രാജ്യങ്ങളുടെ ശരാശരി പ്രായത്തെ വര്‍ധിപ്പിക്കുന്നതായി കാണാം. യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാന്‍, റഷ്യ തുടങ്ങിയ വികസിത രാജ്യങ്ങളിലും ഇത് കാണുന്നു (ടേബിള്‍ കാണുക). എന്നാല്‍ ഭരണകൂട ഇടപെടലുകള്‍ കൊണ്ടും മറ്റു സാഹചര്യങ്ങളാലും ജനന നിരക്ക് വല്ലാതെ കുറയുന്ന രാജ്യങ്ങളില്‍ സമ്പദ്വ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും.
കേരളം മുന്നില്‍, പക്ഷേ...
തുടക്കത്തില്‍ സൂചിപ്പിച്ച ചൈനയിലെ ഉദാഹരണം ഇവിടെ വളരെ പ്രസക്തമാണ്. ആ രാജ്യം പൂര്‍ണ വികസനത്തിലേക്ക് എത്തുന്നതിന് മുമ്പേ ശരാശരി പ്രായം വര്‍ധിച്ചു. ഭരണകൂട നിയന്ത്രണങ്ങള്‍ അസഹ്യമാകുന്നതിനെ തുടര്‍ന്ന് ചെറുപ്പക്കാര്‍ രാജ്യം വിട്ട് പോകുമ്പോള്‍ വഴിയില്‍ കാണുന്നവരെല്ലാം പ്രായമേറിയവര്‍ ആയിരിക്കും. ഇന്ത്യയുടെ ശരാശരി പ്രായമായ 29.5നോട് താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റേത് 37.7 ആണ് എന്നത് ഇതിനോട് ചേര്‍ത്തുവായിക്കാം.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം വികസനത്തില്‍ മുന്നിലാണ്. എന്നാലും ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം എത്രയോ പുറകിലാണ് എന്നതാണ് വസ്തുത. ഇത് മനസിലാക്കി വികസനത്തില്‍ ഊന്നുന്ന നയപരിപാടികളിലൂടെ നിക്ഷേപ സൗഹാര്‍ദപരമായ ഒരു അന്തരീക്ഷം ഉടനെ നമുക്ക് സൃഷ്ടിച്ചെടുക്കണം. ചെറുപ്പക്കാരെ നാട്ടില്‍ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ കൂടി ചെയ്യാനായാല്‍ വികസനത്തിനു മുമ്പേ വയസാകുന്ന ഒരു സമൂഹമായി നമുക്കു മാറാതിരിക്കാം.